Kerala
വി സിമാരുടെ നിയമനം; ജസ്റ്റിസ് സുധാംശു ധൂലിയയെ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്‌സനായി നിയമിച്ച് സുപ്രീം കോടതി
സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി നടപടി.

ന്യൂഡല്‍ഹി | ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനയവുമായി ബന്ധപ്പെട്ട സെര്‍ച്ച് കമ്മറ്റിയുടെ ചെയര്‍പേഴ്‌സനായി ജസ്റ്റിസ് സുധാംശു ധൂലിയയെ നിയമിച്ച് സുപ്രീം കോടതി. സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി നടപടി. രണ്ടാഴ്ചക്കുള്ളില്‍ സെര്‍ച്ച് കമ്മറ്റി രൂപീകരിക്കണമെന്നാണ് നിര്‍ദ്ദേശം. കമ്മറ്റിയില്‍ യുജിസി പ്രതിനിധി ഉണ്ടാകില്ല.
രണ്ടുമാസത്തിനുള്ളില്‍ വിസിമാരെ നിയമിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.സംസ്ഥാനത്തിന്റെയും ചാന്‍സലറുടേയും രണ്ട് വീതം നോമിനികള്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കമ്മിറ്റിയിലെ മറ്റ് അംഗങ്ങളെ സേര്‍ച്ച് കമ്മിറ്റി ചെയര്‍മാന് തീരുമാനിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.
കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത ബംഗാള്‍ കേസില്‍ നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് യുയു ലളിതിനെ സെര്‍ച്ച് കമ്മിറ്റി ചെയര്‍മാന്‍ ആക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടി ആ വിധിക്ക് സമാനമായ വിധി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ചില്ലെങ്കില്‍ വിസി നിയമനം ഏകപക്ഷീയമായ നടപടിയിലേക്ക് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ സുപ്രീം കോടതി ജഡ്ജ് സുധാംശു ധൂലിയെ സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനാക്കി ഉത്തരവിറക്കി. സേര്‍ച്ച് കമ്മിറ്റി അധ്യക്ഷന് ഓരോ സിറ്റിങിനും മൂന്ന് ലക്ഷം വീതം ഓണറേറിയം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു
സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വിസി നിയമനത്തിനായി പത്രപരസ്യം നല്‍കണം. അതുപരിശോധിച്ച സെര്‍ച്ച് കമ്മറ്റി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിസി സ്ഥാനത്തേക്ക് മൂന്ന് പാനലുകള്‍ നിര്‍ദേശിക്കണം. പാനല്‍ മുഖ്യമന്ത്രിക്ക് നല്‍കണം. പാനലില്‍ നിന്ന് ഒരാളെ മുഖ്യമന്ത്രി നിര്‍ദേശിക്കണം. മുഖ്യമന്ത്രിയുടെ നിര്‍ദേശം ചാന്‍സലര്‍ അംഗീകരിക്കണം. എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു