Connect with us

National

അര്‍ജുന്റെ ട്രക്ക് കണ്ടെത്തി; രക്ഷാദൗത്യത്തിന് വെല്ലുവിളിയായി കനത്ത മഴ

അതിശക്തമായ മഴയെ അവഗണിച്ച് നാവികസേന സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചില്‍ നടത്താന്‍ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു

Published

|

Last Updated

ബെംഗളൂരു | ഗംഗാവലി നദിക്കടിയില്‍നിന്ന് കണ്ടെത്തിയ ലോറി അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. ഭാരത് ബെന്‍സ് ലോറിയാണ് പുഴക്കടിയില്‍ നിന്നും കണ്ടെത്തിയത്. അര്‍ജുന്റേതും ഇതേ ലോറി തന്നെയായിരുന്നു. കരയില്‍ നിന്നും 40 മീറ്റര്‍ അകലെ 15 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക് ഉള്ളത്.

ലോറി ഗംഗാവലി നദിയില്‍ കണ്ടെത്തിയ ഉടനെതന്നെ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക്  തിരിച്ചിരുന്നു. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചില്‍ നടത്താന്‍ കഴിയാതെ വന്നതോടെ നാവികസേന സംഘം മടങ്ങി. കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ രക്ഷാ പ്രവര്‍ത്തനം വളരെ ദുഷ്‌ക്കരമാണ്. എത്രത്തോളം മണ്ണ് നദിയില്‍ ട്രക്കിന് മുകളിലുണ്ടെന്നതിലും വ്യക്തതയില്ല.മഴയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച ബൂം എക്സ്‌കാവേറ്റര്‍ വീണ്ടും രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചിറങ്ങിയിട്ടുണ്ട്.

കനത്ത മഴയും കാറ്റും തിരച്ചിലിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് ഉത്തര കന്നട കലക്ടര്‍ പറഞ്ഞു.ട്രക്ക് കണ്ടെത്തിയ സ്ഥലം മാര്‍ക്ക് ചെയ്തു. കുത്തിയൊലിച്ചിറങ്ങുന്ന പുഴയില്‍ ഡൈവര്‍മാര്‍ക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.

കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ഗൗഡയാണ് പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചത്. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒന്‍പതാം ദിവസം പിന്നിടുമ്പോഴാണ് നിര്‍ണായക വിവരം പുറത്ത് വന്നത്.

 

Latest