Connect with us

Kerala

നഴ്‌സിങ് വിദ്യാര്‍ത്ഥിയെ ആഷിഖ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് വാക്കുതര്‍ക്കത്തിന് പിന്നാലെ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പോലീസ് ചോദ്യം ചെയ്തപ്പോഴാണ് യുവാവിന് മറ്റ് പെണ്‍കുട്ടികളുമായുള്ള അടുപ്പത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് കൊലപാതകമെന്ന് കണ്ടെത്തുന്നത്.

Published

|

Last Updated

ചെന്നൈ| ചെന്നൈയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം തെന്മല സ്വദേശിയായ ഫൗസിയയെ സുഹൃത്തും കൊല്ലം സ്വദേശിയുമായ ആഷിഖ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് വാക്കുതര്‍ക്കത്തിന് പിന്നാലെയെന്ന് പോലീസ് പറഞ്ഞു.

ആഷിഖും ഫൗസിയയും കഴിഞ്ഞ മൂന്ന് ദിവസമായി ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ ഇയാളുടെ മൊബൈല്‍ ഫോണില്‍ മറ്റു പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള ചിത്രവും മെസേജും കണ്ടതിനെ ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്.

കൊലപാതകത്തിനുശേഷം പ്രതി ഫൗസിയ മരിച്ച് കിടക്കുന്ന ചിത്രം വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കുകയും യുവതിയുടെ പിതാവിന് അയച്ച് കൊടുക്കുകയും ചെയ്തതോടെയാണ് അതിക്രൂര കൊലപാതകം പുറത്തറിയുന്നത്. അഞ്ച് വര്‍ഷം തനിക്കൊപ്പം ഉണ്ടായിരുന്നിട്ട് ഒടുവില്‍ ചതിച്ചു, അതിന് എന്റെ സ്വന്തം കോടതിയില്‍ ശിക്ഷ എന്നായിരുന്നു പ്രതിയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്.

എന്നാല്‍ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് യുവാവിന് മറ്റ് പെണ്‍കുട്ടികളുമായുള്ള അടുപ്പത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് കൊലപാതകമെന്ന് കണ്ടെത്തുന്നത്. ക്രോംപേട്ട പോലീസ് കസ്റ്റഡിയിലാണ് യുവാവുള്ളത്. പോലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ആഷിഖ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മകള്‍ പറഞ്ഞതായി പെണ്‍കുട്ടിയുടെ പിതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യവും പോലീസ് പരിശോധിക്കും.

കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് കണ്ട സുഹൃത്തുക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഹോട്ടലിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പെണ്‍കുട്ടിയും ആഷിഖും അഞ്ച് വര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിച്ചതിന് ആഷിഖിനെതിരെ പോക്‌സോ കേസ് ചുമത്തി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയില്‍ മോചിതനായ ശേഷം ഫൗസിയയുമായി ബന്ധം നിലനിര്‍ത്താനായാണ് ആഷിഖ് ചെന്നൈയിലെത്തിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.