Connect with us

International

നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി; രാജി നല്‍കി ആഭ്യന്തര മന്ത്രി

നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

Published

|

Last Updated

കാഠ്മണ്ഡു | നേപ്പാളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. 250ല്‍ പരമാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചു.  നേപ്പാളി കോണ്‍ഗ്രസിന്റെ ഭാരവാഹി യോഗത്തിലാണ് ലേഖകിന്റെ രാജി പ്രഖ്യാപനമെന്നാണ് വിവരം. സംഘര്‍ഷ പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്. സര്‍ക്കാറിന്റെ അഴിമതി പുറത്തുവരുന്നതിനാലാണ് നിരോധനമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. കാഠ്മണ്ഡുവില്‍ സമരത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് പേരാണ് സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്ത് പാര്‍ലിമെന്റ് വളഞ്ഞത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ നിയമസഭയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പാര്‍ലിമെന്റ് കെട്ടിടത്തിന് പുറത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) നേതാവും പ്രതിപക്ഷ നേതാവുമായ പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ ജെന്‍സി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. നേപ്പാളിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉന്നത നേതാക്കളുടെയും ഓഫീസുകള്‍ക്കുമുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മുന്‍കരുതല്‍ നടപടിയുടെ ഭാ?ഗമായി അടുത്ത രണ്ട് ദിവസത്തേക്ക് നേപ്പാളിലെ നിരവധി നഗരങ്ങളിലെ സ്‌കൂളുകളും കോളജുകളും അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. സെപ്തംബര്‍ 9,10, 11 തീയതികളില്‍ രാജ്യവ്യാപകമായി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

എന്താണ് ജെന്‍ സി?
1995നും 2010നും ഇടയില്‍ ജനിച്ചവരെയാണ് ജെന്‍ സി (ജനറേഷന്‍ സി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. നേപ്പാളില്‍ തെരുവിലിറങ്ങിയവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളും യുവാക്കളുമായ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരായതിനാലാണ് പ്രക്ഷോഭത്തെ ജെന്‍ സി പ്രക്ഷോഭം എന്ന് വിളിക്കുന്നത്.

1980നും 1994നും ഇടയില്‍ ജനിച്ചവര്‍ ജനറേഷന്‍ വൈ അല്ലെങ്കില്‍ മില്ലേനിയന്‍സ് എന്നാണ് അറിയപ്പെടുന്നത്. 2010നും 2024നും ഇടയില്‍ ജനിച്ചവരാണ് ജെന്‍ ആല്‍ഫ. 2025 ജനുവരി ഒന്ന് മുതല്‍ ജനിച്ചവരാണ് ജെന്‍ ബീറ്റ (ജനറേഷന്‍ ബീറ്റ). ജെന്‍ ആല്‍ഫയെ പിന്തുടര്‍ന്ന് ഗ്രീക്ക് അക്ഷരമാലയില്‍ നിന്നാണ് ജെന്‍ ബീറ്റ എന്ന പേര് എടുത്തിരിക്കുന്നത്.

 

 

 

---- facebook comment plugin here -----