Kerala
കോഴിക്കോട് ഉള്ള്യേരിയില്‍ ലാബ് ജീവനക്കാരിക്കുനേരെ ബലാത്സംഗ ശ്രമം; പരപ്പനങ്ങാടി സ്വദേശി പിടിയില്‍
ലാബ് തുറക്കാന്‍ എത്തിയ ജീവനക്കാരിയെ ഇയാള്‍ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു.

കോഴിക്കോട്|കോഴിക്കോട് ഉള്ള്യേരിയില്‍ ലാബ് ജീവനക്കാരിക്കുനേരെ ബലാത്സംഗ ശ്രമം. സംഭവത്തില്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിന്‍ പിടിയിലായി. ലാബ് തുറക്കാന്‍ എത്തിയ ജീവനക്കാരിയെ ഇയാള്‍ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. ബലാത്സംഗ ശ്രമത്തിനുശേഷം ഓടി രക്ഷപ്പെട്ട ഇയാളെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കുന്ദമംഗലത്തുവെച്ചാണ് പിടികൂടിയത്. ഇയാള്‍ ഒരു ഹോട്ടലില്‍ ജീവനക്കാരനാണ്.
ഇന്നലെ പുലര്‍ച്ചയാണ് സംഭവം ഉണ്ടായത്. പുലര്‍ച്ചെ സ്ഥാപനം തുറക്കാന്‍ ശ്രമിക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ഇയാള്‍ എത്തുകയായിരുന്നു. സ്ത്രീയോട് ആദ്യം സംസാരിച്ച ശേഷം പിന്നീട് ഫോണില്‍ സംസാരിക്കുന്നതായി ഭാവിച്ച് സ്ഥാപനത്തിന് പുറത്തേക്ക് എത്തി സമീപത്ത് ആരുമില്ലെന്ന് ഉറപ്പ് വരുത്തുകയുമായിരുന്നു. ശേഷം ലാബില്‍ കയറി സ്ത്രീയെ കടന്നുപിടിച്ചു. സ്ത്രീ ചെറുത്തുനിന്നതിനെ തുടര്‍ന്ന് ഇയാള്‍ ലാബില്‍ നിന്നും ഇറങ്ങി ഓടുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നു. യുവതി പിന്നാലെ ചെന്ന് നോക്കിയെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ നിന്നും ചികിത്സ നേടി. സിസിടിവി ദൃശ്യങ്ങള്‍ നോക്കി നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇന്ന് പ്രതിയെ പോലീസ് പിടികൂടിയത്.