Uae
വിമാന യാത്രാ ചെലവ് ഏറ്റവും കുറഞ്ഞ നിരക്കിൽ
സെപ്തംബറിൽ ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറഞ്ഞു

ദുബൈ|യു എ ഇയിലേക്കും തിരിച്ചുമുള്ള വിമാന യാത്രാ ടിക്കറ്റ് നിരക്കുകൾ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി ട്രാവൽ, ടൂറിസം ഏജൻസികൾ. വേനൽക്കാല അവധിക്കാലം അവസാനിച്ചതും സ്‌കൂളുകൾ തുറന്നതും യാത്രക്കാരുടെ എണ്ണം കുറച്ചതാണ് ടിക്കറ്റ് നിരക്ക് കുറയാനുള്ള പ്രധാന കാരണം. അറബ് രാജ്യങ്ങളിലേക്കുള്ള യാത്രകളിലാണ് ടിക്കറ്റ് നിരക്കിലെ ഏറ്റവും വലിയ കുറവ്. പല വിമാനക്കമ്പനികളും ഇക്കണോമി, ബിസിനസ് ക്ലാസുകൾക്ക് പ്രമോഷണൽ നിരക്കുകൾ വീണ്ടും അവതരിപ്പിച്ചു കൊണ്ടാണ് ഈ ഘട്ടത്തെ നേരിടുന്നത്.
വേനൽക്കാലത്തെ വലിയ വർധനവിന് ശേഷം യാത്രാ നിരക്കിൽ കാര്യമായ കുറവ് വന്നിരിക്കുന്നത്. ഈ കുറവ് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സന്ദർശിക്കാനോ അവധിക്കാലം ചെലവഴിക്കാനോ ആഗ്രഹിക്കുന്നവർക്ക് ഒരു അവസരമാണ്. നിലവിൽ ഇക്കോണമി ക്ലാസിലാണ് നിരക്കിലെ കുറവ് ഏറ്റവും കൂടുതൽ കാണുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിമാനങ്ങളിൽ സീറ്റ് ശേഷി കൂടുതലായതിനാലും നിരക്കുകൾ താഴ്ന്ന നിലയിലേക്ക് എത്താൻ കാരണമായിട്ടുണ്ട്.
കെയ്റോ, അലക്‌സാണ്ട്രിയ, അമ്മാൻ, ബെയ്റൂത്ത്, ദമാസ്‌കസ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വേനൽക്കാലത്തെ അപേക്ഷിച്ച് 40 മുതൽ 70 ശതമാനം വരെ കുറവാണ്.
എന്നാൽ ഒക്ടോബറിൽ ടിക്കറ്റ് നിരക്കുകളിൽ നേരിയ വർധനവിന് സാധ്യതയുണ്ട്.