Connect with us

aranmula anitha death

അനിത മരണം: കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതിനാവശ്യമായ ഇടപെടല്‍ നടത്തും- വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍

വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

Published

|

Last Updated

പത്തനംതിട്ട | കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതിനാവശ്യമായ ഇടപെടല്‍ വനിതാ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. ആറന്മുള മല്ലപ്പുഴശേരി പഞ്ചായത്തിലെ കുറുന്താര്‍ ഹൗസ് സെറ്റ് കോളനിയില്‍ സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച അനിതയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അംഗം. ചികിത്സയും പരിചരണവും കിട്ടാതെ ഗര്‍ഭിണിയായ അനിതയും ശിശുവും മരിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രൂരമായ പീഡനങ്ങള്‍ക്ക് സ്ത്രീകള്‍ വിധേയമാകേണ്ടി വരുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് അനിതയുടെ മരണം. കേരളത്തിലെ സ്ത്രീകള്‍ക്ക് സ്വന്തം വീടുകളില്‍ സമാധാനമായി നിര്‍ഭയമായി ജീവിക്കുവാനുള്ള കുടുംബാന്തരീക്ഷവും സാമൂഹിക ചുറ്റുപാടും ഉണ്ടാകണം എന്നതാണ് സര്‍ക്കാറിന്റെയും വനിതാ കമ്മീഷന്റേയും നിലപാട്. ഒരു സ്ത്രീയുടെ ജീവിക്കാനുള്ള അവകാശത്തേയും ആഗ്രഹത്തേയുമാണ് അവളുടെ അനുവാദമില്ലാതെ തകര്‍ത്തിരിക്കുന്നത്. സ്വതന്ത്രമായി, നിര്‍ഭയമായി, അന്തസും അഭിമാനവുമായി ജീവിക്കുവാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട്. അവ നിഷേധിക്കപ്പെടുമ്പോള്‍ അവിടെ നിന്നും ഇറങ്ങുവാനും, ഇറക്കി വിടുവാനും സ്ത്രീകള്‍ തയ്യാറാകണമെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാറാ ടീച്ചര്‍, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഉഷാകുമാരി, വാര്‍ഡ് അംഗങ്ങളായ സജി ഭാസ്‌കര്‍, ശ്രീരേഖ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി ഈശോ, രാഷ്ട്രീയ കക്ഷി നേതാക്കള്‍ പങ്കെടുത്തു.