From the print
നോര്‍ത്ത് ഈസ്റ്റ് ബെസ്റ്റ്
ഡ്യൂറന്‍ഡ് കപ്പ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്. മോഹന്‍ ബഗാനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു (4-3)
കൊല്‍ക്കത്ത | പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിനെ തോല്‍പ്പിച്ച് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഡ്യൂറന്‍ഡ് കപ്പില്‍ മുത്തമിട്ടു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. ഷൂട്ടൗട്ടില്‍ ബഗാന്‍ താരങ്ങളായ ലിസ്റ്റന്‍ കൊളാസോയുടെയും ക്യാപ്റ്റന്‍ സുഭാശിഷ് ബോസിന്റെയും കിക്കുകള്‍ തടഞ്ഞ ഗോള്‍കീപ്പര്‍ ഗുര്‍മീത് സിംഗാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയ ശില്‍പ്പി. ക്ലബിന്റെ ചരിത്രത്തിലെ ആദ്യ പ്രധാന കിരീടമാണിത്.
കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2ന് തുല്യത പാലിച്ചതോടെയാണ് വിധി നിശ്ചയം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ആദ്യ പകുതിയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പിന്നിലായ ശേഷമായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ഗംഭീര തരിച്ചുവരവ്.
10ാം മിനുട്ടില്‍ പെനാല്‍റ്റി ഗോളിലൂടെ ജേസണ്‍ കമ്മിംഗ്സാണ് ബഗാനെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ മലയാളി താരം സഹല്‍ അബ്ദുസ്സമദിലൂടെ ബഗാന്‍ ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച നോര്‍ത്ത് ഈസ്റ്റ് 55ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി. ജിതിന്റെ പാസ്സില്‍ നിന്ന് അലാവുദ്ദീന്‍ അജറാഇ ആണ് ലക്ഷ്യം കണ്ടത്. 58ാം മിനുട്ടില്‍ ഗുയിലെര്‍മോ ഫെര്‍ണാണ്ടസിലൂടെ നോര്‍ത്ത് ഈസ്റ്റ് ബഗാനൊപ്പമെത്തി.
പതിനെട്ടാം ഡ്യൂറന്‍ഡ് കപ്പ് കിരീടം ലക്ഷ്യമിട്ടാണ് മോഹന്‍ ബഗാന്‍ ഇറങ്ങിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനലില്‍ ബെംഗളൂരു എഫ് സിയെ 4-3ന് തോല്‍പ്പിച്ചായിരുന്നു കൊല്‍ക്കത്തന്‍ ക്ലബിന്റെ ഫൈനല്‍ പ്രവേശനം. അയല്‍ക്കാരായ ഷില്ലിംഗ് ലജോംഗിനെ 3-0ന് തോല്‍പ്പിച്ചായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വരവ്.
ടൂര്‍ണമെന്റ് അവാര്‍ഡുകള്‍
ഗോള്‍ഡന്‍ ബൂട്ട്: നോഹ സദൂയി (കേരള ബ്ലാസ്റ്റേഴ്സ്)
ഗോള്‍ഡന്‍ ഗ്ലൗ: ഗുര്‍മീത് സിംഗ് (നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്)
ഗോള്‍ഡന്‍ ബോള്‍: ജിതിന്‍ എം എസ് (നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്)