local body election 2025
എളങ്കൂരില്‍ സഹോദര ഭാര്യമാര്‍ അങ്കത്തിന്
രണ്ട് പേരും ഒരേ കുടുംബത്തിലെ മരുമക്കളാണെന്നതാണ് വ്യത്യസ്തത.
മഞ്ചേരി | തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് മൈലൂത്ത് ഡിവിഷനില്‍ മത്സരിക്കുന്നത് സജ്‌ന മോളാണ്. സജ്‌നക്കിത് കന്നി മത്സരമാണെങ്കിലും തിരഞ്ഞെടുപ്പിന്റെ സൂത്രവാക്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ തൊട്ടടുത്ത വാര്‍ഡായ പേലേപ്പുറത്ത് നിന്ന് ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന പി റജുല എന്ന വനിതാ ലീഗ് നേതാവുണ്ട്.
രണ്ട് പേരും ഒരേ കുടുംബത്തിലെ മരുമക്കളാണെന്നതാണ് വ്യത്യസ്തത. എളങ്കൂര്‍ ആലുങ്ങല്‍ സ്വദേശികളായ സഹോദരന്മാരുടെ ഭാര്യമാരാണ് ഇരുവരും. കുട്ടശ്ശേരി ഉസ്മാന്റെ ഭാര്യയായ റജുല ഒരു തവണ കുട്ടശ്ശേരി വാര്‍ഡില്‍ നിന്ന് മത്സരിച്ച് വിജയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. പുറമേ, മേഖലയില്‍ വനിതാ ലീഗിന്റെ നേതൃനിരയിൽ പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്നു.
ഐക്യ ജനാധിപത്യ മുന്നണിക്കായി മത്സരിക്കുന്ന സജ്‌ന മോളുടെ ചിഹ്നം കൈപ്പത്തിയും സ്വതന്ത്രയായ റജുലയുടേത് കുടയുമാണ്. ഉസ്മാന്റെ സഹോദരനും മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ സിദ്ദീഖ് കുട്ടശ്ശേരിയുടെ ഭാര്യയാണ് സജ്‌ന. ഇരുവരെയും മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള പ്രയത്‌നത്തിലാണ് യു ഡി എഫ് പ്രവര്‍ത്തകര്‍.


