Kerala
ബ്രിട്ടീഷ് ലൈബ്രറി പ്രതിനിധികള്‍ മലൈബാര്‍ ലൈബ്രറി സന്ദര്‍ശിച്ചു
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു

നോളജ് സിറ്റി | ലോക പ്രസിദ്ധമായ ബ്രിട്ടീഷ് ലൈബ്രറി പ്രതിനിധികള്‍ മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ റെയര്‍ ബുക് ആന്‍ഡ് മനുസ്‌ക്രിപ്ട് ലൈബ്രറി സന്ദര്‍ശിച്ചു. ബ്രിട്ടീഷ് ലൈബ്രറിയുടെ സൗത്ത് ഏഷ്യന്‍ കളക്ഷന്‍ മേധാവി ഡോ. അറാനി ഇളംകുബേരന്‍, നോര്‍ത്ത് ഇന്ത്യന്‍ കളക്ഷന്‍ മേധാവി ഡോ. മറീന ചെല്ലിനി, സംസ്‌കൃത കളക്ഷന്‍ മേധാവി ഡോ. പാസ്‌ക്വാലെ മന്‍സോ എന്നിവരാണ് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചത്.
കേരള മുസ്ലിം ചരിത്രത്തിലേക്ക് വെളിച്ചം നല്‍കുന്ന അപൂര്‍വമായ നിരവധി കൈയ്യെഴുത്ത് പ്രതികള്‍, പ്രമുഖ വ്യക്തികളുടെ കത്തുകള്‍, അമൂല്യമായ ഗ്രന്ഥങ്ങള്‍, ഫോട്ടോകള്‍, പത്രങ്ങള്‍, മാസികകള്‍, പഴയകാല അച്ചടി രൂപങ്ങള്‍ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ചതാണ് മലൈബാര്‍ ലൈബ്രറിയില്‍ ഉള്ളത്. നേരത്തെ, യു.കെയിലെ ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേത്രത്വത്തിലുള്ള ഉന്നത സംഘം സന്ദര്‍ശിക്കുകയും മലാബാര്‍ കേന്ദ്രീകരിച്ചുള്ള ശേഖരങ്ങളുടെ സംരക്ഷണം ഇരുകൂട്ടരുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതികള്‍ ചര്‍ച്ച ചെയ്തിരുന്നു.
2021ല്‍ ആരംഭിച്ച മലൈബാറിന്റെ ലൈബ്രറി ഇതിനോടകം വിവിധ വിദേശ സര്‍വ്വകലാശാലകളില്‍ ഗവേഷണങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥികളും, പണ്ഡിതരും, ഗവേഷകരും ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ മുസ്ലിം വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ ശേഖരിച്ച് വെച്ച മലൈബാര്‍ ലൈബ്രറിയിലേക്ക് വഖഫ് മുഖേനയാണ് സ്വീകരിക്കുന്നത്. ഇതിനകം നിരവധി കുടുംബങ്ങളും വ്യക്തികളും വിവിധ സ്ഥാപനങ്ങളും അവരുടെ ശേഖരങ്ങള്‍ സൂക്ഷിക്കാന്‍ മലൈബാറിനെ ഏല്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ അമേരിക്കയിലെ ഹില്‍ മ്യൂസിയം ആന്‍ഡ് മനുസ്‌ക്രിപ്ട് ലൈബ്രറിയുമായി സഹകരിച്ച് അതിപുരാതനമായ കൈയ്യെഴുത്ത് ഗ്രന്ഥങ്ങള്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
നശിച്ച് പോകാന്‍ സാധ്യതയുള്ള അമൂല്യ ശേഖരങ്ങള്‍ സംരക്ഷിക്കുക, ലോകത്തെമ്പാടുമുള്ള പണ്ഡിതന്മാര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അമൂല്യമായ ശേഖരങ്ങള്‍ സൗജന്യമായി എത്തിച്ച് നല്‍കുക തുടങ്ങിയ പദ്ധതിയാണ് മലൈബാര്‍ ലക്ഷ്യമിടുന്നത്.