International
റഷ്യക്കെതിരായ സൈബര്‍ ആക്രമണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹാക്കര്‍ സംഘം അനോണിമസ്
പുതിയ ആക്രമണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് വിവരം.

ന്യൂഡല്‍ഹി| റഷ്യയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എത്തിക്കല്‍ ഹാക്കിംഗ് സംഘമായ അനോണിമസ്. റഷ്യന്‍ പ്രതിരോധ വകുപ്പിന്റെയും ക്രെംലിന്റെയും വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത് തങ്ങളാണെന്ന് അനോണിമസ് അവകാശപ്പെട്ടു. .ആര്‍യു എന്ന എക്സ്റ്റന്‍ഷനുള്ള എല്ലാ സര്‍ക്കാര്‍ വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം തകര്‍ക്കാന്‍ സാധിച്ചെന്നാണ് ഹാക്കര്‍ ഗ്രൂപ്പ് പറയുന്നത്.
പുട്ടിന്‍ റഷ്യയില്‍ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. അത് മറികടന്നുള്ള ആക്രമണങ്ങളാണ് സംഘം നടത്തുന്നതെന്ന് അനോണിമസ് അവകാശപ്പെട്ടു. എന്നാല്‍ യുക്രൈനിലുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസമില്ലാതെ ലഭിക്കാനായി അനോണിമസ് പരിശ്രമിക്കുന്നുണ്ടെന്നും ഹാക്കര്‍ ഗ്രൂപ്പ് പറഞ്ഞു. വെള്ളിയാഴ്ചയാണ് അനോണിമസുമായി ബന്ധപ്പെട്ട ഹാക്കര്‍ അക്കൗണ്ടുകള്‍ പുട്ടിനെതിരെ സൈബര്‍ യുദ്ധം പ്രഖ്യാപിച്ചത്.
പുതിയ ആക്രമണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് വിവരം. വെബ്സൈറ്റ് ക്രെംലിന്‍ ഉള്‍പ്പെടെ ഏഴ് വെബ്സൈറ്റുകളാണ് പൂര്‍ണമായും പ്രവര്‍ത്തന രഹിതമായതെന്നാണ് യുക്രൈന്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പ്രസിഡന്റ് ഓഫീസ് വെബ്സൈറ്റിന് പുറമേ നിരവധി സര്‍ക്കാര്‍ വകുപ്പുകളുടേയും റഷ്യന്‍ മാധ്യമങ്ങളുടേയും വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അതിര്‍ത്തികളില്‍ സായുധ സേനയുടെ ആക്രമണത്തിനൊപ്പം യുക്രൈനെതിരെ റഷ്യയുടെ സൈബര്‍ ആക്രമണവും നടത്തിയിരുന്നു. പല സര്‍ക്കാര്‍ വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ബേങ്കിംഗ് മേഖലക്കെതിരെയും സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.