Kerala
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യ സഖ്യം പാടില്ലെന്ന് കോണ്‍ഗ്രസ് ലീഗിനെ അറിയിച്ചു
ഇതോടെ കോഴിക്കോട് കഴിഞ്ഞ തവണ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയ ജില്ലാ പഞ്ചായത്ത് സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കും
കോഴിക്കോട് | തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്്‌ലാമിയുടെ വെല്‍ഫെയര്‍പാര്‍ട്ടിയുമായി കോഴിക്കോട് ജില്ലയില്‍ പരസ്യ ധാരണ പാടില്ലെന്ന് കോണ്‍ഗ്രസ് മുസ്്‌ലിം ലീഗിനെ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് കോണ്‍ഗ്രസ്സിന്റെ നീക്കം.
ഇതോടെ കോഴിക്കോട് കഴിഞ്ഞ തവണ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയ ജില്ലാ പഞ്ചായത്ത് സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കും. കോഴിക്കോട് ജില്ലയില്‍ ഒരു ജില്ലാ പഞ്ചായത്ത് സീറ്റ് അടക്കം 33 സീറ്റില്‍ കഴിഞ്ഞ തവണ ധാരണയുണ്ടായിരുന്നു. മലപ്പുറത്ത് 35 സീറ്റിലും കഴിഞ്ഞ തവണ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടായിരുന്നു. മലപ്പുറത്ത് 25 സീറ്റിലും കോഴിക്കോട് 11 സീറ്റിലുമാണ് കഴിഞ്ഞ തവണ വെല്‍ഫെയര്‍ പാര്‍ട്ടി ജയിച്ചത്.
മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു ഡി എഫ് ധാരണയുണ്ടാക്കുന്നത് സി പി എം പ്രചാരണ വിഷയമാക്കുമെന്ന് അതു മൂലം ഭൂരി പക്ഷ സമുദായം യു ഡി എഫില്‍ നിന്ന് അകലുമെന്നുമാണ് കോണ്‍ഗ്രസ് ഭയക്കുന്നത്. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യ ധാരണ ഇത്തവണയും ഉണ്ടാവുമെന്നു മുസ്്‌ലിംലീഗ് പരസ്യമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
വെല്‍ഫയര്‍ പാര്‍ട്ടി ശക്തമായ മുക്കത്തും ചേന്ദമംഗല്ലൂരിലും അടക്കം പരസ്യധാരണ പാടില്ലെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന നിര്‍ദ്ദേശം. എന്നാല്‍ വെല്‍ഫെയറുമായി രഹസ്യ ധാരണയുണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടും അവര്‍ക്കുണ്ട്. രഹസ്യ ധാരണക്ക് വെല്‍ഫെയര്‍ തയ്യാറാവുമോ എന്നാണ് നേതൃത്വം ഉറ്റുനോക്കുന്നത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പരസ്യമായി വോട്ടു സ്വീകരിച്ചതോടെ ആര്‍ എം പിയെ ചേര്‍ത്തതുപോലെ യു ഡി എഫില്‍ അസോസിയേറ്റ് ഘടകകക്ഷിയാക്കണമെന്ന ആവശ്യവുമായി വെല്‍ഫെയര്‍ രംഗത്തുവന്നിരുന്നു.


