Connect with us

International

പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു; ബ്രസീല്‍ മുന്‍ പ്രസിഡന്റിന് 27 വര്‍ഷം തടവ്

2022 ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അധികാരത്തില്‍ തുടരാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് വിധി

Published

|

Last Updated

ബ്രസീലിയ |  ബ്രസീല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോയ്ക്ക് 27 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ബ്രസീല്‍ സുപ്രീം കോടതി.ബോള്‍സനാരോ കുറ്റക്കാരനെന്ന് കണ്ടെത്തി മണിക്കൂറുകള്‍ക്കകം പ്രഖ്യാപിച്ച ശിക്ഷാവിധിയില്‍ മുന്‍ പ്രസിഡന്റിന് 27 വര്‍ഷവും മൂന്ന് മാസവുമാണ് തടവ് വിധിച്ചത്. ബോള്‍സനാരോ 2033 വരെ അധികാര സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്തി കോടതി

2022 ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അധികാരത്തില്‍ തുടരാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് വിധി. കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചില്‍ നാല് പേര്‍ ബോള്‍സനാരോ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. ഒരു ജഡ്ജിമാത്രമാണ് ഭിന്ന വിധിയെഴുതിയത്. നിലവില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ബോള്‍സനാരോ അവസാനവട്ട വിചാരണയില്‍ കോടതിയില്‍ ഹാജരായിരുന്നില്ല.അതെസമയം, തന്നെ വേട്ടയാടുകയാണെന്നും വിധി രാഷ്ട്രീയ പ്രേരിതമാണെന്നും ബോള്‍സനാരോ ആരോപിച്ചു. 2026ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുക ലക്ഷ്യമിട്ടാണ് പദവികള്‍ വഹിക്കരുത് എന്ന വ്യവസ്ഥ വിധിയില്‍ ഉള്‍പ്പെട്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

ആശ്ചര്യപ്പെടുത്തുന്ന വിധി എന്നാണ് ബോള്‍സനാരോയ്ക്ക് എതിരായ നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. യുഎസില്‍ തനിക്കെതിരെ നടന്ന നീക്കത്തിന് സമാനമാണ് ബ്രസീലില്‍ ഉണ്ടായതെന്നും ട്രംപ് പറയുന്നു. ബോള്‍സോനാരോയ്‌ക്കെതിരെ കേസെടുത്തതിനുള്ള പ്രതികാരമായാണ് ബ്രസീലിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 50ശതമാനം തീരുവ ചുമത്തിയത് എന്നുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ട്രംപിന്റെ പ്രതികരണം.

 

---- facebook comment plugin here -----

Latest