National
എന്നെ വോട്ടിനായി ഉപയോഗിക്കരുതെന്ന് മോദിയോട് മാതാവ് അപേക്ഷിക്കുന്ന എഐ വീഡിയോ; കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനം
ബിഹാര്‍ കോണ്‍ഗ്രസ് ആണ് വീഡിയോ പുറത്തിറക്കിയത്

പട്‌ന| ബിഹാര്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്നിന്റെ എഐ വീഡിയോ വിവാദത്തില്‍. തന്നെ വോട്ടിനായി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് മാതാവ് അപേക്ഷിക്കുന്നതാണ് വീഡിയോ. ഈ വീഡിയോ പുറത്തിറക്കി മോദിയുടെ മാതാവിനെ വീണ്ടും കോണ്‍ഗ്രസ് അപമാനിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. പ്രതിപക്ഷം വിലകുറഞ്ഞ തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ തനിക്കും മാതാവിനും നേരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി മോദി നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ആസൂത്രണം ചെയ്ത വീഡിയോയാണിതെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി സംഭവത്തില്‍ പ്രതികരിച്ചു.