National
ഗ്ലോബല്‍ മുസ്ലിം ബിസിനസ് ഫോറത്തില്‍ ഡോ. അസ്ഹരി പ്രസംഗിക്കും
മലേഷ്യന്‍ പ്രധാനമന്ത്രി ദാത്തോ അന്‍വര്‍ ഇബ്‌റാഹിം, ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റ് കെ എച്ച് മഹ്റൂഫ് അമീന്‍, മന്ത്രിസഭയിലെ മറ്റു പ്രമുഖര്‍ പങ്കെടുക്കും.

ക്വാലാലംപുര്‍ | മലേഷ്യയിലെ സുറവാക്കില്‍ വച്ച് നടക്കുന്ന ഗ്ലോബല്‍ മുസ്ലിം ബിസിനസ് ഫോറ (ജി എം ബി എഫ്) ത്തില്‍ മര്‍ക്കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പ്രസംഗിക്കും. സമ്മേളനത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി ദാത്തോ അന്‍വര്‍ ഇബ്‌റാഹിം, ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റ് കെ എച്ച് മഹ്റൂഫ് അമീന്‍, മന്ത്രിസഭയിലെ മറ്റു പ്രമുഖര്‍ പങ്കെടുക്കും.
ആഗോള ഇസ്ലാമിക സാമ്പത്തിക മേഖല നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും ഫോറത്തില്‍ ചര്‍ച്ചയാകും. ‘സുസ്ഥിര ഭാവിക്കായുള്ള ഗ്രീന്‍ ടെക്‌നോളജിയും, ഗ്രീന്‍ എനര്‍ജിയും’ എന്ന വിഷയത്തിലാണ് ഡോ. അസ്ഹരി പ്രസംഗിക്കുക.
മലേഷ്യയിലെ സ്പാനിഷ് അംബാസഡര്‍ ജോസ് ലൂയിസ് പാര്‍ഡോ ക്യൂര്‍ഡോ, എനര്‍ജി ആന്‍ഡ് എന്‍വിറോണ്‍മെന്റല്‍ സസ്‌ടൈബിലിറ്റി വകുപ്പ് ഉപമന്ത്രി ദാത്തോ ഹസ്ലാന്‍ഡ് ബിന്‍ അബാംഗ് തുടങ്ങിയവര്‍ ഈ സെഷനില്‍ പങ്കെടുക്കും. ഫോറത്തില്‍ പങ്കെടുക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഏക വ്യക്തിയാണ് ഡോ. അസ്ഹരി.