Connect with us

British immigration

ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കര്‍ശന നീക്കങ്ങളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്

കുടുംബാംഗത്തിന്റെ വിസ സ്പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാന പരിധിയില്‍ 55 ശതമാനത്തിലധികം വര്‍ധന ഏര്‍പ്പെടുത്തി

Published

|

Last Updated

ലണ്ടന്‍ | ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കര്‍ശന നീക്കങ്ങളുമായി ബ്രിട്ടന്‍. കുടുംബാംഗത്തിന്റെ വിസ സ്പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാന പരിധിയില്‍ 55 ശതമാനത്തിലധികം വര്‍ധന ഏര്‍പ്പെടുത്തിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പ്രഖ്യപിച്ചു. വരുമാനപരിധി 18,600 പൗണ്ടില്‍ നിന്ന് 29,000 പൗണ്ടായാണ് ഉയര്‍ത്തിയത്. അടുത്ത വര്‍ഷമാകുമ്പോഴേക്കും ഇത് 38,700 പൗണ്ടായി ഉയര്‍ത്തിയേക്കും.

ഇന്ത്യയില്‍ നിന്നുള്ളവരുടെ കുടിയേറ്റം നിയന്ത്രിക്കുകയാണ് പുതിയ നടപടികളുടെ പ്രധാന ലക്ഷ്യം എന്നാണു കരുതുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ നിന്ന് യു കെയിലേക്ക് കുടിയേറിയ പകുതിയോളം പേരുടേയും മാസവരുമാനം 39,000 പൗണ്ടില്‍ താഴെയാണ്. നിലവില്‍ 29,000 പൗണ്ടിന് താഴെ വരുമാനമുള്ളവര്‍ക്ക് കുടുംബാംഗത്തെ സ്പോണ്‍സര്‍ ചെയ്യാനാകില്ല. ബ്രിട്ടണിലേക്ക് കുടിയേറുന്ന യൂറോപ്യന്‍ യൂണിയന്‍ ഇതര യുവാക്കളില്‍ കൂടുതല്‍ പേരും ഇന്ത്യയില്‍ നിന്ന് വരുന്നവരാണ്. അവരില്‍ വലിയൊരു ശതമാനം പേരും ഉന്നത പഠനത്തിനായാണ് യു കെയിലേക്ക് കുടിയേറുന്നത്. 2023 മെയ് മാസത്തില്‍ സ്റ്റുഡന്റ് വിസയിലും യു കെ ഭരണകൂടം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

കുടിയേറ്റം കുറയ്ക്കുന്നതിന്റേയും ഭാഗമായാണ് റിഷി സുനകിന്റെ പുതിയ പരിഷ്‌കരണം. ഈ വര്‍ഷം യു കെയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് ഈ നടപടികള്‍. കുടുംബാംഗങ്ങള്‍ക്കൊപ്പം യു കെയിലെത്തുന്ന ഡിപ്പെന്റന്റുകള്‍ ആകെ ഡിപ്പന്റന്റുകളുടെ എണ്ണത്തിന്റെ 38 ശതമാനം വരുമെന്നാണ് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. വരുമാനപരിധിയില്‍ വളരെപ്പെട്ടെന്ന് ഇത്രയും വലിയ വ്യത്യാസം വരുന്നത് ഇന്ത്യയില്‍ നിന്ന് യു കെയിലേക്ക് കുടിയേറുന്നവര്‍ക്ക് വലിയ തിരിച്ചടിയാകും.

 

 

Latest