Connect with us

International

ഫലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച് ബെൽജിയവും; ഇസ്റാഈലിനെതിരെ ഉപരോധവും ഏർപ്പെടുത്തും

ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ബെൽജിയവും ഈ നീക്കത്തിന് ഒരുങ്ങുന്നത്.

Published

|

Last Updated

ബ്രസ്സൽസ് | ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ തീരുമാനിച്ച് ബെൽജിയം. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഈ അംഗീകാരം പ്രഖ്യാപിക്കുമെന്ന് വിദേശകാര്യ മന്ത്രി മാക്സിം പ്രെവോട്ട് അറിയിച്ചു. ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ബെൽജിയവും ഈ നീക്കത്തിന് ഒരുങ്ങുന്നത്. ഗസ്സയിലെ യുദ്ധത്തെ തുടർന്ന് ഇസ്റാഈലിനു മേലുള്ള അന്താരാഷ്ട്ര സമ്മർദം വർധിക്കുന്നതിനിടയിലാണ് ബെൽജിയത്തിന്റെ നിർണായക തീരുമാനം.

ഇരുരാജ്യങ്ങൾക്കും സമാധാനപരമായി നിലനിൽക്കാൻ വഴിയൊരുക്കുന്ന ‘ദ്വിരാഷ്ട്ര പരിഹാരം’ (Two-state solution) ലക്ഷ്യമിട്ടുള്ള ന്യൂയോർക്ക് പ്രഖ്യാപനത്തിൽ ബെൽജിയവും ഒപ്പുവെക്കുമെന്ന് പ്രെവോട്ട് എക്സിൽ കുറിച്ചു. ഫലസ്തീനിലെ, പ്രത്യേകിച്ച് ഗസ്സയിലെ, മാനുഷിക ദുരന്തങ്ങൾ കണക്കിലെടുത്തും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇസ്റാഈൽ നടത്തുന്ന അക്രമങ്ങൾക്കുള്ള മറുപടിയായുമാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രാൻസും സൗദി അറേബ്യയും നേതൃത്വം നൽകുന്ന സംയുക്ത നയതന്ത്ര നീക്കത്തിന്റെ ഭാഗമായാണ് ബെൽജിയത്തിന്റെ നടപടി. ഇസ്റാഈലിന്റെ കയ്യേറ്റങ്ങളെയും സൈനിക സാന്നിധ്യത്തെയും അപലപിക്കുന്നതിനുള്ള രാഷ്ട്രീയ സൂചനയായും ഈ നീക്കത്തെ കണക്കാക്കുന്നു. ഇസ്റാഈലിൽ നിന്നുള്ള ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുക, ഇസ്റാഈലി കമ്പനികളുമായുള്ള കരാറുകൾ പുനരവലോകനം ചെയ്യുക, ഹമാസ് നേതാക്കളെ രാജ്യത്ത് പ്രവേശിപ്പിക്കാതിരിക്കുക തുടങ്ങിയ 12 കർശന ഉപരോധങ്ങളും ബെൽജിയം ഏർപ്പെടുത്തുമെന്ന് പ്രെവോട്ട് അറിയിച്ചു.

യുഎസിലെ ചില സഖ്യകക്ഷികൾ ഫലസ്തീനെ അംഗീകരിക്കാൻ സാധ്യതയുള്ളതിനാൽ, ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ സെപ്റ്റംബറിൽ നടക്കുന്ന യുഎൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് യുഎസ് വിലക്കിയതായി വെള്ളിയാഴ്ച അറിയിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ അംഗമെന്ന നിലയിൽ, ഇസ്റാഈൽ സർക്കാരിനും ഹമാസിനും മേൽ സമ്മർദം വർധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രെവോട്ട് വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest