Connect with us

National

പാർലിമെന്റ് വളപ്പിൽ പ്രതിഷേധങ്ങൾക്ക് വിലക്ക്; വീണ്ടും വിവാദ ഉത്തരവുമായി രാജ്യസഭാ സെക്രട്ടേറിയറ്റ്

ഒരു ദിവസം മുമ്പ് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ അൺപാർലമെന്ററി പദങ്ങളുടെ പട്ടികക്ക് എതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായി രംഗത്ത് വന്നതിന് പിന്നാലെയാണ് കുത്തിയിരിപ്പ് സമരം കൂടി നിരോധിച്ച് പുതിയ സർക്കുലർ വന്നത്.

Published

|

Last Updated

ന്യൂഡൽഹി | അൺപാർലിമെന്ററി പദങ്ങളുടെ പട്ടിക പുറത്തിറക്കിയത് സംബന്ധിച്ച വിവാദങ്ങൾക്ക് പിന്നാലെ പുതിയ ഉത്തരവുമായി രാജ്യസഭാ സെക്രട്ടേറിയറ്റ്. പാർലിമെന്റ് പരിസരത്ത് ധർണകളും പ്രതിഷേധ പ്രകടനങ്ങളും പണിമുടക്കുകളും മതപരമായ ചടങ്ങുകളും നടത്തുന്നത് വിലക്കിയാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് പുതിയ ഉത്തരവ് ഇറക്കിയത്. ഇതോടെ പാർലിമെന്റ് വളപ്പിലെ സ്ഥിരം പ്രതിഷേധ വേദിയായ ഗാന്ധി പ്രതിമയുടെ പരിസരത്ത് ഉൾപ്പെടെ പ്രതിഷേധ പരിപാടികൾ നടത്താനാകില്ല.

ഒരു ദിവസം മുമ്പ് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ അൺപാർലമെന്ററി പദങ്ങളുടെ പട്ടികക്ക് എതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായി രംഗത്ത് വന്നതിന് പിന്നാലെയാണ് കുത്തിയിരിപ്പ് സമരം കൂടി നിരോധിച്ച് പുതിയ സർക്കുലർ വന്നത്. ധർണകൾക്കോ ​​പ്രകടനങ്ങൾക്കോ ​​പണിമുടക്കുകൾക്കോ ​​ഉപവാസങ്ങൾക്കോ ​​മതപരമായ ചടങ്ങുകൾക്കോ ​​​​അംഗങ്ങൾക്ക് പാർലമെന്റ് ഹൗസ് കോംപ്ലക്സ് ഉപയോഗിക്കാൻ കഴിയില്ലെന്ന് സർക്കുലറിൽ പറയുന്നു. മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി രാജ്യസഭാ സെക്രട്ടറി ജനറൽ പിസി മോദിയാണ് സർക്കുലർ പുറത്തിറക്കിയത്. വിഷയത്തിൽ അംഗങ്ങൾ സഹകരിക്കണമെന്ന് ഉത്തരവിൽ അദ്ദേഹം അഭയർഥിച്ചു.

ഈ തീരുമാനത്തെ എതിർത്ത്, കോൺഗ്രസ് ജനറൽ സെക്രട്ടറിയും രാജ്യസഭയിലെ പാർട്ടിയുടെ ചീഫ് വിപ്പുമായ ജയറാം രമേശ് രംഗത്ത് വന്നു. ‘വിഷ്ഗുരുവിന്റെ ഏറ്റവും പുതിയ ആക്രമണം, ധർണ നിരോധിച്ചിരിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ജൂലൈ 14ലെ വിജ്ഞാപനവും അദ്ദേഹം ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

അതേസയം, വിലക്ക് പതിവ് നടപടികളുടെ ഭാഗമാണെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള വ്യക്തമാക്കി. പാർലിമെന്റ് പരിസരം പ്രതിഷേധപ്രകടനങ്ങൾക്ക് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

2013ൽ യുപിഎ സർക്കാറിൻെറ കാലത്തും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ അന്ന് ഈ ഉത്തരവ് ശകത്മായി നടപ്പാക്കിയിരുന്നില്ല.

Latest