Connect with us

Articles

ജനാധിപത്യത്തെ ആധിപ്പെടുത്തുന്ന അറസ്റ്റുകള്‍

ഏറെക്കാലം മേവാനിയെ തടവറയില്‍ തളച്ചിടാനുള്ള ശ്രമത്തിന് പിന്നില്‍ ഉന്നത തലത്തിലുള്ള ഇടപെടല്‍ നടന്നിട്ടുണ്ടാകാം. നീതിപീഠത്തെ വരുതിക്ക് നിര്‍ത്താനുള്ള പലവിധ ശ്രമങ്ങള്‍ ഭരണകൂടം നടത്തുന്നുണ്ട്. ഗുജറാത്തില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനം ഭരിക്കുന്ന ബി ജെ പിയുടെ ഭരണഘടനാ വിരുദ്ധവും ജനതാത്പര്യത്തിനെതിരായതുമായ നടപടികള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിയുന്ന യുവ നേതാവാണ് ജിഗ്നേഷ് മേവാനി.

Published

|

Last Updated

ആയിരം കിലോമീറ്ററുകള്‍ക്കപ്പുറം മറ്റൊരു സംസ്ഥാനത്ത് നിന്ന് അര്‍ധ രാത്രി ഒരു പ്രതിപക്ഷ എം എല്‍ എയെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ക്രിമിനല്‍ നടപടി ചട്ടപ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണിത്. പ്രധാനമന്ത്രിക്കെതിരെ നടത്തിയ ചില ട്വീറ്റുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സംഭ്രമിപ്പിക്കുന്ന ഈ അറസ്റ്റ്. ഗുജറാത്ത് എം എല്‍ എ ജിഗ്നേഷ് മേവാനിക്കെതിരെ അസം പോലീസ് സ്വീകരിച്ച ക്രിമിനല്‍ നടപടി നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ആധിയുണ്ടാക്കുന്ന ചോദ്യങ്ങളുയര്‍ത്തുന്നതാണ്.

അസമില്‍ ജയിലിലടക്കപ്പെട്ട മേവാനിക്ക് ജാമ്യം ലഭിച്ച ഉടനെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തതില്‍ അസം പോലീസ് വീണ്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്തു എന്നായിരുന്നു ആരോപണം. പ്രസ്തുത കേസില്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഏപ്രില്‍ 29ന് ബര്‍പേട്ടയിലെ സെഷന്‍സ് ജഡ്ജ് നടത്തിയ നീതിന്യായ ഇടപെടലുകള്‍ ശ്രദ്ധേയവും ജനാധിപത്യ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതുമാണ്. രണ്ട് പുരുഷ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ സ്ഥിരബുദ്ധിയുള്ള ഒരാള്‍ അപമാനിക്കാന്‍ ശ്രമിക്കില്ല. ജിഗ്നേഷ് മേവാനി ബുദ്ധിഭ്രമമുള്ള ആളാണെന്ന് കരുതാനാകില്ലെന്ന് നിരീക്ഷിച്ച സെഷന്‍സ് ജഡ്ജ് എ ചക്രവര്‍ത്തി കേസ് കെട്ടിച്ചമച്ചതാണെന്ന് വിലയിരുത്തി കുറ്റാരോപിതന് ജാമ്യമനുവദിക്കുകയായിരുന്നു. മേവാനിയെ ദീര്‍ഘകാലം തടവിലിടാനുള്ള ശ്രമമാണിതെന്ന് തുറന്നു പറഞ്ഞ ജഡ്ജി അസം പോലീസിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും അമിതാധികാര പ്രയോഗങ്ങളെയും നന്നായി കുടഞ്ഞിട്ടുണ്ട്. ഈ കേസിലേത് പോലെയുള്ള വ്യാജ എഫ് ഐ ആറുകള്‍ തടയാന്‍ പോലീസ് സേനയെ പരിഷ്‌കരിക്കണം. വ്യാജ എറ്റുമുട്ടലുകള്‍ സംസ്ഥാനത്ത് പതിവ് പ്രതിഭാസമായിരിക്കുന്നു. അറസ്റ്റും റെയ്ഡും നടത്തുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശരീരത്തില്‍ ക്യാമറ ഘടിപ്പിക്കുക, പോലീസ് വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കുക തുടങ്ങിയ പരിഹാര നടപടികളും നിര്‍ദേശിച്ചിരിക്കുന്നു സെഷന്‍സ് ജഡ്ജി.

നിയമവിരുദ്ധമായ അറസ്റ്റിനെതിരെയുള്ള ഭരണഘടനാ പരിരക്ഷയാണ് ആര്‍ട്ടിക്കിള്‍ 22(2). വ്യക്തി സ്വാതന്ത്ര്യത്തെ ഭരണകൂടം അന്യായമായി നിഷേധിക്കുന്നതിനെതിരെയുള്ള മാന്‍ഡേറ്റുകളിലൊന്നാണിത്. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ 24 മണിക്കൂറിനകം അടുത്തുള്ള ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കണം. കുറ്റാരോപിതന്റെ മൗലികാവകാശം സംരക്ഷിക്കാന്‍ ബാധ്യതയുള്ള മജിസ്ട്രേറ്റ് പോലീസ് നടപടി പരിശോധിക്കണം. അറസ്റ്റിന്റെ നിയമസാധുതയും ആവശ്യവും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അക്കാര്യം രേഖപ്പെടുത്തിയ ശേഷം ഉണ്ടാകേണ്ട ജുഡീഷ്യല്‍ നടപടിയാണ് റിമാന്‍ഡ്. എന്നാല്‍ പോലീസ് കസ്റ്റഡി അപേക്ഷകളെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ യാന്ത്രികമായി സമീപിക്കുന്ന പ്രവണത നമ്മുടെ രാജ്യത്ത് കണ്ടുവരുന്നത് മാപ്പര്‍ഹിക്കാത്തതാണ്. പൗരന്റെ അടിസ്ഥാന അവകാശങ്ങള്‍ വകവെച്ചു കൊടുക്കുക എന്നത് നീതിന്യായ സംവിധാനങ്ങളുടെ നിയോഗമാണ്. എന്നാല്‍ അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താത്ത സമീപനം നമ്മുടെ ജുഡീഷ്യറിയുടെ അടിത്തറയെ ദുര്‍ബലപ്പെടുത്താന്‍ പോന്നതാണ്.

മജിസ്ട്രേറ്റുമാര്‍ക്കും വിചാരണാ കോടതി ജഡ്ജിമാര്‍ക്കും പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സുപ്രീം കോടതി ഓര്‍മപ്പെടുത്തിയിരുന്നു. പക്ഷേ ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വിചാരണാ കോടതികള്‍ പരാജയപ്പെടുന്നതാണ് പലപ്പോഴും നാം കാണുന്നത്. നീതിന്യായ വിചാരത്തോടെ ശരിയാം വിധം പരിശോധിക്കാതെ അന്വേഷണ ഏജന്‍സികള്‍ ചോദിക്കുന്ന മുറക്ക് കുറ്റാരോപിതരെ റിമാന്‍ഡ് ചെയ്യുന്നതില്‍ വലിയ അപകടമുണ്ട്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണെങ്കില്‍ അന്വേഷണ സംഘത്തിന്റെ ഇഷ്ടത്തിന് വിട്ടുകൊടുക്കുകയാണ് പലപ്പോഴും ഉത്തരവാദിത്വപ്പെട്ടവര്‍ ചെയ്യുന്നത്. അതുവഴി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറുന്ന സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരെയും പ്രതിശബ്ദങ്ങളുയര്‍ത്തുന്നവരെയും നിയമക്കുരുക്കില്‍ തളച്ചിടാനുള്ള ശ്രമങ്ങള്‍ക്ക് കൈകൊടുക്കുകയാണ് ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍ ചിലരെങ്കിലും ചെയ്യുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്വബോധം ഉള്‍ച്ചേര്‍ന്ന നടപടികള്‍ സ്വീകരിക്കാന്‍ മജിസ്ട്രേറ്റുമാര്‍ക്ക് പരിശീലനം നല്‍കണമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ദീപക് ഗുപ്ത നിര്‍ദേശിച്ചത് ഇത്തരമൊരു പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍. അങ്ങനെ വരുമ്പോള്‍ ജിഗ്നേഷ് മേവാനിയുടെ ഭരണഘടനാപരമായ അവകാശത്തിനൊപ്പം ഉറച്ച നിലപാട് സ്വീകരിച്ച ബാര്‍പേട്ട സെഷന്‍സ് ജഡ്ജിന്റെ നടപടി ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതാണ്.

ഏറെക്കാലം മേവാനിയെ തടവറയില്‍ തളച്ചിടാനുള്ള ശ്രമത്തിന് പിന്നില്‍ ഉന്നത തലത്തിലുള്ള ഇടപെടല്‍ നടന്നിട്ടുണ്ടാകാം. വര്‍ത്തമാനകാല ഇന്ത്യനവസ്ഥയില്‍ അതൊരു അപൂര്‍വ അപവാദമല്ല. നീതിപീഠ ത്തെ വരുതിക്ക് നിര്‍ത്താനുള്ള പലവിധ ശ്രമങ്ങള്‍ ഭരണകൂടം നടത്തുന്നുണ്ട്. ഗുജറാത്തില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനം ഭരിക്കുന്ന ബി ജെ പിയുടെ ഭരണഘടനാ വിരുദ്ധവും ജനതാത്പര്യത്തിനെതിരായതുമായ നടപടികള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിയുന്ന യുവ നേതാവാണ് ജിഗ്നേഷ് മേവാനി. അദ്ദേഹത്തെ പൂട്ടാനുള്ള ശ്രമം ഈ ഘട്ടത്തില്‍ പരാജയപ്പെട്ടു എന്നത് ജനാധിപത്യ ഇന്ത്യക്ക് ആശ്വാസ്യകരമാണ്.

ജാമ്യം നിയമവും ജയില്‍ അപവാദവും എന്നതാണ് നമ്മുടെ നീതിന്യായ തത്വം. പലപ്പോഴും ജുഡീഷ്യറി തന്നെ അതിന് കടകവിരുദ്ധമായ സമീപനം സ്വീകരിക്കുന്നതിന്റെ ഫലമാണ് രാജ്യത്തെ ജയിലുകളില്‍ വിചാരണ കാത്തിരിക്കുന്ന ഹതാശരായ ആയിരക്കണക്കിന് തടവുകാര്‍. അത് നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ മാറാവ്യാധിയായി മാറിയിരിക്കുന്നു. ഒപ്പം ലോകരാജ്യങ്ങള്‍ക്കിടയില്‍ ജനാധിപത്യ ഇന്ത്യക്ക് തീരാകളങ്കവുമാണത്.