National
സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി അധികാരമേറ്റു; ചടങ്ങില്‍ പങ്കെടുത്ത് ജഗധീപ് ധന്‍കറും
സ്ഥാനമൊഴിഞ്ഞ ശേഷം ഇതാദ്യമായാണ് ധന്‍കര്‍ പൊതുവേദിയിലെത്തുന്നത്

ന്യൂഡല്‍ഹി | രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ 10 ന് നടന്ന ചടങ്ങില്‍ സിപി രാധാകൃഷ്ണന് രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെപി നഡ്ഡ, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനമൊഴിഞ്ഞ മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ചടങ്ങില്‍ പങ്കെടുത്തുവെന്നത് ശ്രദ്ധേയമാണ്. ഇദ്ദേഹത്തിന്റെ രാജി നിരവധി ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.സ്ഥാനമൊഴിഞ്ഞ ശേഷം ഇതാദ്യമായാണ് ധന്‍കര്‍ പൊതുവേദിയിലെത്തുന്നത്.
മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ ഉപരാഷ്ട്രപതിമാരായ ഹമീദ് അന്‍സാരി, എം വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും സത്യപതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. രാജ്യസഭ അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ഉപരാഷ്ട്രപതി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗവും ഇന്നു വിളിച്ചിട്ടുണ്ട്