Connect with us

Kerala

നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി; മൂന്നു ദിവസത്തെ പഴക്കം, യുവതി നിരീക്ഷണത്തില്‍

ചികിത്സ തേടി ചെങ്ങന്നൂര്‍ നഴ്സിങ് ഹോമില്‍ ചെന്ന അവിവാഹിതയില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ച് ഇലവുംതിട്ട പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

പത്തനംതിട്ട | നവജാതശിശുവിന്റെ മൂന്നു ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തി. പെണ്‍കുഞ്ഞിന്റേതാണ് മൃതദേഹം. സംഭവത്തില്‍ അവിവാഹിതയായ ഒരു യുവതിയെ പോലീസ് നിരീക്ഷിച്ചു വരികയാണ്. മെഴുവേലി ആലക്കോട് കനാലിന് സമീപമുള്ള പറമ്പില്‍ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. ചികിത്സ തേടി ചെങ്ങന്നൂരിലെ നഴ്സിങ് ഹോമില്‍ ചെന്ന അവിവാഹിതയില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ച് ഇലവുംതിട്ട പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് പുരോഗമിക്കുകയാണ്.

21 വയസ്സുകാരിയാണ് വീട്ടില്‍ പ്രസവിച്ചത്. വീട്ടില്‍ പ്രസവിച്ചതിന്റെ അസ്വസ്ഥത കാരണം യുവതി ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. യുവതി പ്രസവിച്ചതാണെന്ന് മനസിലാക്കിയതോടെ ആശുപത്രി അധികൃതര്‍ ഇവിടെ പ്രവേശിപ്പിക്കാതെ പറഞ്ഞുവിട്ടു. തുടര്‍ന്നാണ് ചെങ്ങന്നൂര്‍ അങ്ങാടിക്കലിലുള്ള ഉഷ നഴ്‌സിങ് ഹോമില്‍ എത്തിയത്. യുവതി പ്രസവിച്ചതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ അവശേഷിച്ചിരുന്നതിനാല്‍ കുഞ്ഞ് എവിടെ എന്ന് ഡോക്ടര്‍ തിരക്കി. യുവതി വ്യക്തമായ മറുപടി നല്‍കാതിരുന്നപ്പോള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതനുസരിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത പറമ്പില്‍ പുല്ലിനിടയില്‍ കിടക്കുന്ന നിലയില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി വരികയാണ്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കുഞ്ഞിന്റെ മരണം എങ്ങനെയാണെന്ന് അറിയാന്‍ കഴിയൂ. ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് കൃഷ്ണണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Latest