Connect with us

Kerala

ഒരു നഗരസഭാ ഭരണം പിടിക്കാന്‍ ബി ജെ പി പിന്തുണ; എല്‍ ഡി എഫ് വര്‍ഗീയ ഫാസിസ്റ്റുകളുടെ എച്ചില്‍ നക്കുന്നുവെന്ന് കെ സുധാകരന്‍

Published

|

Last Updated

കോട്ടയം | കോട്ടയം നഗരസഭയില്‍ ബി ജെ പി പിന്തുണയോടെ യു ഡി എഫിനെ ഭരണത്തില്‍ നിന്ന് പുറത്താക്കിയ എല്‍ ഡി എഫ് നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. ഇടത് നിലപാടില്‍ ശക്തമായ പ്രതിഷേധം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വര്‍ഗീയ ഫാസിസ്റ്റ് രാഷ്ട്രീയം വേരറ്റു പോകുന്ന ഒരുകാലത്ത് ഏതു വിധേനയും ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ആര്‍ എസ് എസ്-ബി ജെ പി സംഘ്പരിവാര്‍ ശക്തികള്‍. കോട്ടയം ജില്ലയിലാണെങ്കില്‍ നിലവിലെ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെ മുന്‍നിര്‍ത്തി ബി ജെ പി കരുക്കള്‍ നീക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷം ബി ജെ പി സഹായം സ്വീകരിക്കുന്നതെന്ന അപകടകരമായ രാഷ്ട്രീയ ചാണക്യ തന്ത്രത്തെ കേരളം കാണാതെ പോകരുത്.

വര്‍ഗീയ ഫാസിസ്റ്റ് സംഘടനകളെ അധികാരത്തില്‍ നിന്നും പുറത്തുനിര്‍ത്തിയാണ് കോട്ടയം നഗരസഭയില്‍ യു ഡി എഫ് ഭരണം നടത്തിയത്. നഗരസഭയില്‍ ബി ജെ പി പിന്തുണയില്ലാതെ ഇടതുപക്ഷത്തിന് അവിശ്വാസ പ്രമേയം പാസാക്കാനാവില്ല. ബി ജെ പിയുമായി പിന്തുണ ഉറപ്പിച്ചാണ് ഇടതുപക്ഷം ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ബി ജെ പിയാണെങ്കില്‍ പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പിണറായി വിജയനും, വിജയരാഘവനും രാഷ്ട്രീയ സദാചാരം എന്നൊന്നുണ്ടെങ്കില്‍ കേരളത്തോട് മാപ്പ് പറയാന്‍ തയാറാവണം.

ഊണിലും ഉറക്കിലും ബി ജെ പിക്കെതിരെ പ്രസംഗിക്കുകയും അധികാരത്തിനു വേണ്ടി പട്ടാപ്പകല്‍ ബി ജെ പി പിന്തുണ പരസ്യമായി സ്വീകരിക്കുകയും ചെയ്യുന്ന എല്‍ ഡി എഫ് നിലപാട് രാഷ്ട്രീയ മാന്യതയ്ക്ക് ചേര്‍ന്നതല്ല. ബി ജെ പിയുടെ പിന്തുണ സി പി എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടു കൂടിയാണോ എന്ന് അവര്‍ വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കേവലം ഒരു നഗരസഭാ ഭരണം പിടിച്ചെടുക്കുന്നതിന് വര്‍ഗീയ ഫാസിസ്റ്റുകളുടെ എച്ചില്‍ നക്കുന്ന ഇടതുപക്ഷത്തിന്റെ കപട രാഷ്ട്രീയം കേരളം തിരിച്ചറിയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.