From the print
ഖത്വറിനെതിരായ ആക്രമണം: ഏകീകൃത സൈനിക കമാന്‍ഡിന് നിര്‍ദേശം നല്‍കി ജി സി സി
ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും എല്ലാ അംഗങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണമായി കണക്കാക്കും.

ദോഹ | ഖത്വറിന് നേരെയുണ്ടായ ഇസ്‌റാഈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗള്‍ഫ് സഹകരണ (ജി സി സി) സുപ്രീം കൗണ്‍സില്‍ അടിയന്തര നടപടികള്‍ക്ക് ആഹ്വാനം ചെയ്തു. ജി സി സി ചാര്‍ട്ടര്‍, സംയുക്ത പ്രതിരോധ കരാര്‍ എന്നിവ പ്രകാരം ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും എല്ലാ അംഗങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണമായി കണക്കാക്കുമെന്നും കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു.
ഖത്വറിന്റെ പരമാധികാരവും സ്ഥിരതയും സുരക്ഷയും സംരക്ഷിക്കാന്‍ എല്ലാ കഴിവുകളും വിനിയോഗിക്കുമെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പ്രതിജ്ഞയെടുത്തു. പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, സംയുക്ത പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കുന്നതിനും ഗള്‍ഫിന്റെ പ്രതിരോധ ശേഷി പൂര്‍ണമായി വിന്യസിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഏകീകൃത സൈനിക കമാന്‍ഡിന് കൗണ്‍സില്‍ നിര്‍ദേശം നല്‍കി. അംഗരാജ്യങ്ങള്‍ക്കെതിരെയുണ്ടാകുന്ന ഏത് ആക്രമണത്തിനും ശക്തമായ പ്രതികരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആക്രമണം അവസാനിപ്പിക്കാനും ഖത്വറിന്റെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കാനും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജി സി സി കൗണ്‍സില്‍ അന്താരാഷ്ട്ര സമൂഹത്തോടും യു എന്‍ രക്ഷാസമിതിയോടും ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും ഇസ്‌റാഈലുമായി നിലവിലുള്ള കരാറുകള്‍ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ആക്രമണം തടയുന്നതില്‍ വേഗത്തില്‍ പ്രതികരിച്ച ഖത്വറിന്റെ സുരക്ഷാ-സിവില്‍ ഡിഫന്‍സ് അധികാരികളെയും കൗണ്‍സില്‍ പ്രശംസിച്ചു. ഈ ആക്രമണം, ഗസ്സയിലെ വെടിനിര്‍ത്തലിനും ബന്ദികളെ വിട്ടയക്കുന്നതിനും മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനും ഖത്വര്‍ നടത്തുന്ന മാധ്യസ്ഥ്യ ശ്രമങ്ങളെ അട്ടിമറിക്കുമെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
ഖത്വറിനെതിരായ ആക്രമണം ആ രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റവും മേഖലയിലെ സുസ്ഥിരതക്കെതിരായ ഭീഷണിയുമാണെന്ന് ഉച്ചകോടി നിരീക്ഷിച്ചു. ഇസ്റാഈലിനെതിരെ യു എന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇസ്ലാമിക് സഹകരണ സംഘടനയുടെ (ഒ ഐ സി) സെക്രട്ടറി ജനറല്‍ ഹുസൈന്‍ ഇബ്റാഹിം ത്വാഹയും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗെയ്തും ഖത്വറിനെതിരായ ഇസ്റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ചു.