Connect with us

From the print

ബിഹാര്‍ വോട്ടര്‍പ്പട്ടിക: ആധാര്‍ പരിഗണിക്കണം

ഔദ്യോഗികമായി അറിയിക്കണമെന്ന് സുപ്രീം കോടതി.

Published

|

Last Updated

ന്യൂഡല്‍ഹി | ബിഹാറിലെ വോട്ടര്‍പ്പട്ടിക പരിഷ്‌കരണത്തില്‍ പേര് ചേര്‍ക്കാന്‍ അംഗീകരിച്ച രേഖകള്‍ക്കൊപ്പം 12ാമത്തെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉള്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം. ബിഹാറിലെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ (എസ് ഐ ആര്‍) ഭാഗമായി തയ്യാറാക്കുന്ന പുതുക്കിയ വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആധാര്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുമെന്ന് അറിയിക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. കരട് വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട 65 ലക്ഷം പേരുകളുടെ കാര്യത്തില്‍ മാത്രമേ സമാനമായ നിര്‍ദേശം നേരത്തേ പുറപ്പെടുവിച്ചിരുന്നുള്ളൂ. ഈ നിര്‍ദേശം മറ്റ് വോട്ടര്‍മാര്‍ക്കും ബാധകമാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ആധാര്‍ നിയമപ്രകാരം ആധാര്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെങ്കിലും ജനപ്രാതിനിധ്യ നിയമത്തിലെ 23 (4) വകുപ്പ് പ്രകാരം തിരിച്ചറിയല്‍ രേഖയായി അംഗീകരിച്ചിട്ടുണ്ടെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി. ആധാര്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കണമെന്നും ബഞ്ച് പറഞ്ഞു. സമര്‍പ്പിക്കുന്ന ആധാറിന്റെ ആധികാരികത പരിശോധിക്കാനും അവ വ്യാജമല്ലെന്ന് ഉറപ്പാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ആധാര്‍ മാത്രം നല്‍കുന്നവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ലെന്ന് ഹരജിക്കാരായ ആര്‍ ജെ ഡിയുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെയാണ് ആധാര്‍ രേഖയായി ഉള്‍പ്പെടുത്താന്‍ ബഞ്ച് നിര്‍ദേശിച്ചത്. ഇതോടെ ആധാര്‍ മാത്രം നല്‍കിയും വോട്ടര്‍പ്പട്ടികയില്‍ ഇടം നേടാന്‍ സാധിക്കും. ആധാറിനൊപ്പം കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകളിലേതെങ്കിലുമൊന്ന് കൂടി നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നതായും ആര്‍ ജെ ഡി ചൂണ്ടിക്കാട്ടിയിരുന്നു. ആധാര്‍ ഉള്‍പ്പെടുത്താന്‍ സുപ്രീം കോടതി മൂന്ന് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും ഇതിനായി തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

തയ്യാറാക്കുന്നത് പൗരത്വ പട്ടികയല്ല
പൗരത്വത്തിനുള്ള തെളിവായി ആധാര്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വാദിച്ചു. ആധാര്‍ സ്വീകരിക്കാനുള്ള സുപ്രീം കോടതി നിര്‍ദേശം മാധ്യമങ്ങള്‍ വഴി പരസ്യം ചെയ്തതായും രാകേഷ് ദ്വിവേദി പറഞ്ഞു. എന്നാല്‍, പൗരത്വം നിര്‍ണയിക്കാനുള്ള ഏജന്‍സിയല്ല തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് കപില്‍ സിബല്‍ വാദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കുന്നത് പൗരത്വപ്പട്ടികയല്ലെന്നും പൗരത്വം പരിശോധിക്കാന്‍ കമ്മീഷന് അധികാരമില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആവശ്യപ്പെടുന്ന അപേക്ഷകന്‍ പൗരനാണോ എന്ന് പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് ത്രിവേദി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുന്നതായി വിജ്ഞാപനം ചെയ്ത 11 രേഖകളുടെ പട്ടികയില്‍ പാസ്സ്പോര്‍ട്ടും ജനന സര്‍ട്ടിഫിക്കറ്റും ഒഴിച്ചാല്‍ ശേഷിക്കുന്ന ഒന്നും പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ചൂണ്ടിക്കാട്ടി. അതോടൊപ്പം ആധാര്‍കൂടി ഉള്‍പ്പെടുത്തുന്നതില്‍ എന്താണ് കുഴപ്പമെന്നും ജസ്റ്റിസ് ബാഗ്ചി ചോദിച്ചു.

ആദ്യമായി വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഉപയോഗിക്കുന്ന ഫോം ആറില്‍ ആധാറിനെ രേഖയായി ചേര്‍ത്തിട്ടുണ്ടെന്ന് അഭിഭാഷക വൃന്ദാഗ്രോവറും ചൂണ്ടിക്കാട്ടി.
ആധാര്‍ വ്യാജമായി ഉണ്ടാക്കാമെന്ന് രാജ്യവ്യാപകമായി വോട്ടര്‍പ്പട്ടിക പരിഷ്‌കരണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ച ബി ജെ പി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ വാദിച്ചെങ്കിലും ആധാര്‍ മാത്രമല്ല, രാജ്യത്തെ ഏത് രേഖയും വ്യാജമായി ഉണ്ടാക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.

 

Latest