From the print
അങ്കണ്‍വാടി: പുതിയ മെനുവിലെ ഭക്ഷണം സൂപറെന്ന് മന്ത്രി
സംസ്ഥാനതല പരിശീലനം ആരംഭിച്ചു

തിരുവനന്തപുരം | അങ്കൺവാടികളിലെ പുതിയ മെനുവിലെ ഭക്ഷണം സൂപറാണെന്ന് മന്ത്രി വീണാ ജോര്‍ജ്. അങ്കണ്‍വാടികളുടെ പരിഷ്‌കരിച്ച മാതൃകാ ഭക്ഷണ മെനുവില്‍ പരിശീലനം നല്‍കുന്നതിനായി കോവളത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്ആന്‍ഡ് കേറ്ററിംഗ് ടെക്‌നോളജിയില്‍ സംഘടിപ്പിച്ച ത്രിദിന ശിൽപ്പശാല സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വനിതാ- ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഐ എച്ച് എം സി ടി ഷെഫുമാരുള്‍പ്പെടെയുള്ള സംഘവും ആരോഗ്യ വിദഗ്ധരും ചേര്‍ന്നാണ് പരിശീലനം നല്‍കിയത്. മുട്ട ബിരിയാണി ആന്‍ഡ് ഫ്രൂട്ട് കപ്പ്, ന്യൂട്രി ലഡു, വെജിറ്റബിള്‍ പുലാവ് ആന്‍ഡ് സാലഡ്, ബ്രോക്കണ്‍ വീറ്റ് പുലാവ്, ഇലയട തുടങ്ങിയ പ്രധാന വിഭവങ്ങളിലാണ് പരിശീലനം നല്‍കിയത്.
“ഉപ്പുമാവ് വേണ്ട, ബിര്‍ണാണി മതി’ എന്ന് കായംകുളം ദേവികുളങ്ങരയിലെ മൂന്ന് വയസ്സുകാരന്‍ ശങ്കുവിന്റെ ആവശ്യമാണ് അങ്കണ്‍വാടികളിലെ മെനു സംവിധാനം പരിശോധിക്കുന്നതിനും നടപ്പാക്കുന്നതിനും പ്രചോദനമായത്. ബിരിയാണിയും പുലാവും ഉള്‍പ്പെടെ പാചകം ചെയ്യുന്നതിനുള്ള മാസ്റ്റര്‍ പരിശീലകര്‍ക്കുള്ള പരിശീലനമാണ് നടത്തിയത്.
ഓരോ ജില്ലയില്‍ നിന്നും സൂപര്‍വൈസര്‍മാരും സി ഡി പി ഒമാരും ഉള്‍പ്പെടെ നാല് പേര്‍ വീതം 56 പേരാണ് പങ്കെടുത്തത്. ഇവര്‍ ജില്ലാ തലത്തിലും തുടര്‍ന്ന് അങ്കണ്‍വാടി തലത്തിലും പരിശീലനം നല്‍കും. അങ്കണ്‍വാടിയില്‍ ലഭ്യമാകുന്ന വിഭവങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നത്.
വനിതാ- ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, ജോ. ഡയറക്ടര്‍ ശിവന്യ, ഐ എച്ച് എം സി ടി പ്രിന്‍സിപ്പല്‍ ഡോ. ടി അനന്തകൃഷ്ണന്‍, സ്റ്റേറ്റ് ന്യൂട്രീഷ്യന്‍ ഓഫീസര്‍ ലിയ എം ബി പിള്ള പങ്കെടുത്തു.