gujrat- himachal assembly result
ഗുജറാത്തില്‍ തുടർച്ചയായ ഏഴാം തവണയും ബി ജെ പി, ചരിത്ര വിജയം; ഹിമാചലില്‍ കോൺഗ്രസ്
ഗുജറാത്തില്‍ ആകെ 182 സീറ്റുകളില്‍ 156ലും ബി ജെ പിയാണ് മുന്നിലുള്ളത്. കോണ്‍ഗ്രസ് 17 സീറ്റിലേക്ക് തകർന്നടിഞ്ഞു.

ഗാന്ധിനഗര്‍/ധരംശാല | ഗുജറാത്തില്‍ തുടർച്ചയായ ഏഴാം തവണയും ഭരണച്ചെങ്കോലേന്താൻ ബി ജെ പി. മുമ്പെങ്ങുമില്ലാത്ത ചരിത്രവിജയമാണ് ഇത്തവണ ബി ജെ പി ഗുജറാത്തിൽ നേടിയത്. അധികാരത്തിലേറാന്‍ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. അതേസമയം, ഹിമാചല്‍ പ്രദേശില്‍ കോൺഗ്രസ് വിജയമുറപ്പിച്ചു. എന്നാൽ, ബി ജെ പിയുടെ കുതിരക്കച്ചവടം കോൺഗ്രസിനെ അലോസരപ്പെടുത്തുന്നുണ്ട്.
ഗുജറാത്തില്‍ ആകെ 182 സീറ്റുകളില്‍ 156ലും ബി ജെ പിയാണ് മുന്നിലുള്ളത്. കേവല ഭൂരിപക്ഷത്തിന് 92 സീറ്റ് മതി. കോണ്‍ഗ്രസ് 17 സീറ്റിലേക്ക് തകർന്നടിഞ്ഞു. കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് 60ഓളം സീറ്റുകൾ കുറഞ്ഞു. കറുത്ത കുതിരകളാകുമെന്ന് കരുതിയ എ എ പി അഞ്ച് സീറ്റിലും ലീഡ് ചെയ്യുന്നു. അഞ്ച് സീറ്റില്‍ മറ്റു കക്ഷികള്‍ക്കാണ് മുന്നേറ്റം. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ബി ജെ പിയുടെ അല്‍പേഷ് താക്കൂര്‍, ഹാര്‍ദിക് പട്ടേല്‍, റിവാബ ജഡേജ തുടങ്ങിയവര്‍ മുന്നിലാണ്. എ എ പിയുടെ ഇസുദ്ദീന്‍ ഗദ്‌വി, കോണ്‍ഗ്രസിന്റെ ജിഗ്‌നേഷ് മേവാനി എന്നിവര്‍ പിന്നിലാണ്.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി തുടര്‍ച്ചയായ ഏഴാം തവണയും ബി ജെ പി അനായാസം അധികാരം പിടിക്കുമെന്ന് ഉറപ്പുള്ള കാഴ്ചയാണ് വോട്ടെണ്ണലില്‍ തെളിയുന്നത്. 27 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ഇത്തവണയും അത് അരക്കിട്ട് ഉറപ്പിക്കുകയാണ്. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെച്ച കോണ്‍ഗ്രസ് താഴോട്ട് പോയതും എ എ പിയുടെ ഉദയവുമാണ് ഗുജറാത്തില്‍ ശ്രദ്ധേയമാകുന്നത്. ഗുജറാത്തിൽ 1985 ൽ കോൺഗ്രസ് നേടിയ 149 സീറ്റ് എന്ന റെക്കോർഡ് ബിജെപി മറികടന്നു. ഇത്തവണത്തെ വിജയം കൂടി കണക്കിലെടുത്ത്, തുടർഭരണത്തിൽ സിപിഐഎമ്മിന്റെ ബംഗാളിലെ റെക്കോർഡിനൊപ്പമെത്തിയിരിക്കു
–
ആം ആദ്മി പാർട്ടിയാണ് ഗുജറാത്തിൽ കോൺഗ്രസിന്റെ അന്തകനായത് എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ബിജെപിയുടെ വർഗീയ ഹിന്ദുത്വ അജണ്ടകൾ അതേപടി ഏറ്റുപിടിച്ച് പ്രചാരണം നയിച്ച എഎപി കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയെന്നാണ് കരുതുന്നത്. ബിജെപിയെ നേരിട്ട് പിന്തുണക്കാൻ താത്പര്യമില്ലാ കോൺഗ്രസിലെ അതൃപ്തർ എഎപിക്ക് മാറ്റിക്കുത്തിയത് ഫലത്തിൽ ഗുണമായത് ബിജെപിക്കാണെന്ന് വ്യക്തം. ഇതുവരെ 13 ശതമാനം വോട്ടാണ് എഎപി ഗുജറാത്തിൽ നേടിയത്.
ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പുറന്തള്ളി കോൺഗ്രസ് മുന്നേറ്റം. കേവലഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് കോൺഗ്രസ് അധികാരമുറപ്പിച്ചു. ആകെയുള്ള 68 സീറ്റില്‍ അവസാന ഫലങ്ങള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസാണ് മുന്നില്‍-40. ബി ജെ പി 25 സീറ്റില്‍ മുന്നിലാണ്. മറ്റു കക്ഷികള്‍ മൂന്നിടത്ത് ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് ഇവിടെ 35 സീറ്റുകളാണ് ആവശ്യം. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രചാരണമാണ് ഹിമാചലിൽ കോൺഗ്രസിന് വെന്നിക്കൊടി പാറിക്കാൻ അവസരമൊരുക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന് ഹിമാചല്‍ പ്രദേശിലെ വിജയം തീർച്ചയായും ആശ്വാസത്തിന്റെ കുളിര് പകരുമെന്നുറപ്പ്.
–
വോട്ടെണ്ണലിന്റെ ആദ്യം മുതൽ തന്നെ ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് വ്യക്തമായിരുന്നു. ഒരു ഘട്ടത്തിൽ ലീഡ് ഉയർത്തിയ ബിജെപി അധികം വൈകാതെ തന്നെ താഴോട്ട് പോയതോടെ കോൺഗ്രസ് കേവല ഭൂരിപക്ഷം മറികടന്നു. ബിജെപിയും കോൺഗ്രസും തമ്മിൽ ഏതാനും സീറ്റുകളുടെ മാത്രം വ്യത്യാസമുണ്ടായതോടെ സ്വതന്ത്രരെ കൂട്ടുപിടിച്ച് ബിജെപി സർക്കാർ ഉണ്ടാക്കിയേക്കുമെന്ന ആശങ്ക ശക്തമായി ഉയർന്നിരുന്നു. ഹിമാചലിലെ മുഖ്യമന്ത്രി ജയറാം ഠാക്കൂർ 79% വോട്ടുകളോടെ വിജയിച്ചത് ഇതിന് ആക്കം പകർന്നു. സംസ്ഥാനത്ത് സർക്കാർ രൂപീകരണ ചർച്ചകളും ബിജെപി തുടങ്ങിയിരുന്നു. ഇതിനിടയിലാണ് കോൺഗ്രസ് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ച് 39 സീറ്റുകൾ എന്ന ശക്തമായ നിലയിലേക്ക് എത്തിയത്.
–
ബിജെപി തങ്ങളുടെ സ്ഥാനാർഥികളെ ചാക്കിട്ടുപിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് കോൺഗ്രസ് മുൻകരുതലും സ്വീകരിക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശില്‍ കരുതലോടെ നീങ്ങാന്‍ എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫലം കോണ്‍ഗ്രസിന് അനുകൂലമെങ്കില്‍ എംഎല്‍എമാരെ സംസ്ഥാനത്തുനിന്ന് കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുവാനാണ് തീരുമാനം.
–
2017ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ഹിമാചലിൽ കോൺഗ്രസ് ഇത്തവണ 19 സീറ്റുകൾ അധികം നേടുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നുണ്ട്. ബിജെപിക്ക് 19 സീറ്റുകളിൽ ലീഡ് നഷ്ടമാകുകയും ചെയ്തു. എഎപി ഇവിടെ ഇത്തവണ ഒരിടത്തും ഇല്ല.
–
ഹിമാചലിലെ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തന്റെ മണ്ഡലമായ അഹമ്മദാബാദിലെ ഘട്‌ലോഡിയയിൽ വൻ വിജയത്തിന് ഒരുങ്ങുകയാണ്. ഏറ്റവും പുതിയ ട്രെൻഡുകൾ പ്രകാരം അദ്ദേഹം ഏകദേശം ഒരു ലക്ഷത്തി 34,000 വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്. ബിജെപിയുടെ ശക്തികേന്ദ്രത്തിൽ വീണ്ടും വിജയം നേടിയാൽ പട്ടേൽ മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.
ഗുജറാത്തില്‍ ഒരു സംഘടനാ സംവിധാനവും ഇല്ലാതിരുന്ന എഎപി ഒന്‍പത് സീറ്റുകളില്‍ ലീഡ് ചെയ്യുന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ പ്രാധാന്യത്തോടെ തന്നെയാണ് കാണുന്നത്. സംസ്ഥാനത്തെ 182 അംഗ നിയമസഭയിലേക്ക് ഡിസംബര്‍ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 63.14 ശതമാനം പോളിങ് രേഖപ്പെടുത്തി. 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 60 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി എന്നീ പ്രമുഖരുള്‍പ്പെടെ ജനവിധി തേടുന്നു. 136 ജീവന്‍ പൊലിഞ്ഞ മോര്‍ബി തൂക്കുപാലം ദുരന്തം, വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, ലഹരികടത്ത്, വിഷമദ്യദുരന്തം, കര്‍ഷക പ്രതിഷേധം തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രചാരണത്തില്‍ ഉയര്‍ന്നുകേട്ടത്.
ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12ന് ഒറ്റ ഘട്ടമായി നടന്ന വോട്ടെടുപ്പില്‍ 74.05 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ആകെ 55.74 ലക്ഷം വോട്ടര്‍മാരുള്ള ഹിമാചലില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പോളിങ് ശതമാനം കുറഞ്ഞത് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നെഞ്ചിടിപ്പേറ്റിയിരുന്നു. മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെയര്‍മാനുമായ സുഖ്വീന്ദര്‍ സിങ് സുഖു, മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ മകന്‍ വികാരാദിത്യ സിങ്, നാല് തവണ പ്രതിപക്ഷ നേതാവായ മുകേഷ് അഗ്നിഹോത്രി എന്നീ പ്രമുഖരുള്‍പ്പെടെ ജനവിധി തേടുന്നുണ്ട്. 19 ബി ജെ പി വിമതരും 8 കോണ്‍ഗ്രസ് വിമതരും മത്സര രംഗത്തുണ്ട്.