Connect with us

Kerala

കടമ്മനിട്ട ഗവ. എച്ച് എസ് എസിലെ കെട്ടിടം തകര്‍ന്നുവീണു; രാത്രിയായതിനാല്‍ ദുരന്തം ഒഴിവായി

കെട്ടിടം മൂന്നുവര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. കെട്ടിടം പൊളിച്ചു മാറ്റാനുള്ള നടപടി ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് അപകടം.

Published

|

Last Updated

പത്തനംതിട്ട | വര്‍ഷങ്ങള്‍ പഴക്കമുള്ള കടമ്മനിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെട്ടിടം തകര്‍ന്നു വീണു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം എന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടാവസ്ഥയിലായതിനാല്‍ കെട്ടിടം മൂന്നുവര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. കെട്ടിടം പൊളിച്ചു മാറ്റാനുള്ള നടപടി ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് അപകടം.

സ്‌കൂളിന്റെ തുടക്കത്തില്‍ നിര്‍മിച്ച, ഏകദേശം 80 വര്‍ഷത്തോളം പഴക്കമുള്ള ഓടിട്ട കെട്ടിടമാണിത്. കെട്ടിടത്തിലെ രണ്ട് മുറികള്‍ പൂര്‍ണമായി തകര്‍ന്നു. കനത്ത മഴയത്താണ് കെട്ടിടം നിലംപൊത്തിയത്. ഇതിനു സമീപത്തെ ഗ്രൗണ്ടിലാണ് കുട്ടികള്‍ കളിക്കാറുള്ളത്. വിശ്രമിക്കാന്‍ കുട്ടികള്‍ പകല്‍ സമയത്ത് ഈ കെട്ടിടത്തിനുള്ളില്‍ കയറി നില്‍ക്കാറുമുണ്ടായിരുന്നു. അപകട നിലയിലായ കെട്ടിടം പൊളിച്ചുമാറ്റി സ്ഥലത്ത് മിനി സ്‌റ്റേഡിയം നിര്‍മിക്കാന്‍ മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍ ഉള്‍പ്പെടെ നാട്ടുകാര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ നടന്നുവരുന്നതായി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍ ശ്രീലത പറഞ്ഞു. ഈ മാസം 28 നാണ് ലേലംവെച്ചിരിക്കുന്നത്. ഒമ്പതുലക്ഷം രൂപയാണ് ലേല തുക.

1997 ല്‍ ഹയര്‍സെക്കന്റി വിഭാഗം ആരംഭിച്ചത് മുതല്‍ തകര്‍ന്ന കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എട്ട് ബാച്ചുകളും ലാബും ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് 2002 ലാണ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്. മൊത്തം 400 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഏതു സമയവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലായതിനാല്‍ ആരും പഴയ കെട്ടിടത്തിലേക്ക് പോകരുതെന്ന് അധ്യാപകര്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, രാത്രി സമയങ്ങളില്‍ ഇവിടെ സാമൂഹിക വിരുദ്ധര്‍ തമ്പടിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവമറിഞ്ഞ് വില്ലേജ്, പോലീസ്, വിദ്യാഭ്യാസ അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി.

 

Latest