National
ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവും കുടുംബവും വോട്ട് രേഖപ്പെടുത്തി
ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരുമെന്ന് വോട്ട് ചെയ്‌ശേഷം തേജസ്വി യാദവ്
പാട്ന|ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.
പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവും കുടുംബവും വോട്ട് രേഖപ്പെടുത്തി. ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരുമെന്ന് വോട്ട് ചെയ്‌ശേഷം തേജസ്വി യാദവ് മാധ്യമങ്ങളോട് പറഞ്ഞു. മാറ്റം വരുമെന്ന് ലാലു പ്രസാദ് യാദവും പ്രതികരിച്ചു.തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും ആശംസകള്‍ നേരുന്നതായി ഇരുവരുടെയും മാതാവും മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയും മാധ്യമങ്ങളോട് പ്രതികരിച്ചു. ബിഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും വോട്ട് ചെയ്യാനുള്ള അവകാശം മറക്കരുതെന്നും റാബ്റി ദേവി കൂട്ടിച്ചേര്‍ത്തു.
വികസന പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഭരണത്തുടര്‍ച്ച എന്നിവയ്ക്കാണ് പ്രചാരണത്തില്‍ എന്‍ ഡി എ ഊന്നല്‍ നല്‍കിയത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും സാമ്പത്തിക ആശ്വാസവുമാണ് മഹാസഖ്യം പ്രധാന വിഷയമാക്കിയത്. ‘മായി ബഹിന്‍ മാന്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ പ്രഖ്യാപനം അവസാന ദിവസത്തെ പ്രധാന വാഗ്ദാനമായിരുന്നു.
അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. മഹാസഖ്യം തോല്‍വിയുറപ്പിച്ചതുകൊണ്ടാണ് ആരോപണം എന്ന വാദമുയര്‍ത്തിയാണ് ബി ജെ പിയും ജെ ഡി യുവും പ്രതിരോധിക്കുന്നത്. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. നവംബര്‍ പതിനാലിനാണ് വോട്ടെണ്ണല്‍.


