Kerala
അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടും; ഉത്തരവിട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പന്‍ ആറ് വീടുകളും മൂന്ന് കടകളും തകര്‍ത്തിരുന്നു.

ഇടുക്കി | ഇടുക്കിയിലെ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിട്ടത്. ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പന്‍ ആറ് വീടുകളും മൂന്ന് കടകളും തകര്‍ത്തിരുന്നു.
ഇന്നലെ ചിന്നക്കനാല്‍ 301 കോളനിയിലെ വീട് അരിക്കൊമ്പന്‍ തകര്‍ത്തു. കോളനിയിലെ താമസക്കാരിയായ എമിലി ജ്ഞാന മുത്തുവിന്റെ വീടാണ് രാവിലെ നാലോടെ അരിക്കൊമ്പന്‍ തകര്‍ത്തത്. വീട്ടില്‍ ആളുള്ള സമയത്തായിരുന്നു കാട്ടാനയുടെ ആക്രമണം. ഭാഗ്യംകൊണ്ടാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ ചിന്നക്കനാല്‍ റേഷന്‍ കടയുടെ സമീപമെത്തി വാഴത്തോട്ടം നശിപ്പിച്ചിരുന്നു. റേഷന്‍ കടയുടെ അടുത്തേക്ക് പ്രവേശിക്കാന്‍ കഴിയാതെ സമീപത്തുള്ള വാഴത്തോട്ടം പൂര്‍ണമായി നശിപ്പിക്കുകയായിരുന്നു. ചിന്നക്കനാല്‍ സ്വദേശി ബേസില്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള 15 സെന്റിലധികം വരുന്ന സ്ഥലത്തെ വാഴക്കൃഷിയാണ് നശിപ്പിച്ചത്.
ഒരുമാസം മുമ്പ് ഇതേ റേഷന്‍ കടയുടെ വാതില്‍ തകര്‍ത്ത് ഒറ്റയാന്‍ ഒരു ചാക്ക് പഞ്ചസാര പുറത്തെടുത്ത് തിന്നിരുന്നു.