Connect with us

National

ബട്‌ല ഹൗസ് ഏറ്റുമുട്ടൽ പ്രതി അരിസ് ഖാന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു

2021 മാർച്ച് 14 നാണ് വിചാരണ കോടതി അരിസ് ഖാന് വധശിക്ഷ വിധിച്ചത്.

Published

|

Last Updated

ന്യൂഡൽഹി | 2008ലെ ബട്‌ല ഹൗസ് ഏറ്റുമുട്ടൽ പ്രതി അരിസ് ഖാന്റെ വധശിക്ഷ ഡൽഹി ഹൈക്കോടതി ജീവപര്യന്തമായി ഇളവ് ചെയ്തു. ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ, ജസ്റ്റിസ് അമിത് ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് അരിസ് ഖാന്റെ അപ്പീൽ പരിഗണിച്ച് ശിക്ഷ ഇളവു ചെയ്തത്. ഇന്ത്യൻ മുജാഹിദീൻ ഭീകരനാണ് അരിസ് ഖാൻ. ഡൽഹി പൊലീസ് ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്.

2021 മാർച്ച് 14 നാണ് വിചാരണ കോടതി അരിസ് ഖാന് വധശിക്ഷ വിധിച്ചത്. കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമായ വിഭാഗത്തിൽ പെട്ടതാണെന്ന് കണ്ടെത്തിയായിരുന്നു കോടതി നടപടി. കോടതിയുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് അരിസ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.

2008 സെപ്റ്റംബർ 19ന് രാവിലെ ഡൽഹിയിലെ ബട്‌ല ഹൗസിലാണ് ഏറ്റുമുട്ടൽ നടന്നത്. അതിന് ഒരാഴ്ച മുമ്പ് 2008 സെപ്തംബർ 13 ന് ഡൽഹിയിൽ 5 സ്ഥലങ്ങളിൽ സ്‌ഫോടനങ്ങളുണ്ടായി. മൂന്ന് നിർജീവമല്ലാത്ത ബോംബുകളും കണ്ടെത്തി. 50 മിനിറ്റിനുള്ളിൽ നടന്ന ഈ അഞ്ച് സ്‌ഫോടനങ്ങളിൽ 39 പേരാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ പ്രതികൾ ഒളിച്ചിരുന്ന ബട്‌ല ഹൗസിലെ കെട്ടിട നമ്പർ എൽ-18ന്റെ മൂന്നാം നിലയിൽ വെച്ചാണ് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ഭീകരരുമായി ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ പോലീസ് ടീമിനെ നയിച്ചിരുന്ന മോഹൻ ചന്ദ്ര ശർമ്മ മൂന്ന് ബുള്ളറ്റുകൾ ഏൽക്കുകയും അതേ ദിവസം ഹോളി ഫാമിലി ഹോസ്പിറ്റലിൽ വെച്ച് മരിക്കുകയും ചെയ്തു. പ്രതികളിൽ രണ്ട് പേർ അറസ്റ്റിലായി. അരിസ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

2018ൽ നേപ്പാളിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സെക്ഷൻ 302, 307, ആയുധ നിയമം എന്നിവ പ്രകാരമാണ് കോടതി ശിക്ഷിച്ചത്. 2007ൽ ഉത്തർപ്രദേശിലെ ലഖ്‌നൗ കോടതിയിലുണ്ടായ സ്‌ഫോടനത്തിലും ആരിസിന് പങ്കുണ്ടെന്ന് പോലീസ് പറയുന്നു. ബോംബ് നിർമാണത്തിൽ വിദഗ്ധനായ അരിസ് ഉത്തർപ്രദേശിലെ ഫൈസാബാദ്, വാരണാസി ബോംബ് സ്‌ഫോടനങ്ങളിലും പങ്കുണ്ടെന്നാണ് വിവരം.

Latest