Kerala
വീണ്ടും ശക്തമായ മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം പൂർണമായും അടച്ചു
അടിവാരം പുഴയില്‍ മലവെള്ളപ്പാച്ചില്‍

താമശ്ശേരി | കനത്ത മഴക്കൊപ്പം വീണ്ടും ശക്തമായ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് താമരശ്ശേരി ചുരം റോഡ് പൂർണമായും അടച്ചു. കഴിഞ്ഞ ദിവസം റോഡിലേക്ക് കടപുഴകിയ മരവും ഇടിഞ്ഞുവീണ മണ്ണും മാറ്റി ഗതാഗതം നേരിയ തോതിൽ പുനരാരംഭിച്ചതിന് പിന്നാലെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. പാറക്കഷണങ്ങളും മണ്ണും റോഡില്‍ വൻതോതിൽ വീണു. കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളെ തിരിച്ചുവിടുകയാണ്. ലക്കിടിയിലും അടിവാരത്തുമാണ് യാത്രക്കാർ കുടുങ്ങിക്കിടക്കുന്നത്.
ആംബുലന്‍സ് പോലെയുള്ള അത്യാവശ്യ വാഹനങ്ങളെ തടസ്സം മാറ്റി കടത്തിവിടാനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്. ഉച്ചയോടെയാണ് മണ്ണിടിച്ചിൽ രൂക്ഷമായത്. ഇതോടെ വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്ര പ്രതിസന്ധിയിലായി.
രാവിലെ മുതല്‍ മഴ ശക്തമാണ്. അടിവാരം പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. മലയോരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മഴ തുടരുന്നതിനാല്‍ വീണ്ടും ചുരത്തില്‍ മണ്ണിടിച്ചിലുണ്ടാകുമെന്നാണ് ആശങ്ക.
ഇന്നലെ രാത്രി മുതൽ ഈ ഭാഗത്ത് ചെറിയ വഴി നിർമിച്ചാണ് കുടുങ്ങിക്കിടന്ന വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും സഹകരിച്ചാണ് പ്രദേശത്ത് നിന്ന് പാറക്കല്ലുകൾ നീക്കം ചെയ്യുന്നത്. തുടർച്ചയായി മഴയും കനത്ത കോടയും കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കലക്ടറും ജനപ്രതിനിധികളും ഇവിടെയെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു.