Connect with us

Prathivaram

കോട്ടച്ചുമരിലെ ചോരപ്പാടുകൾ

കോട്ടയിൽ നിന്നുള്ള മറ്റു ദൃശ്യം അറക്കൽ കൊട്ടാരവും മാപ്പിളബേയും വാസ്തു കലകൊണ്ട് ശ്രദ്ധേയമായ മുഹ്്യിദ്ദീൻ പള്ളിയുമാണ്. കൊടി മരം കടന്നാൽ നിലവറകളും ഡച്ചുകാർ പണിത മനോഹരമായ കുതിരലായവും സൈനിക താവളങ്ങളും. നീണ്ടുപോകുന്ന ഇടനാഴികളുടെ ഇരു വശവും പട്ടാളക്കാർ താമസിച്ചിരുന്ന ഗൃഹതുല്യമായ മുറികളുമാണ്.

Published

|

Last Updated

ഇത് മൂന്ന് അധിനിവേശ ശക്തികളുടെയും രണ്ട് മുസ്്ലിം ഭരണാധികാരികളുടെയും കൈയൊപ്പ് ചാർത്തിയ കണ്ണൂർ കോട്ട. കടലിന്റെയും കച്ചവടത്തിന്റെയും ആധിപത്യം കൈക്കലാക്കാൻ കാപ്പാട് കടപ്പുറത്ത് കപ്പലിറങ്ങിയ പറങ്കിപ്പട പണിയിച്ചതാണ് കണ്ണൂർ കോട്ട. പറങ്കികൾ കോട്ട പണിതുടങ്ങിയത് പ്രധാനമായും മാപ്പിളമാരെ തളയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. മലയാളത്തിലെ ആദ്യ ചരിത്ര ഗ്രന്ഥമായ ഹെർമൻ ഗുണ്ടർട്ടിന്റെ “കേരള പഴമ’യിൽ കണ്ണൂർ കോട്ടയുടെ നിർമാണത്തെ കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്.

“കരക്കിറങ്ങും മുമ്പേ അൽമേദ ( പോർച്ചുഗീസ് വൈസ്രോയി ) നരസിംഹരായുടെ ( കോലത്തിരി ) മന്ത്രിയെ കണ്ട് പിന്നെ കോലത്തിരിയെ കടപ്പുറത്തുള്ള പാലത്തിൻ മീതെ വെള്ളയും പട്ടും വിരിച്ച വഴിക്കൽ കണ്ടു കാഴ്ചവെച്ചു. കോട്ട കെട്ടുവാൻ സമ്മതം ചോദിച്ചു. മാപ്പിളമാരെ അടക്കുവാൻ ഇതുതന്നെ വഴി എന്നു ബോധം വരുത്തി അന്നുതന്നെ അക്ത 23 (ഒക്ടോ. 23 ) കോട്ടയുടെ പണി തുടങ്ങുകയും ചെയ്തു. അതിനു രാജാവ് പണിക്കാരെ കൊടുത്തു ‘

തങ്ങളുടെ ലക്ഷ്യത്തിനു മുസ്്ലിംകൾ തടസ്സമാണെന്ന ധാരണയിൽ പറങ്കികൾ മുസ്്ലിംകൾക്കെതിരെ നടത്തിയ ക്രൂരതകൾക്ക് ചരിത്ര കൃതികൾ സാക്ഷ്യമാണ്. ആ ക്രൂരതകളുടെ നിത്യ സ്മാരകമാണ് കണ്ണൂർ കോട്ട. മാപ്പിളമാരെ പിടികൂടി കോട്ടയിൽ കൊണ്ടുപോയി പീരങ്കികൾക്കു മുമ്പിൽ കെട്ടിയിട്ടു കൊലപ്പെടുത്തി. പീരങ്കിയിൽ നിന്നു വെടിയേറ്റു ചിന്നിച്ചിതറിയ മാംസക്കഷ്ണങ്ങൾ പെറുക്കിയെടുത്ത് ജനങ്ങളിൽ ഭീതി പടർത്തുന്നതിനായി അവ മുസ്്്ലിം ഭൂരിപക്ഷ പ്രദേശമായ കണ്ണൂർ സിറ്റിയിലെ തെരുവുകളിൽ വിതറി. ഗുജറാത്ത് കടലിടുക്കിൽ നിന്നു പിടികൂടിയ തുർക്കിയിൽ നിന്നും ഈജിപ്തിൽ നിന്നുമുള്ള മുസ്്ലിം കച്ചവടക്കാരെ കോട്ടയിൽ കൊണ്ടുവന്നു വെടിവെച്ചു കൊന്നു . നാട്ടുകാരും അറബികളുമായ കച്ചവടക്കാരും അല്ലാത്തവരുമായ നൂറുകണക്കിന് പേരുടെ രക്തം കൊണ്ടു ചുവന്നതാണ് കോട്ടയുടെ മണ്ണും മതിലുകളും.

കേരളതീരത്ത് വിദേശി നിർമിച്ച ആദ്യ കോട്ടയാണ്. ഇവയുടെ നിർമാണം തുടങ്ങിയത് പോർച്ചുഗീസ് വൈസ്രോയി ഡോൺ ഫ്രാൻസിസ് കോ ഡി അൽമേദയാണ്. വാസ് കോ ഡിഗാമ തറക്കല്ലിട്ടു. കോട്ടക്ക് സെന്റ് ആഞ്ചലോസ് ഫോർട്ട് എന്നു പേരിട്ടു. കിഴക്ക് കടലിൽ തള്ളിനിൽക്കുന്ന തീരത്ത്, കടലിനഭിമുഖമായി പതിനെട്ട് ഏക്കർ ഭൂമിയാണ് കോട്ടക്കായി കണ്ടെത്തിയത്. കച്ചവടത്തിന്റെ പേര് പറഞ്ഞു രാജ്യം കൈപ്പിടിയിലാക്കാൻ വന്ന പറങ്കികളോട് സാമൂതിരി മുഖം തിരിച്ചപ്പോൾ അവരെ ഇരുകൈകളും നീട്ടി സ്വീകരിച്ച കോലത്തിരി പറങ്കികൾക്ക് സമ്മാനിച്ചതാണ് ഈ പതിനെട്ട് ഏക്കർ ഭൂമി.
പോർച്ചുഗീസ് വാസ്തുവിദ്യയുടെ അപൂർവ ചാരുത ഓരോ ദർശനത്തിലും കോട്ടയിൽ ദൃശ്യമാണ്. കടലിൽ നിന്നു നാൽപ്പതടി ഉയരത്തിൽ, ത്രികോണാകൃതിയിൽ രണ്ടുഭാഗം കടലിനോടും ഒരു ഭാഗം കരയോടും ചേർന്നാണ് കോട്ടയുടെ നിൽപ്പ്. കരയോട് ചേർന്ന ഭാഗത്ത് കോട്ടക്ക് ചുറ്റും ആഴമേറിയ കിടങ്ങുകളുണ്ട്. ഇവ ചീങ്കണ്ണികളെ വളർത്താൻ പണിതതാണ്. തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ പിടികൂടി ചീങ്കണ്ണികൾക്ക് എറിഞ്ഞുകൊടുക്കുന്നതായിരുന്നു പറങ്കികളുടെ ശിക്ഷാരീതികളിൽ ഒന്ന്.
അഞ്ച് നൂറ്റാണ്ടുകളുടെ സാന്ദ്ര സ്മരണകളുമായി ഇന്നും തലയുയർത്തി നിൽക്കുന്ന ഈ കോട്ടക്ക് പറയാനുള്ളത് ഏറെയും ചോരപ്പാടുകളുടെ ഭീതിപ്പെടുത്തുന്ന കഥകളാണ്. വാർധക്യം ബാധിച്ച് ഇലകൾ കൊഴിഞ്ഞ, കോട്ടക്കുള്ളിലെ ചവോക്ക് മരങ്ങൾ, സന്ദർശകരുടെ മനസ്സിൽ പൂർവകാല സ്മരണകൾ ഉണർത്താതിരിക്കില്ല. പൗരാണികത മണക്കുന്ന ഇരുണ്ട കോട്ടമുറികൾ പറങ്കികളുടെ ക്രൂരതകളുടെ സ്മാരകങ്ങൾ കൂടിയാണ്. നാട്ടുകാരോടു മാത്രമല്ല കോട്ടയിൽ വെച്ചു പറങ്കികൾ പരസ്പരം കടിച്ചു കീറിയതിന്റെ രേഖകളും ലഭ്യമാണ്. ശത്രുതമൂലം അൽമോദ തടവുകാരനായി പിടിച്ച പോർച്ചുഗൽ വൈസ്രോയി അൽബുക്കർ മരണം കാത്തുകിടന്നത് ആ ഇരുണ്ട നിലവറയിലായിരുന്നു . അറക്കലിന്റെ പടനായകനായിരുന്ന ബലിയ ഹസ്സനെ തൂക്കിലേറ്റി നാട്ടുകാർക്കു മുമ്പിൽ പ്രദർശിപ്പിച്ചതും ഗോവയിൽ വെച്ചു ഗളഛേദം നടത്തി കൊണ്ടു വന്ന കുഞ്ഞാലിമരക്കാരുടെ തല ഉപ്പിലിട്ടു പ്രദർശിപ്പിച്ചതും ഈ കോട്ടയിലായിരുന്നു.

ഫോർട്ട് സെന്റ്ആഞ്ചലൊയെന്ന ലിഖിതം രേഖപ്പെടുത്തിയ കിഴക്കെ കോട്ടവാതിൽ കടന്നാൽ വിശാലമായ നടുമുറ്റമായി. മുപ്പതടിയിലേറെ ഉയരമുള്ള കോട്ടമതിൽ, ചുറ്റും നാൽപ്പതടി താഴ്ചയിൽ കടൽ വെള്ളം കയറിയിറങ്ങുന്ന കിടങ്ങ്, പട്ടാള താവളങ്ങൾ, കുതിരലായം, കോട്ടമതിലിലെ പീരങ്കിത്തറകൾ, അവക്കു മുകളിൽ ഇനിയൊരിക്കലും കോട്ട പിടിച്ചെടുക്കാൻ വരാനിടയില്ലാത്ത ശത്രുക്കൾക്കായി കാത്തുവെച്ച പീരങ്കികൾ, നടുത്തളത്തിൽ നിന്നു ചെരിച്ചു കെട്ടിയ വഴിയിലൂടെ കയറിച്ചെന്നാൽ വെളിച്ചം തെളിയുന്ന കൊടിമരം, അമ്പതടി ഉയരമുള്ള ഈ കൊടിമരത്തിൽ കയറി നിന്നാൽ മൂന്ന് വശവും കണ്ണെത്താ ദൂരത്തിൽ അറബിക്കടൽ കാണാം. കോട്ടയിൽ നിന്നുള്ള മറ്റു ദൃശ്യം അറക്കൽ കൊട്ടാരവും മാപ്പിളബേയും വാസ്തു കലകൊണ്ട് ശ്രദ്ധേയമായ മുഹ്്യിദ്ദീൻ പള്ളിയുമാണ്. കൊടി മരം കടന്നാൽ നിലവറകളും ഡച്ചുകാർ പണിത മനോഹരമായ കുതിരലായവും സൈനിക താവളങ്ങളും. നീണ്ടുപോകുന്ന ഇടനാഴികളുടെ ഇരു വശവും പട്ടാളക്കാർ താമസിച്ചിരുന്ന ഗൃഹതുല്യമായ മുറികളുമാണ്. ഇയ്യിടെ കോട്ടക്കുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തവെ കുഴിച്ചിട്ട നിലയിൽ മൂവായിരത്തോളം ബോംബുകൾ ഭൂമിക്കടിയിൽ നിന്നു കണ്ടെടുക്കുകയുണ്ടായി. ആ ബോംബുകൾ സൂക്ഷിച്ചിരിക്കുന്നത് ഈ മുറികളിലൊന്നിലാണ്.

പറങ്കികൾ തമ്മിലുണ്ടായ അധികാര വടംവലിയിൽ ഫ്രാൻസിസ്ക്കൊ, അൽബുക്കറിനേയും ബലിയ ഹസ്സനേയും തടവിലിട്ട നിലവറകളും പറങ്കികളുടെ ഭീകരതയുടെ അടയാളങ്ങളായി നിൽപ്പുണ്ട്. വാസ്കോഡി ഗാമയുടെ മരണ ശേഷം ഗവർണറായ ഹെൻറിക് മൈനസ് നടത്തിയ കൊടുംക്രൂരതയുടെ രക്തപ്പാടുകളുടെ കഥകളും ഈ കോട്ടച്ചുമരുകൾക്ക് പറയാനുണ്ട്.
1505 ഒക്്ടോബർ 23ന് കോട്ടയുടെ നിർമാണം ആരംഭിച്ചു. അതിനിടെ 1507ൽ പണിനടന്നുകൊണ്ടിരിക്കുന്ന കോട്ടയോടു സമീപം ചേർന്നു പോവുകയായിരുന്ന ചരക്കുകപ്പൽ പറങ്കിപ്പട തടഞ്ഞുവെച്ചു. കപ്പൽ അറക്കൽ രാജവിന്റെതായിരുന്നു. കടലിന്റെയും കച്ചവടത്തിന്റെയും അവകാശം തങ്ങൾക്ക് മാത്രമാണെന്ന് സ്വയം പ്രഖ്യാപിച്ച പറങ്കികൾ കപ്പൽ പിടിച്ചെടുത്ത് കപ്പലിലുണ്ടായിരുന്ന മുസ്്ലിംകളെ ക്രൂരമായി അക്രമിച്ചു കയറ്റു പായയിൽ കെട്ടി കടലിൽ തള്ളി കൊലപ്പെടുത്തി. മയ്യിത്തുകൾ കണ്ണൂർ സിറ്റിയുടെ തീരത്തണഞ്ഞു. സംഭവമറിഞ്ഞ കണ്ണൂർ സിറ്റിയിലെ മുസ്്ലിംകൾ പറങ്കികൾക്കെതിരെ പോരിനൊരുങ്ങി. ഇതറിഞ്ഞ കോലത്തിരിയുടെയും സാമൂതിരിയുടെയും സൈനികർ കോട്ട വളഞ്ഞു അറക്കലിന്റെ സൈനികരും നാട്ടുകാരും അവരോടൊപ്പം ചേർന്നു. പോർച്ചുഗീസ് സൈന്യത്തിന് നേരെ കേരളം നടത്തിയ ഏറ്റവും വലിയ ചെറുത്തു നിൽപ്പായിരുന്നു അത്.

മുസ്്ലിംകളുടെ മനസ്സിൽ പറങ്കികളോട് വിദ്വേഷം പതഞ്ഞുപൊങ്ങുന്ന കാലംകൂടിയായിരുന്നു അന്ന്. കടൽക്കൊള്ള നടത്തിയും കൊന്നും ഒാടിച്ചും പറങ്കി കപ്പൽ ഗാമയുടെ നേതൃത്വത്തിൽ ഏഴിമല ലക്ഷ്യമാക്കി നീങ്ങവെ 1502 സെപ്തംബറിൽ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പ് കൊടിമരത്തിനു കേടു പറ്റിയതിനാൽ കപ്പൽ മാടായിക്കടുത്തു നങ്കൂരമിട്ടു. ഇതിനിടെ അതുവഴി കടന്നു പോവുകയായിരുന്ന കൂറ്റൻ കപ്പൽ പറങ്കികളുടെ ശ്രദ്ധയിൽ പെട്ടു. പ്രസ്തുത കപ്പലിലുണ്ടായിരുന്നത് ഹജ്ജ് കഴിഞ്ഞു മടങ്ങുകയായിരുന്ന തീർഥാടകരായിരുന്നു. സാമൂതിരിയുടെ വ്യാപാര പ്രമുഖനായ ഖ്വാജാ കാസിമിന്റെ സഹോദരനുൾപ്പെടെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് തീർഥാടകരാണ് കപ്പലിലുണ്ടായിരുന്നത്. പറങ്കികളുടെ ചെയ്തി അറിയാവുന്ന തീർഥാടകർ തങ്ങളുടെ കൈവശമുണ്ടായിരുന്ന ദ്രവ്യങ്ങൾ കാഴ്ച വെച്ചു ഗാമയോട് ജീവനു വേണ്ടി കേണു. പക്ഷേ, ക്രൂരത മുഖമുദ്രയാക്കിയ പറങ്കികൾ തീർഥാടകരായ കുട്ടികളെ തടവിലാക്കി. മറ്റുള്ളവരെ വെടിയുതിർത്തു കൊലപ്പെടുത്തി, കപ്പലിനു തീയിടുകയും ചെയ്തു. തടവിലാക്കിയ ഇരുപതോളം കുട്ടികളെ ഗാമ ലിസ്ബണിനടുത്ത ബേളത്തെ സന്യാസി മഠത്തിൽ കൊണ്ടുപോയി മാമോദിസ മുക്കി.

ഗാമയുടെ നേതൃത്വത്തിൽ നടന്ന ഈ പൈശാചിക സംഭവത്തെ മൗനമായി അംഗീകരിച്ച കോലത്തിരി അറക്കൽ രാജാവിന്റെ കപ്പൽ അക്രമിച്ചതിൽ അപകടം മണത്തു. ഹജ്ജാജികളെ കൂട്ടക്കൊല നടത്തിയതിന്റെ ദുഃഖം മനസ്സിലൊളിപ്പിച്ച മുസ്്ലിംകൾ രണ്ടും കൽപ്പിച്ചു കോട്ട പ്രതിരോധിക്കുന്നതിൽ പങ്കെടുത്തു. 1507 ഏപ്രിൽ 27 മുതൽ ആഗസ്റ്റ് 27 വരെ നാല് മാസം ഉപരോധം തുടർന്നു. ഭക്ഷണവും വെള്ളവും ലഭിക്കാതെ കോട്ടയിലകപ്പെട്ട പറങ്കികൾ ബുദ്ധിമുട്ടി. സംഭവമറിഞ്ഞു ട്രിഡ്റ്റോ സികൻഹയുടെ നേതൃത്വത്തിൽ പതിനൊന്ന് കപ്പലുകളിലായി സർവ സന്നാഹത്തോടെ പോർച്ചുഗീസ് സൈനികർ കണ്ണൂരിലെത്തി. കോട്ട ഉപരോധിച്ചവർക്ക് നേരെ പീരങ്കികൾ ഗർജിച്ചു. കണ്ണൂർ സിറ്റി കടൽത്തീരം ഒരിക്കൽ കൂടി നിണമണിഞ്ഞു. ആ രക്തസാക്ഷികളിൽ ചിലരെ സിറ്റി ജുമുആ മസ്ജിദ് , ചിറക്കൽകുളം പള്ളി തുടങ്ങിയ സ്ഥലങ്ങൾക്ക് സമീപം ഖബറടക്കി. ഈ ഖബറുകളിൽ ചിലത് ഇപ്പോഴും പ്രത്യേകമായി പരിചരിച്ചുവരുന്നു .
പോർച്ചുഗീസ് അധിനിവേശത്തിനെതിരെ തുടക്കം മുതൽ കലഹിച്ച നിരവധി പേർക്ക് ജന്മം നൽകിയ പ്രദേശമാണ് കണ്ണൂർ സിറ്റി. മാഹിൻ പോക്കർ, മാഹിൻ മൂപ്പൻ തുടങ്ങി പേരറിഞ്ഞവരും പേരറിയാത്തവരുമായ ആ ധീര രക്തസാക്ഷികളെ ഒാർമിപ്പിക്കുന്ന ചില അടയാളങ്ങൾ സൂക്ഷിച്ച വീടുകൾ അടുത്ത കാലം വരെ കണ്ണൂർ സിറ്റിയിലുണ്ടായിരുന്നു. ഈ രക്തസാക്ഷികളിൽ ചിലരുടെ ആണ്ടു ദിനങ്ങളിൽ പങ്കെടുത്തതിന്റെ ഒാർമകൾ പങ്കിടുന്നവരും ഇവിടെയുണ്ട്. മാമ്പ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ മാഹിൻ പോക്കർ വലിയ്യുല്ലാഹി പറങ്കികൾക്കെതിരെ ചെറുപ്രായത്തിൽ തന്നെ വാളെടുത്ത പണ്ഡിതനായിരുന്നു. പോർച്ചുഗീസ് വൈസ്രോയി അൽ ബുക്കറിന്റെ നോട്ടപ്പുള്ളിയായിരുന്ന മാഹിൻ പോക്കർ വലിയ്യുല്ലാഹി തന്റെ സാന്നിധ്യം ജനനിബിഡമായ കണ്ണൂർ സിറ്റിയിലെ സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കാൻ പറങ്കികൾ അവസരമായി ഉപയോഗപ്പെടുത്തു മെന്നു ഭയന്നു ജനവാസമില്ലാത്ത പ്രദേശത്തേക്ക് യാത്ര തിരിച്ചു. മഹാനെ പറങ്കിപ്പട പിന്തുടർന്ന് മാമ്പയിൽ വെച്ചു കൊലപ്പെടുത്തുകയാണുണ്ടായത്. മാഹിൻ പോക്കർ വലിയ്യുല്ലായി ഉപയോഗിച്ച വാളും പരിചയും തുടങ്ങിയ ശേഷിപ്പുകൾ അദ്ദേഹത്തിന്റെ ഭവനമായ കണ്ണൂർ ദീനുൽ ഇസ്്ലാം സഭ യത്തീംഖാനക്കടുത്ത പൊന്നില്ലത്ത് (സൈതാറകത്ത്) എന്ന വീട്ടിൽ ദീർഘകാലം സൂക്ഷിച്ചിരുന്നു. ഈ ശേഷിപ്പുകൾ കാണുന്നതിന് ആളുകളെത്താറുമുണ്ടായിരുന്നു. അന്നത്തെ ആ ഭവനം ഇന്നില്ല. നിർമാണം പൂർത്തിയായതോടെ കണ്ണൂർ കോട്ടയെ പോർച്ചുഗീസ് സൈനികരുടെ പ്രമുഖ താവളമാക്കി. കടലിലും കരയിലും വെച്ചു പിടികൂടുന്നവരെ ശിക്ഷിക്കുന്ന ഇടമായി കോട്ടയെ പ്രഖ്യാപിച്ചു. അവർക്കായി ജയിലറകൾ പണിതു. നൂറുകണക്കിന് നിരപരാധികൾ ഇവിടെവെച്ചു വധിക്കപ്പെട്ടുവെങ്കിലും പറങ്കികൾ കൈവശം വെച്ചിരുന്ന വെടിയുണ്ടകൾക്കു മുമ്പിൽ നാട്ടുകാർ തങ്ങളുടെ പ്രതിഷേധം മൗനത്തിലൊതുക്കി. പറങ്കികളുടെ ക്രൂരത നിശബ്ദം സഹിച്ച മാപ്പിളമാർക്ക് അറക്കൽ രാജാവിന്റെ സേനാനായകനായ ബലിയ ( വലിയ) ഹസ്സന്റെ വധം സഹിക്കാവുന്നതിലപ്പുറമായിരുന്നു. അധിനിവേശ ശക്തികളോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച ബലിഹസ്സനെ നേരിട്ടു കീഴ്പ്പെടുത്താനാകില്ലെന്ന് മനസ്സിലാക്കിയ ഗാമ അദ്ദേഹത്തെ പിടികൂടിയതു വഞ്ചനയിലൂടെയായിരുന്നു. കുഞ്ഞാലി മരക്കാർക്ക്് മുമ്പേ ഹിറ്റ് ലിസ്റ്റിൽ പെടുത്തിയ ബലിയ ഹസ്സനെ പറങ്കികൾ പിടികൂടിയത് കോലത്തിരിയുടെ സഹായത്തോടെയായിരുന്നു. അറക്കലുമായി സൗഹാർദത്തിലായിരുന്ന കോലത്തിരിയുടെ ക്ഷണപ്രകാരം ചിറക്കൽ കൊട്ടാരത്തിൽ ചെന്ന ബലിയ ഹസ്സനെ കാത്തിരുന്ന പറങ്കിപ്പട ബന്ധനസ്ഥനാക്കി കോട്ടയിൽ കൊണ്ടുപോയി ഇരുട്ടറയിൽ തള്ളി. ബലിയ ഹസ്സനെ പിടികൂടാനുള്ള ഗൂഢാലോചന നടന്നത് 1524 ൽ ഗാമയുടെ മൂന്നാംവരവിലായിരുന്നു. തുടർന്നു കൊച്ചിയിലേക്കു പോയ ഗാമ അവിടെ വെച്ചു രോഗബാധിതനായി മരണപ്പെട്ടു. ബലിയ ഹസ്സന്റെ വധശിക്ഷ നടപ്പിലാക്കിയത് ഗാമയുടെ പിൻഗാമിയായ വൈസ്രോയി ഹെൻറി മൈനസാണ്. തൂക്കിലേറ്റിയ ബലിയ ഹസ്സന്റെ മൃതദേഹം പൊതു ജനം കാണേ കോട്ടക്കു മുമ്പിൽ കെട്ടിത്തൂക്കി. അന്ന് പ്രവാചകന്റെ ജന്മദിനമായ റബിഉൽ അവ്വൽ 12 ആയിരുന്നു. നേരം പുലർന്നപ്പോൾ ബലിയ ഹസ്സന്റെ മൃതദേഹം കോട്ടയിൽ തൂങ്ങിനിൽക്കുന്നതു കണ്ട ജനം ഇളകി പറങ്കികളോടൊപ്പം ബലിയ ഹസ്സനെ ചതിയിൽപ്പെടുത്തി പിടിച്ചുകൊടുത്ത കോലത്തിരിക്കെതിരെയും ജനങ്ങളുടെ പ്രതിഷേധമുയർന്നു . ഈ സംഭവം നൂറ്റാണ്ടുകളായി നിലനിന്നു പോന്ന ഹിന്ദു -മുസ്്ലിം സൗഹൃദത്തിനു വിള്ളൽ വീഴ്ത്തി. പ്രതിഷേധിച്ചവർ സ്വന്തവും അല്ലാത്തതുമായ വസ്തുക്കൾ നശിപ്പിച്ചു കൊണ്ടു അമർഷം രേഖപ്പെടുത്തി. ഇതോടെ അറക്കലിനും വിശിഷ്യാ മുസ്്ലിംകൾക്കുമെതിരെ പോർച്ചുഗീസുകാർ നേരിട്ടുള്ള യുദ്ധം പ്രഖ്യാപിച്ചു. പ്രാണരക്ഷാർഥം ധർമടത്തേക്ക് പലായനം ചെയ്ത മുസ്്ലിംകളെ പോർച്ചുഗീസ് സൈന്യം പിൻതുടർന്നു കൂട്ടത്തോടെ കൊന്നൊടുക്കി. ധർമടം തുരുത്തിനു തീയിട്ടു പള്ളിയും അക്രമിക്കപ്പെട്ടു. എന്നാൽ ബലിഹസ്സനെ വധശിക്ഷക്കു വിധേയനാക്കിയ ഹെൻറിമൈനസിനെ ജനം വെറുതെവിട്ടില്ല. മൈനസ് ബേപ്പൂരിൽ വെച്ചു അക്രമിക്കപ്പെട്ടു . പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനസിന്റെ മരണത്തിനും കണ്ണൂർ കോട്ട സാക്ഷ്യം വഹിച്ചു. നീണ്ടകാല അധികാര വടംവലിയെ തുടർന്ന് 158 വർഷം പോർച്ചുഗീസുകാർ കൈവശം വെച്ചിരുന്ന കണ്ണൂർ കോട്ട 1663ൽ ഡച്ചുകാർ കൈവശപ്പെടുത്തി. കേരളം വിടാൻ നിർബന്ധിതരായ ഡച്ചുകാർ 1772ൽ കോട്ട അറക്കൽ ബീവിക്കു ഒരു ലക്ഷം രൂപക്ക് വിൽപ്പന നടത്തി. അറക്കൽ ബീവിയുമായുള്ള ധാരണ പ്രകാരം ഏതാനും വർഷം ടിപ്പുസുൽത്താൻ സംരക്ഷണം ഏറ്റെടുത്തെങ്കിലും കോട്ട 1790ൽ ബ്രിട്ടൻ കൈവശപ്പെടുത്തി, മലബാറിലെ പ്രധാന സൈനിക കേന്ദ്രമാക്കി. നിലവിൽ കോട്ടയുടെ നിയന്ത്രണം പുരാവസ്തു വകുപ്പിനാണ്. കോട്ടയോട് ചേർന്ന മൈതാനവും കെട്ടിടങ്ങളും രാജ്യ രക്ഷാവകുപ്പിന്റെ കൈവശമാണ്.

---- facebook comment plugin here -----

Latest