Connect with us

Articles

അഖ്‌സ: ഈ വിധിയിൽ അപകടമുണ്ട്

അൽ അഖ്‌സ പള്ളി കോമ്പൗണ്ടിനകത്ത് കയറി നിശ്ശബ്ദ പ്രാർഥന നടത്താൻ ജൂതർക്ക് അവകാശമുണ്ടെന്നാണ് ജറൂസലം കോടതി വിധി. ജൂതൻമാർ പലപ്പോഴും അൽ അഖ്‌സ കോന്പൗണ്ടിനകത്ത് കടക്കാറുണ്ടെങ്കിലും അത് അതിക്രമമായാണ് അന്താരാഷ്ട്ര ചട്ടങ്ങൾ മുഴുവൻ കണക്കാക്കുന്നത്. വെസ്റ്റേൺ വാളിനടുത്ത് ആരാധന നടത്താനേ ജൂതർക്ക് അനുവാദമുള്ളൂ. ബാബരി മസ്ജിന്റെ കാര്യത്തിലെന്നപോലെ തർക്കഗേഹമാക്കി മാറ്റാനുള്ള കൗശലത്തിന്റെ പ്രധാന ചുവടായി മജിസ്‌ട്രേറ്റ് കോടതി വിധിയെ കാണേണ്ടിയിരിക്കുന്നു.

Published

|

Last Updated

മസ്ജിദുൽ അഖ്‌സയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുമ്പോൾ ബാബരി മസ്ജിദിനെ പരാമർശിക്കാമോ? ബൈത്തുൽ മുഖദ്ദസിന് മേൽ സയണസ്റ്റുകൾ നടത്തുന്ന കുതന്ത്രങ്ങൾക്ക് ബാബരി ധ്വംസനവുമായി വല്ല സാമ്യവുമുണ്ടോ? അങ്ങനെ സാമ്യപ്പെടുത്തുന്നത് അനാവശ്യ ഭീതി സൃഷ്ടിക്കലാണോ? ചരിത്രത്തിൽ വേരാഴ്ത്തി നിൽക്കുന്ന സത്യത്തെ, നിയമവ്യവസ്ഥയെ തെറ്റിദ്ധരിപ്പിച്ചോ കോടതികളുടെ പിന്തുണയോടെയോ ചില ന്യായാധിപൻമാരുടെ പക്ഷപാതപരമായ സമീപനങ്ങൾ ഉപയോഗപ്പെടുത്തിയോ തകർത്ത് തരിപ്പണമാക്കാൻ സാധിക്കുമെന്നതിന്റെ വേദനാ പൂർണമായ ഉദാഹരണമായിരുന്നുവല്ലോ ബാബരി മസ്ജിദ് ധ്വംസനം. ആ അതിക്രമം എത്ര വേഗമാണ് ലെജിറ്റമസി കൈവരിച്ചത്. അവിടെ ഉയരുന്ന ക്ഷേത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാകുകയെന്നത് മതേതരത്വത്തിന്റെ അടയാളമായി മാറുകയാണല്ലോ. ബാബരിപ്പള്ളിയുടെ ചരിത്രം നിവർത്തിവെച്ച് വായിക്കുമ്പോൾ ഇസ്‌റാഈലിലെ ജറൂസലം മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം നടത്തിയ വിധി പ്രസ്താവം അതീവ ഗുരുതരമാണെന്ന് ബോധ്യമാകും. നിസ്സാരമെന്ന് തോന്നാവുന്ന നിരവധി തന്ത്രപരമായ നീക്കങ്ങളിലൂടെയും ചെറു കോടതി വിധികളിലൂടെയുമാണല്ലോ ബാബരി മസ്ജിദ് പതനം ഉറപ്പാക്കിയത്.

അൽ അഖ്‌സ പള്ളി കോമ്പൗണ്ടിനകത്ത് കയറി നിശ്ശബ്ദ പ്രാർഥന നടത്താൻ ജൂതർക്ക് അവകാശമുണ്ടെന്നാണ് ജറൂസലം കോടതി വിധി. ജൂത മിത്തുകളിൽ ഈ ഭൂവിഭാഗത്തിന് പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. പള്ളിക്കുള്ളിൽ പ്രവേശിക്കുന്നതിനും അവിടെ നിന്ന് പ്രാർഥന നടത്തുന്നതിനും ജൂതന്മാർക്ക് വിലക്കേർപ്പെടുത്താൻ പറ്റില്ലെന്നും അത് ക്രിമിനൽ കുറ്റമായി കണക്കാക്കരുതെന്നും മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ജൂതൻമാർ പലപ്പോഴും അൽ അഖ്‌സ കോന്പൗണ്ടിനകത്ത് കടക്കാറുണ്ടെങ്കിലും അത് അതിക്രമമായാണ് അന്താരാഷ്ട്ര ചട്ടങ്ങൾ മുഴുവൻ കണക്കാക്കുന്നത്. വെസ്റ്റേൺ വാളിനടുത്ത് ആരാധന നടത്താനേ ജൂതർക്ക് അനുവാദമുള്ളൂ. സംവത്സരങ്ങളായി തുടരുന്ന കീഴ്‌വഴക്കവും പെരുമാറ്റ ചട്ടവുമാണത്. ജൂത കുടിയേറ്റക്കാരനായ അർയേഹ് ലിപ്പോ എന്നയാൾ നൽകിയ പരാതിയിലാണ് കോടതിയുടെ ഏകപക്ഷീയമായ വിധി. ജറൂസലം ജില്ലാ കോടതി ഈ വിധി പുനഃപരിശോധിക്കാൻ തയ്യാറായെങ്കിലും പുതിയൊരു നിയമ വ്യവഹാരത്തിന് ഈ വിധി തുടക്കം കുറിച്ചിട്ടുണ്ട്.

അൽ അഖ്‌സയുടെ നിലവിലുള്ള സ്റ്റാറ്റസിന് പരുക്കേൽപ്പിക്കാനുള്ള ഊർജം പകർന്ന കീഴ്‌ക്കോടതി വിധി ഈ ദിശയിൽ സഞ്ചരിക്കാൻ ജൂത സംഘടകൾക്ക് അവസരം നൽകിയിരിക്കുകയാണ്. ബാബരി മസ്ജിന്റെ കാര്യത്തിലെന്നപോലെ തർക്കഗേഹമാക്കി മാറ്റാനുള്ള കൗശലത്തിന്റെ ആദ്യ ചുവടായി മജിസ്‌ട്രേറ്റ് കോടതി വിധിയെ കാണേണ്ടിയിരിക്കുന്നു.

ഈ വിധിക്കെതിരെ ഫലസ്തീനിൽ വൻ പ്രതിഷേധമാണ് അലയടിച്ചത്. അന്താരാഷ്ട്ര ഉടമ്പടി പ്രകാരം മസ്ജിദുൽ അഖ്‌സയുടെ നടത്തിപ്പ് ചുമതല ജോർദാനാണ്. നിയമപരമായി നിലനിൽക്കാത്തതാണ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയെന്ന് ജോർദാൻ ഭരണകൂടം വ്യക്തിമാക്കിയിരുന്നു. ഇസ്‌ലാമിന്റെ പൈതൃകം നശിപ്പിക്കാനാണ് ഇസ്‌റാഈൽ ശ്രമിക്കുന്നതെന്നും ലോക മുസ്‌ലിംകളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയാണിതെന്നും ജോർദാൻ ഔഖാഫ് പ്രതിനിധികൾ പ്രതികരിച്ചു. 1994ലെ സമാധാന ഉടമ്പടിയിൽ അൽ അഖ്‌സ മസ്ജിദിൽ ജൂതന്മാരുടെ കൈയേറ്റം തടയാൻ ഇസ്‌റാഈലും ജോർദാനും തമ്മിൽ ധാരണയായിരുന്നു. ഈ കരാർ അടിസ്ഥാനത്തിലാണ് മസ്ജിദുൽ അഖ്‌സയിലെ പ്രാർഥനയും മറ്റും നടന്നുവരുന്നത്.

അൽ അഖ്‌സയിൽ അതിക്രമം നടത്താനുള്ള ഇസ്‌റാഈൽ അധികൃതരുടെ നീക്കം പ്രകോപനപരമാണെന്ന് മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ ഐ സി സെക്രട്ടറി ജനറൽ യൂസുഫ് അൽ അസൈമീനും പ്രതികരിച്ചു. ഇസ്‌റാഈൽ നടപടിയെ ശക്തമായി പ്രതിരോധിക്കുമെന്ന് സായുധ സംഘമായ ഹമാസ് വ്യക്തമാക്കുകയുണ്ടായി. ജറൂസലമിലെ സംഘർഷാവസ്ഥ വർധിപ്പിക്കാൻ ഈ നടപടി കാരണമാകുമെന്ന് ഫലസ്തീൻ മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈൻ മുന്നറിയിപ്പ് നൽകുന്നു. അൽ അഖ്‌സയിലെ നിലവിലെ രീതിയിൽ മാറ്റം വരുത്താൻ ഇസ്‌റാഈലിന്റെ ജുഡീഷ്യൽ സംവിധാനത്തിന് സാധിക്കില്ലെന്നും അധികാര പരിധിയുടെ പുറത്തുള്ള വിഷയത്തിലേക്ക് അതിക്രമിച്ച് കടക്കുകയാണ് കോടതി ചെയ്തിട്ടുള്ളതെന്നും ഫലസ്തീൻ നിയമവിദഗ്ധൻ ഖാലിദ് സബർഖ വിശദീകരിക്കുന്നു. ഈ വിഷയത്തിൽ അമേരിക്ക മറുപടി പറയണമെന്ന ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇബ്‌റാഹീം ശാത്തയ്യയുടെ വാക്കുകൾ ഏറെ പ്രസക്തമാണ്. 1967ലെ ആറ് ദിന യുദ്ധത്തിൽ ഇസ്‌റാഈൽ പിടിച്ചടക്കിയ മസ്ജിദുൽ അഖ്‌സ ഉൾപ്പെടുന്ന കിഴക്കൻ ജറൂസലം ഫലസ്തീന് അവകാശപ്പെട്ടതാണെന്ന് യു എസ് കാർമികത്വത്തിൽ ഒപ്പുവെച്ച ഓസ്‌ലോ കരാറിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫലസ്തീനികളെ വഞ്ചിക്കുന്ന ആ കരാർ പോലും ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സാധ്യമാകുന്ന ഫലസ്തീന്റെ തലസ്ഥാനമാകേണ്ട ഇടമാണ് കിഴക്കൻ ജറൂസലമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്നും നടപ്പായിട്ടില്ലാത്ത ഈ കരാറിനെ പക്ഷേ യു എസ് ഇക്കാലം വരെ തള്ളിപ്പറഞ്ഞിട്ടില്ല. ജറൂസലമിനെ ഇസ്‌റാഈൽ തലസ്ഥാനമായി അംഗീകരിക്കണമെന്ന ആവശ്യം ഡൊണാൾഡ് ട്രംപ് വരുന്നത് വരെ ഒരു അമേരിക്കൻ പ്രസിഡന്റും ചെവിക്കൊണ്ടിട്ടുമില്ല. അത് അമേരിക്കയുടെ സൗമനസ്യമൊന്നുമല്ല. ലോകം നിരാക്ഷേപം അംഗീകരിച്ച വസ്തുതയെ ഒറ്റയടിക്ക് തള്ളാനാകില്ല എന്നത് കൊണ്ടാണ്. എന്നാൽ എല്ലാ വ്യവസ്ഥകളെയും കീറിയെറിഞ്ഞ, അവ്യവസ്ഥയുടെ ആൾരൂപമായ ട്രംപ് അധികാരത്തിൽ വന്നപ്പോൾ ജറൂസലം ഫയലിൽ ഒപ്പുവെച്ചു. ഈ ആത്മവിശ്വാസത്തിലാണ് അൽ അഖ്‌സയിലും കിഴക്കൻ ജറൂസലമിലാകെയും സയണിസ്റ്റ് തീവ്രവാദികൾ നിരന്തരം കുതന്ത്രങ്ങൾ പയറ്റുന്നത്. സംഘർഷം വിതക്കുന്നത്. കുടിയൊഴിപ്പിക്കുന്നത്. ഇതിന്റെ തുടർച്ചയാണ് ജറൂസലം കോടതി വിധി. അതുകൊണ്ട് യു എസ് തന്നെയാണ് ഇക്കാര്യത്തിൽ മറുപടി പറയേണ്ടത്. താൻ ട്രംപല്ല എന്നാണല്ലോ ജോ ബൈഡൻ പറഞ്ഞു കൊണ്ടിരിക്കുന്നത്.

അന്താരാഷ്ട്ര നിയമങ്ങളും സമാധാന ഉടമ്പടികളും വകവെക്കാതെ ജൂതതീവ്രവാദികൾക്ക് അനുകൂലമായി ഇസ്‌റാഈൽ കോടതി പ്രസ്താവിച്ച വിധിക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ട്. മസ്ജിദിനുള്ളിൽ അതിക്രമിച്ച് കടക്കാൻ ജൂതന്മാർക്ക് പ്രേരണ നൽകുന്നതാണ് ഈ വിധി. നിയമപരമായി സാധുതയില്ലെങ്കിലും ഈ കീഴ്‌കോടതി വിധിയുടെ ബലത്തിൽ മസ്ജിദിനകത്തേക്ക് പ്രവേശിക്കാൻ ജൂതന്മാരെത്തും. പൊതുവേ ഇത്തരം അതിക്രമങ്ങളോട് നിസ്സംഗത കാണിക്കുന്ന ഇസ്‌റാഈലി പോലീസിന് കോടതി വിധി ഒരു പിടിവള്ളിയാകും. ഹമാസിനെപ്പോലുള്ള ഗ്രൂപ്പുകൾ പ്രതിരോധിക്കാനിറങ്ങുന്നതോടെ സ്ഥിതി അത്യന്തം സങ്കീർണമാകും. ഈ ചോരക്കളി തന്നെയാണ് ആദ്യ ഘട്ടത്തിൽ സയണിസ്റ്റുകൾ ആഗ്രഹിക്കുന്നത്.

ഫാസിസം എക്കാലത്തും എവിടെയും മതത്തെ രാഷ്ട്രീയ വ്യാമോഹങ്ങൾക്കുള്ള ഉപാധിയാക്കി മാറ്റിയിട്ടുണ്ട്. വിശ്വാസങ്ങളെയും ആരാധനാലയങ്ങളെയും മിത്തുകളെയുമൊക്കെ അത് തന്ത്രപൂർവം ഉപയോഗിക്കുന്നു. വൈകാരികമായ പ്രതികരണങ്ങളിലേക്ക് മനുഷ്യരെ തള്ളിവിടാനുള്ള ഉപാധികളാണ് ഫാസിസത്തിന് ഇവ. അഖ്‌സ പള്ളിക്ക് ചുറ്റും നടക്കുന്നതും കിഴക്കൻ ജറൂസലമിലും വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ മേഖലകളിലാകെയും വ്യാപിക്കുന്നതുമായ സംഘർഷത്തിന്റെ ലക്ഷ്യമതാണ്. ഇത്തരം സംഘർഷങ്ങളിലേക്ക് ജനങ്ങളെ തള്ളിവിടുകയെന്ന ദൗത്യമാകും മജിസ്‌ട്രേറ്റ് കോടതി വിധി നിർവഹിക്കുക.

മസ്ജിദുൽ അഖ്‌സയെക്കുറിച്ച് വിധിക്കാൻ ഒരു ഇസ്‌റാഈൽ കോടതിക്കും അവകാശമില്ലെന്നിരിക്കെയാണ് ജറൂസലം കീഴ്‌ക്കോടതി നിശ്ശബ്ദ പ്രാർഥനക്ക് അനുമതി കൊടുത്തത്. ജൂതർക്ക് ടെന്പിൽ മൗണ്ടിൽ പ്രാർഥിക്കാൻ അവകാശമുണ്ടെന്ന് ഇസ്റാഈൽ സുപ്രീം കോടതി വിധിച്ചിരുന്നുവെങ്കിലും ആ വിധി നടപ്പാക്കണമെന്ന് ശഠിക്കാൻ കോടതി തയ്യാറായില്ല. അന്താരാഷ്ട്ര നിയമങ്ങളുമായി ഏറ്റുമുട്ടുമെന്നത് കൊണ്ടായിരുന്നു അത്. ജൂതരാഷ്ട്ര സംസ്ഥാപനത്തിന് അടിത്തറ പാകിയ ബാൽഫർ പ്രഖ്യാപനം തന്നെ വിശുദ്ധ ഗേഹങ്ങളുടെ കാര്യത്തിൽ സ്റ്റാറ്റസ്‌കോ പാലിക്കണമെന്ന് നിഷ്‌കർഷിക്കുന്നുണ്ട്. 1948ൽ ഇസ്‌റാഈൽ പിറക്കുന്നതിന്റെ പശ്ചാത്തലത്തിൽ യു എൻ ഇറക്കിയ 194ാം നമ്പർ പ്രമേയത്തിലും ഇത് വ്യക്തമായി പറയുന്നു. വിശുദ്ധ പ്രദേശങ്ങളും കെട്ടിടങ്ങളും അതേപടി സംരക്ഷിക്കേണ്ടിയിരിക്കുന്നു. അവിടേക്ക് മുസ്‌ലിംകൾക്ക് പ്രവേശിക്കാനും ആരാധനാ കർമങ്ങൾ നടത്താനും എല്ലാ സൗകര്യവും ഒരുക്കണം.

നിലവിലുള്ളതും ചരിത്രപരമായി തുടർന്നു വരുന്നതുമായ ചട്ടങ്ങളിലും വിധിവിലക്കുകളിലും ഒരു മാറ്റവും പാടില്ലെന്നാണ് ഈ പ്രമേയം വ്യക്തമാക്കുന്നത്. 12ഓളം ഗേറ്റുകളുള്ള അൽ അഖ്‌സ ചത്വരത്തിന്റെ അകത്ത് കടക്കാതെ തന്നെ പടിഞ്ഞാറൻ ചുമരിനടുത്ത് പ്രാർഥന നടത്താനാണ് ജൂതൻമാർക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇത് വർഷങ്ങളായി തുടരുന്ന ക്രമീകരണമാണ്. ജൂത പുതുവത്സരത്തോടനുബന്ധിച്ചും വിശുദ്ധ റമസാനിലുമൊക്കെ ജൂതതീവ്രവാദികൾ ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനെത്തും. പ്രദേശത്തിന്റെ സുരക്ഷാ ചുമതലയുള്ള ഇസ്‌റാഈൽ പോലീസിന്റെ പിന്തുണയോടെയാണ് ഇത് നടക്കുക. മുസ്‌ലിംകളല്ലാത്തവർക്ക് പ്രവേശം നിരോധിച്ച ഗേറ്റിലൂടെ തന്നെ അകത്ത് കടക്കാൻ ശ്രമിക്കും. മുസ്‌ലികളെ തെറിവിളിക്കും. മുദ്രാവാക്യം മുഴക്കും. പോലീസ് അറസ്റ്റ് ചെയ്ത് നീക്കുക മുസ്‌ലിംകളെയാണ്. ഇക്കഴിഞ്ഞ റമസാനിൽ അൽ അഖ്‌സയിലും ശൈഖ് ജർറാഹിലും സയണിസ്റ്റ് തീവ്രവാദികൾ നടത്തിയ അതിക്രമമാണ് ഗസ്സയിൽ ഒരിക്കൽ കൂടി ഇസ്‌റാഈൽ കൂട്ടക്കൊലക്ക് വഴിയൊരുക്കിയത്.

ജൂതരാഷ്ട്രം ആഗോള പിന്തുണ ആർജിക്കുന്നത് തങ്ങൾ വലിയ സുരക്ഷാ ഭീതിയിലാണെന്ന നുണ പ്രചരിപ്പിച്ചു കൊണ്ടാണ്. അതിന് ഇടക്കിടക്ക് സംഘർഷങ്ങൾ വേണം. മസ്ജിദുൽ അഖ്‌സയെ പ്രശ്‌ന കേന്ദ്രമാക്കുന്നതിന് പിന്നിൽ ഈ രാഷ്ട്രീയം കൂടിയുണ്ട്. അതുകൊണ്ട് കീഴ്‌ക്കോടതി വിധി ജില്ലാ കോടതി തിരുത്തിയത് കൊണ്ടായില്ല. മസ്ദുൽ അഖ്‌സയിലെ ക്രമീകരണത്തിൽ ഒരു ഇസ്‌റാഈൽ കോടതിക്കും ഇടപെടാനാകാത്ത വിധം അന്താരാഷ്ട്ര തീർപ്പാണ് ഉണ്ടാകേണ്ടത്. ഈ വിശുദ്ധ ഭൂമി ഇസ്‌റാഈൽ അധിനിവേശത്തിന് കീഴിലായതിനാൽ ഇടപെടൽ അനിവാര്യമാണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest