Connect with us

Nipah virus

വവ്വാലുകളിലും ആടിലും നിപ്പായില്ല

അതേസമയം, നിപ്പാ സമ്പർക്ക പട്ടികയിലുള്ള ഇരുപത് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതിൽ രണ്ടെണ്ണം പുണെയിലും മറ്റുള്ളവ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്

Published

|

Last Updated

കോഴിക്കോട് | പാഴൂരിൽ നിന്ന് ശേഖരിച്ച ആടുകളുടെയും ചത്ത വവ്വാലുകളുടെയും പരിശോധനാ ഫലം നെഗറ്റീവ്. ഇന്നലെ വൈകിട്ടോടെയാണ് ഭോപാൽ ഹൈ സെക്യൂരിറ്റി ലാബിൽ നിന്ന് പരിശോധനാഫലം വന്നത്. മരിച്ച കുട്ടിയുടെ വീട്ടിലെയും സമീപത്തെ വീടുകളിലെയും ആടുകളുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. മരിച്ച കുട്ടിയുടെ വീടിനടുത്ത പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച ചത്ത വവ്വാലുകളുടെ ആറ് സാമ്പിളുകളുൾപ്പെടെ 32 സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവായത്. ആർ ടി പി സി ആർ പരിശോധനയാണ് നടത്തിയത്. വവ്വാലുകൾ കടിച്ച റംബൂട്ടാൻ സാമ്പിളുകളുടെ പരിശോധനാ ഫലം വന്നിട്ടില്ല.

ഒന്നാം ഘട്ടത്തിൽ മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും സംയുക്തമായി ശേഖരിച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ ലഭിച്ചത്. രണ്ടാം ഘട്ട സാമ്പിളുകൾ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പ് ഭോപാലിലേക്കയക്കും.

മൃഗസംരക്ഷണ, ആരോഗ്യ, വനം വകുപ്പുകൾ സംയുക്തമായാണ് നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തുന്നത്. മൃഗസംരക്ഷണ, വനം വകുപ്പുകൾ ശേഖരിക്കുന്ന സാമ്പിൾ ഭോപാലിലെ ഹൈ സെക്യൂരിറ്റി ലാബിലും ആരോഗ്യ വകുപ്പ് ശേഖരിക്കുന്ന സാമ്പിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധിക്കുന്നത്.
നിപ്പാ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി മൂന്ന് വവ്വാലുകളെ ഇന്നലെ പിടികൂടി. പുണെയിൽ നിന്നുള്ള പ്രത്യേക സംഘമാണ് വവ്വാലുകളെ പിടിച്ചത്. വവ്വാലുകളെ പിടികൂടാൻ കൊടിയത്തൂർ തെയ്യത്തുംകടവിൽ പ്രത്യേക വല സ്ഥാപിച്ചിരുന്നു. ഇന്നലെ ഇതേ സ്ഥലത്ത് വീണ്ടും വല സ്ഥാപിച്ചിട്ടുണ്ട്. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നിന്നുള്ള വിദഗ്ധ സംഘവും രാവിലെയോടെ പാഴൂരിലെത്തി.

അതേസമയം, നിപ്പാ സമ്പർക്ക പട്ടികയിലുള്ള ഇരുപത് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതിൽ രണ്ടെണ്ണം പുണെയിലും മറ്റുള്ളവ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 108 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest