Connect with us

Articles

പാരയായി പരിഷ്‌കാരങ്ങള്‍; ഇരുട്ടടിയായി ഇ-പോസ്

ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ-പോസ്) സംവിധാനം തകരാറിലായതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ റേഷന്‍ കടകളിലെല്ലാം റേഷന്‍ വിതരണം സ്തംഭിച്ചിരിക്കുകയായിരുന്നു. ഇതുവരെയും പ്രശ്നത്തിന് പൂര്‍ണ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് വാര്‍ത്തകള്‍. കേരളത്തിലെ പതിനാലായിരത്തോളം റേഷന്‍ കടകളാണ് ഇതുമൂലം അടച്ചിട്ടത്. ഇത്രയധികം റേഷന്‍ കടകള്‍ അടച്ചിടുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ്.

Published

|

Last Updated

മോദി സര്‍ക്കാര്‍ എഫ് സി ഐ ഉള്‍പ്പെടെ ഭക്ഷ്യമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ പുതിയൊരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ പരിധി വെട്ടിക്കുറക്കുക, ധാന്യ സംഭരണം സമ്പൂര്‍ണമായും സ്വകാര്യവത്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പുതിയ കമ്മിറ്റിക്കും വെക്കാനുണ്ടായിരുന്നത്. ഓരോ വര്‍ഷവും സര്‍ക്കാര്‍ സംഭരിക്കുന്ന അരിയുടെയും ഗോതമ്പിന്റെയും അളവ് ഗണ്യമായി കുറഞ്ഞു. തത്്സ്ഥാനത്ത് സംഭരണ രംഗത്തേക്ക് കുത്തകകള്‍ കടന്നുവന്നു. കുത്തകകള്‍ക്കു വേണ്ടി ഇറക്കുമതി തീരുവയും കുറച്ചുകൊടുത്തു. മുന്‍ സര്‍ക്കാറിന്റെ കാലത്ത് 25 ശതമാനം ആയിരുന്ന ഇറക്കുമതി ചുങ്കം മോദി സര്‍ക്കാര്‍ 10 ശതമാനമാക്കി. ഈ പരിഷ്‌കാരങ്ങളെല്ലാം കൂടെയായപ്പോള്‍ ജനങ്ങള്‍ക്ക് റേഷന്‍ ഇല്ലാതെയായി. പല പേരിലുള്ള പദ്ധതികള്‍ക്ക് ഒരു ലക്ഷ്യമേയുള്ളൂ, ജനങ്ങള്‍ക്കുള്ള സകല ആനുകൂല്യങ്ങളും നിര്‍ത്തലാക്കുക. പകരം കുത്തകകള്‍ക്ക് വാരിക്കോരി കൊടുക്കുക. നോട്ട് നിരോധനം ജനജീവിതത്തെ കടക്കെണിയിലും വറുതിയിലും ആക്കിയിരിക്കുമ്പോള്‍ പോലും കുത്തകകളുടെ കോടികള്‍ നിര്‍ലജ്ജം എഴുതിത്തള്ളിയത് ഈ അവസരത്തില്‍ ഓര്‍മിക്കേണ്ടതാണ്.

കേരളത്തില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പ്രതിസന്ധിക്ക് മറ്റൊരു കാരണം കേന്ദ്ര സബ്സിഡി ലഭിക്കാത്ത പ്രശ്‌നമാണ്. സബ്സിഡി ഇനി ലഭിക്കുമോയെന്ന സംശയം നിലനില്‍ക്കുന്നു. സബ്സിഡി നിഷേധിക്കപ്പെടാനുള്ള കാരണമാകട്ടെ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയില്ലെന്നതും.

ഭക്ഷ്യസുരക്ഷാ നിയമം പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ യു ഡി എഫ് ആണ് കേരളം ഭരിച്ചിരുന്നത്. അനൂപ് ജേക്കബായിരുന്നു അന്ന് കേരളത്തിന്റെ ഭക്ഷ്യവകുപ്പ് മന്ത്രി. ഭക്ഷ്യസുരക്ഷാ നിയമം കേരളത്തില്‍ നടപ്പാക്കുമ്പോള്‍ ഒരു കോടി തൊണ്ണൂറ് ലക്ഷം ആളുകള്‍ റേഷന്‍ സംവിധാനത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന കാര്യം വ്യക്തമായിരുന്നു.

റേഷനെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്. റേഷന്‍ ഇല്ലാതെയാകുന്നുവെന്നത് വലിയ തിരിച്ചടിക്ക് കാരണമാകും. സ്വതവേ പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങള്‍ നേരിടുന്ന ആദിവാസി മേഖലകളില്‍ വളരെ പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടവരുത്തും. സ്‌കൂളുകളുടെയും അങ്കണ്‍വാടികളുടെയും പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. ഇത് റേഷന്റെ മാത്രം പ്രശ്നമല്ല. പൊതുവിപണിയിലെ വിലയുടെയും കൂടെ വിഷയമാണ്.

1991 മുതലാണ് സാമ്പത്തിക രംഗത്തെ അടിമുടി ഉടച്ചുവാര്‍ക്കുന്ന പരിഷ്‌കാരങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കിത്തുടങ്ങിയത്. പുതിയ സാമ്പത്തിക-വ്യവസായ നയങ്ങളെന്ന പേരില്‍ ആരംഭിച്ച ആഗോളവത്കരണ നയങ്ങളുടെ തുടര്‍ച്ചയായി രംഗപ്രവേശം ചെയ്ത നയങ്ങളും ഗാട്ട് കരാറും ഡങ്കല്‍ നിര്‍ദേശങ്ങളുമെല്ലാം മുന്നോട്ടുവെച്ചത് ജനങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡി നിര്‍ത്തലാക്കുക എന്നതായിരുന്നു. അതില്‍ പ്രധാനമായിരുന്നു ‘ഭക്ഷ്യ സബ്സിഡി’. 1991ന് ശേഷം അധികാരത്തില്‍ വന്ന എല്ലാ സര്‍ക്കാറുകളും വാജ്പയിയുടെ ബി ജെ പി സര്‍ക്കാറും ഗാട്ട് കരാറിനും ഡങ്കല്‍ നിര്‍ദേശങ്ങള്‍ക്കും വിധേയരായിക്കൊണ്ടാണ് നയങ്ങള്‍ ആവിഷ്‌കരിച്ചത്. തുടര്‍ന്ന് ആവിഷ്‌കരിക്കപ്പെട്ട നയങ്ങള്‍ ഇന്ത്യയിലെ കാര്‍ഷിക രംഗത്തിന്റെ നടുവൊടിച്ചു. നാല് ലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വിളക്ക് വിലയില്ലാതെ ഓരോ വിളവെടുപ്പുകാലവും കര്‍ഷകന്റെ കണ്ണീര് കൊണ്ട് മണ്ണ് നനയുകയാണ്. ആര്‍ത്തി പെരുത്ത കുത്തകകള്‍ക്കു വേണ്ടി നയങ്ങളാവിഷ്‌കരിക്കുന്ന ഭരണാധികാരികള്‍ക്ക് പക്ഷേ ആ കണ്ണീരോ ജനങ്ങളുടെ വേദനയോ കാണാനാകുന്നില്ല.

ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെടുത്ത പട്ടിണി മരണങ്ങളും ക്ഷാമങ്ങളും തുടര്‍ക്കഥയായപ്പോഴാണ് എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുക എന്ന ജനക്ഷേമകരമായ കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തി സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം ആരംഭിച്ചത്. 1965ലാണ് കേരളത്തില്‍ റേഷന്‍ സമ്പ്രദായം നിലവില്‍ വന്നത്. ഇന്ത്യയിലെ തന്നെ മെച്ചപ്പെട്ട സമ്പ്രദായമായിരുന്നു കേരളത്തിലേത്. ഒരുപക്ഷേ പൊതുവിതരണ സമ്പ്രദായത്തിനു തന്നെ ഒരു മാതൃകയും. അഞ്ച് പതിറ്റാണ്ടിലേറെയായി നിലനിന്നുപോരുന്ന സമ്പ്രദായത്തെ പൊളിച്ച് കൈയില്‍ കൊടുക്കുന്നതിനുള്ള നയങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. റേഷന്‍ കടകളില്‍ ആധുനികവത്കരണമെന്ന് പറഞ്ഞ് കൊണ്ടുവന്ന ഇ-പോസ് സംവിധാനം ഉപഭോക്താക്കള്‍ക്ക് നാമമാത്രമായ അരി പോലും കൊടുക്കാതിരിക്കാനാണെന്ന് ഇപ്പോള്‍ തിരിച്ചറിയുകയാണ്.

റേഷന്‍ കടകളില്‍ ഏര്‍പ്പെടുത്തിയ ഇ-പോസ് സംവിധാനം തകരാറിലാകുന്നത് പതിവായതോടെ നട്ടം തിരിയുന്നത് റേഷന്‍ ഉപഭോക്താക്കളാണ്. ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് വരെ റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നില്ല. കുറച്ച് നേരം ക്യൂ നില്‍ക്കേണ്ടിവരുമെന്ന ബുദ്ധിമുട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. റേഷന്‍ വിതരണം വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ-പോസ് സംവിധാനം കൊണ്ടുവന്നത്. ഇത് നിലവില്‍ വന്നത് മുതലേ തകരാറുകളും തുടങ്ങിയിരുന്നു. തകരാര്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുന്നതിനാല്‍ അത്രയും നാളുകളില്‍ റേഷന്‍ വിതരണം സ്തംഭിക്കുകയും ചെയ്യുന്നു. റേഷന്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് ഇ-പോസ് തകരാര്‍ കാരണം സാധനങ്ങള്‍ വാങ്ങാന്‍ കഴിയാതെ തിരിച്ചുപോകേണ്ട അവസ്ഥയാണ്. പിറ്റേദിവസം റേഷന്‍ കടകളിലെത്തിയാലും തകരാര്‍ പരിഹരിക്കപ്പെട്ടില്ലെന്ന മറുപടിയായിരിക്കും ലഭിക്കുക. ദിവസവും റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാതെ തിരിച്ചുപോകുന്നവര്‍ നിരവധിയാണ്. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ-പോസ്) സംവിധാനം തകരാറിലായതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ റേഷന്‍ കടകളിലെല്ലാം റേഷന്‍ വിതരണം സ്തംഭിച്ചിരിക്കുകയായിരുന്നു. ഇതുവരെയും പ്രശ്നത്തിന് പൂര്‍ണ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് വാര്‍ത്തകള്‍. കേരളത്തിലെ പതിനാലായിരത്തോളം റേഷന്‍ കടകളാണ് ഇതുമൂലം അടച്ചിട്ടത്. ഇത്രയധികം റേഷന്‍ കടകള്‍ അടച്ചിടുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ്. റേഷന്‍ വിതരണം തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള ഇ-പോസ് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കുന്നതിന് കേന്ദ്ര ഏജന്‍സിയായ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ ഹൈദരാബാദ് യൂനിറ്റ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന്ദിവസങ്ങളിലായി കേരളത്തിലെ റേഷന്‍ കടകള്‍ രണ്ട് മണിക്കൂര്‍ വീതം മാത്രമാണ് പ്രവര്‍ത്തിച്ചത്. മൂന്ന് ലക്ഷത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ റേഷന്‍ കിട്ടിയത്.

എല്ലാവിധ വിവേചനങ്ങളും ഒഴിവാക്കി മുഴുവന്‍ ആളുകള്‍ക്കും റേഷന്‍ ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. റേഷന്‍ സംവിധാനത്തെ അതേപടി നിലനിര്‍ത്തിക്കൊണ്ട് അരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയും പയറുവര്‍ഗങ്ങളുമടക്കം അവശ്യ നിത്യോപയോഗ സാധനങ്ങളെല്ലാം ന്യായമായ വിലക്ക് ലഭ്യമാക്കണം. റേഷന്‍ ഉള്‍പ്പെടെ പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തണം. കര്‍ഷകന് ന്യായമായ വിലനല്‍കി ഭക്ഷ്യ ധാന്യങ്ങള്‍ സംഭരിച്ച് മിതമായ വിലക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കണം. അതിനാവശ്യമായ ഫണ്ടും മറ്റ് സഹായങ്ങളും കേന്ദ്രം നല്‍കണം. മോദി ഭരണകൂടത്തില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിക്കാമോ എന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.

 

Latest