Connect with us

up election

ചെറു കക്ഷികളുമായി സഖ്യമുണ്ടാക്കുന്നത് തുടര്‍ന്ന് അഖിലേഷ്; ഇത്തവണ കൈകൊടുത്തത് അമ്മാവന്

ചെറു പാര്‍ട്ടികളെ കൂടെ നിര്‍ത്താനുള്ള നീക്കം എസ് പിയെ ശക്തിപ്പെടുത്തുമെന്ന് അഖിലേഷ് പറഞ്ഞു. ഇത് എസ് പിയേയും സഖ്യകക്ഷികളേയും അടുത്ത തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കുന്നത് തുടര്‍ന്ന് അഖിലേഷ് യാദവ്. കോണ്‍ഗ്രസുമായി സമാജ്‌വാദി പാര്‍ട്ടി സഖ്യമുണ്ടാക്കില്ലെന്ന് നേരത്തേ സൂചന നല്‍കിയിരുന്നെങ്കിലും ഓം പ്രകാശ് രാജ്ബറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, ജയന്ത് സിംഗ് ചൗധരിയുടെ രാഷ്ട്രീയ ലോക്ദള്‍, കേശവ് ദേവ് മൗര്യ സ്ഥാപിച്ച മഹന്‍ദാല്‍, ജന്‍വാദി പാര്‍ട്ടി എന്നിവരുമായി നേരത്തെ തന്നെ സഖ്യ സംഭാഷണങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഇതിന് പിന്നാലെ, 2017 ല്‍ പാര്‍ട്ടി വിട്ട് പുറത്ത് പോയ തന്റെ അമ്മാവന്‍ ശിവ്പാല്‍ യാദവിന്റെ പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി (ലോഹ്യ) യുമായി കൈകൊടുത്തിരിക്കുകയാണ് അഖിലേഷ് യാദവ്. ലക്‌നോവില്‍ ശിവ്പാല്‍ യാദവിന്റെ വീട് സന്ദര്‍ശിച്ച ശേഷം അഖിലേഷ് തന്നെയാണ് സഖ്യവിവരം പുറത്തറിയിച്ചത്. ചെറു പാര്‍ട്ടികളെ കൂടെ നിര്‍ത്താനുള്ള നീക്കം എസ് പിയെ ശക്തിപ്പെടുത്തുമെന്ന് അഖിലേഷ് പറഞ്ഞു. ഇത് എസ് പിയേയും സഖ്യകക്ഷികളേയും അടുത്ത തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017 ല്‍ അഖിലേഷുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ശിവ്പാല്‍ യാദവ് എസ് പി വിട്ടത്. പാര്‍ട്ടിയില്‍ ഐക്യമുണ്ടാവണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അഖിലേഷ് തന്നെയോ, പിതാവായ മുലായം സിംഗ് യാദവിനെപ്പോലുമോ ബഹുമാനിക്കുന്നില്ലെന്നായിരുന്നു പാര്‍ട്ടിവിടാന്‍ ശിവ്പാല്‍ യാദവ് കാരണമായി ചൂണ്ടിക്കാണിച്ചത്. പിന്നീട് 2018 ല്‍ പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടിയുമായി ശിവ്പാല്‍ രംഗത്തെത്തുകയായിരുന്നു.

ബി ജെ പിയെ അധികാരത്തിന് പുറത്ത് നിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് ശിവ്പാല്‍ യാദവ് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ വിജയിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് സീറ്റ് നല്‍കിയാല്‍ എസ് പിയില്‍ ഉപാധിരഹിതമായി ലയിക്കാനും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.