Connect with us

Ongoing News

അഖീൽ ഖുറൈഷിയെ രാജസ്ഥാൻ ഹൈക്കോടതിയിലേക്ക് മാറ്റുന്നു

ചീഫ് ജസ്റ്റിസാക്കിയത് ആവർത്തിച്ചുള്ള ശിപാർശകൾക്കൊടുവിൽ

Published

|

Last Updated

ന്യൂഡൽഹി | ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖീൽ അബ്ദുൽ ഹാമിദ് ഖുറൈഷിയെ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയം ഇതിന് ശിപാർശ നൽകിയതായി സുപ്രീം കോടതി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നു. ഗുജറാത്ത് ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഖുറൈഷിക്ക് നേരത്തേ സ്ഥാനക്കയറ്റം നൽകി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശിപാർശ ചെയ്തിട്ടും രണ്ട് വർഷം വിഷയത്തിൽ കേന്ദ്ര സർക്കാർ നിയമനം നൽകിയിരുന്നില്ല. സുപ്രീം കോടതി കൊളീജിയത്തിന്റെ ആവർത്തിച്ചുള്ള ശിപാർശകൾക്കൊടുവിലാണ് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്. ഇതിന് പിന്നാലെയാണ് വലിയ ഹൈക്കോടതികളിലൊന്നായ രാജസ്ഥാാൻ ഹൈക്കോടതിയിലേക്ക് ശിപാർശ ചെയ്യുന്നത്.

2019ൽ ഖുറൈഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ശിപാർശ ചെയ്തിരുന്നു. എന്നാൽ സർക്കാർ ഫയൽ പുനഃപരിശോധനക്കായി കൊളീജിയത്തിലേക്ക് മടക്കി അയച്ചു. തുടർന്ന് കൊളീജിയം അതിന്റെ മുൻ ശിപാർശ പിൻവലിച്ചു. പകരം നാല് ജഡ്ജിമാരുള്ള ഹൈക്കോടതിയായ ത്രിപുര ഹൈക്കോടതിയിലേക്ക് ശിപാർശ ചെയ്തു.
അതേസമയം, എട്ട് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാനും നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാർക്ക് സ്ഥലം മാറ്റം നൽകാനും സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. 27ലധികം ഹൈക്കോടതി ജഡ്ജിമാർമാർക്കും സ്ഥലം മാറ്റം നൽകാൻ ശിപാർശയുണ്ട്.

രാജസ്ഥാൻ ഹൈക്കോടതിയിലെ നിലവിലെ ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മൊഹന്തിയെ ത്രിപുര ഹൈക്കോടതിയിലേക്ക് മാറ്റിയേക്കും. കൊൽക്കത്ത ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാലിനെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും മധ്യപ്രദേശ് ഹൈക്കോടതിയിലെ രണ്ടാമത്തെ ഏറ്റവും മുതിർന്ന ജഡ്ജി ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയെ കൊൽക്കത്ത ചീഫ് ജസ്റ്റിസായും നിയമിക്കാൻ ശിപാർശ ചെയ്തുവെന്നാണ് വിവരം.

Latest