Connect with us

brahmapuram fire

ബ്രഹ്മപുരം: ദൗത്യം അന്തിമഘട്ടത്തിലേക്ക്

പുക ശമിച്ചാലും അഗ്നിരക്ഷാ സേനയുടെ സേവനം തുടരും

Published

|

Last Updated

കൊച്ചി | ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക ശമിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ 95 ശതമാനത്തിലധികം പൂർത്തിയായി. ചതുപ്പായ പ്രദേശം ഒഴികെയുള്ള മേഖലകളിൽ തീയും പുകയും പൂർണമായി ശമിച്ചിട്ടുണ്ട്. ഏറ്റവുമധികം പുക ഉയർന്ന സെക്ടർ ആറ്, ഏഴ് ഉൾപ്പെടെയുള്ള മാലിന്യക്കൂമ്പാരത്തിലെ പുകയണയ്ക്കാൻ കഴിഞ്ഞുവെന്ന് ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. തീപ്പിടിക്കാൻ സാധ്യതയുള്ള വാതകങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇനിയും ചെറിയ തോതിൽ തീപ്പിടിത്തത്തിന് സാധ്യതയുണ്ടെന്ന് കലക്ടർ പറഞ്ഞു. ഈ സാഹചര്യം നേരിടാൻ പ്രത്യേക കർമ പദ്ധതി തയ്യാറാക്കും. പുക പൂർണമായും ശമിപ്പിച്ചാലും അഗ്നിരക്ഷാ സേനയുടെ സേവനം തുടരും.

പുക ശമിപ്പിക്കുന്നതിന് രാപകൽ ഭേദമന്യേ ഊർജിതമായ ശ്രമങ്ങളാണ് നടത്തുന്നത്. മാലിന്യ പ്ലാന്റ് പ്രദേശത്ത് അസ്‌ക ലൈറ്റുകൾ വിന്യസിച്ച് രാത്രിയിലും നടത്തിയ നിതാന്ത പരിശ്രമമാണ് പുക നിയന്ത്രണം ഫലവത്താക്കുന്നത്. ഫയർ ടെൻഡറുകൾ നേരിട്ട് എത്തിക്കാനാകാത്തതാണ് ചതുപ്പു മേഖലയിൽ നേരിട്ട പ്രശ്‌നം. കടമ്പ്രയാറിൽ നിന്ന് ഉയർന്ന ശേഷിയുള്ള പമ്പുകൾ ഉപയോഗിച്ച് ഉന്നത മർദത്തിൽ വെള്ളം പമ്പ് ചെയ്താണ് ഇതിന് പരിഹാരം കണ്ടെത്തിയത്. മിനുട്ടിൽ നാലായിരം ലിറ്റർ വെള്ളമാണ് ഇത്തരത്തിൽ പമ്പ് ചെയ്യുന്നത്. ഫയർ ടെൻഡറുകൾ എത്തിക്കാനാകാത്ത മറ്റ് കൂനകളിലേക്കും വെള്ളമെത്തിക്കാൻ പമ്പ് ഉപയോഗിക്കുന്നു.
തീ അണച്ച കൂനകളിൽ ചെറിയ രീതിയിൽ പോലും പുക ഉയരുന്നുണ്ടെങ്കിൽ കണ്ടെത്താൻ പട്രോളിംഗ് സംഘവും രംഗത്തുണ്ട്. മാലിന്യക്കൂനയിലെ കനലുകൾ കണ്ടെത്തുന്നതിന് തെർമൽ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും.

വായു നിലവാരം മെച്ചപ്പെട്ടു

പുകയണയ്ക്കൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ പുകയുടെ അളവിൽ ഗണ്യമായ കുറവുവന്നത് അന്തരീക്ഷത്തിലും പ്രതിഫലിക്കുന്നതായി അധികൃതർ വ്യക്തമാക്കി. വായു നിലവാരം മെച്ചപ്പെട്ടതായി മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. കലക്ടറുടെ നേതൃത്വത്തിൽ 24 മണിക്കൂറും ഷിഫ്റ്റുകളായാണ് പ്രവർത്തനം. ഇരുനൂറ് അഗ്നിശമന സേനാംഗങ്ങൾക്ക് പുറമെ കോർപറേഷൻ ജീവനക്കാർ, പോലീസുകാർ, നാവികസേനാ ഉദ്യോഗസ്ഥർ തുടങ്ങിയവർ ദൗത്യരംഗത്തുണ്ട്.