National
ജുഡീഷ്യറിക്കെതിരെ എ ഐ ദുരുപയോഗം വർധിക്കുന്നു; മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടുവെന്ന് ചീഫ് ജസ്റ്റിസ്
ജുഡീഷ്യൽ, ക്വാസി-ജുഡീഷ്യൽ സ്ഥാപനങ്ങളിൽ ജനറേറ്റീവ് എ ഐ (ജിൻ എ ഐ) യുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി (പി ഐ എൽ.) പരിഗണിക്കുകയായിരുന്നു കോടതി
ന്യൂഡൽഹി | ജുഡീഷ്യറിക്കെതിരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉൾപ്പെടെയുള്ള ഡിജിറ്റൽ ടൂളുകൾ ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്നതായി ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അഭിപ്രായപ്പെട്ടു. മോർഫ് ചെയ്ത ചിത്രങ്ങൾ താൻ കണ്ടെന്നും അദ്ദേഹം പറഞ്ഞു.
“അതെ, അതെ, ഞങ്ങളുടെ മോർഫ് ചെയ്ത ചിത്രങ്ങളും ഞങ്ങൾ കണ്ടിട്ടുണ്ട്” – ജുഡീഷ്യൽ, ക്വാസി-ജുഡീഷ്യൽ സ്ഥാപനങ്ങളിൽ ജനറേറ്റീവ് എ ഐ (ജിൻ എ ഐ) യുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി (പി ഐ എൽ.) പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.
അഡ്വക്കേറ്റ് കാർത്തികേയ റാവൽ ഫയൽ ചെയ്ത ഹർജി അനുസരിച്ച്, എ ഐ യും ജെനറേറ്റീവ് എ ഐ യും തമ്മിൽ വ്യത്യാസമുണ്ട്. പുതിയ ഡാറ്റകളും നിലവിലില്ലാത്ത കേസ് നിയമങ്ങളും സൃഷ്ടിക്കാൻ കഴിവുള്ളതിനാൽ, ജൻ എ ഐ നിയമവ്യവസ്ഥയിൽ അവ്യക്തത സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ഹർജി ചൂണ്ടിക്കാട്ടി. മുൻവിധികളും വിവേചനപരമായ രീതികളും ഇത് ആവർത്തിക്കാനും നിലനിർത്താനും സാധ്യതയുണ്ടെന്നും ഇത് ഗുരുതരമായ ധാർമ്മികവും നിയമപരവുമായ വെല്ലുവിളികൾ ഉയർത്തുമെന്നും ഹർജി മുന്നറിയിപ്പ് നൽകി.
പുതിയ ഡാറ്റ സൃഷ്ടിക്കുന്നതിനും മറഞ്ഞിരിക്കുന്ന പാറ്റേണുകൾ കണ്ടെത്തുന്നതിനും സങ്കീർണ്ണമായ പ്രക്രിയകൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും ജൻ എ ഐ.ക്കുളള കഴിവ്, ‘ഹാലുസിനേഷനുകൾക്ക്’ (ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കിയെടുക്കുന്ന അവസ്ഥ) കാരണമായേക്കാമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് വ്യാജ കേസ് നിയമങ്ങൾ, എ ഐ പക്ഷപാതം, ദൈർഘ്യമേറിയ നിരീക്ഷണങ്ങൾ എന്നിവയിലേക്ക് നയിക്കും. ഈ ഹാലുസിനേഷനുകൾ നിലവിലുള്ള കീഴ്വഴക്കങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കില്ല, ചിലപ്പോൾ നിലവിലില്ലാത്ത ഒരു നിയമത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത്തരം ഏകപക്ഷീയത ഭരണഘടനയുടെ ആർട്ടിക്കിൾ 14 ന്റെ വ്യക്തമായ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.
ജുഡീഷ്യറിയുമായി സംയോജിപ്പിക്കുന്ന എ ഐ.യിൽ പക്ഷപാതമില്ലാത്ത ഡാറ്റ ഉൾപ്പെടുത്തണമെന്നും, ഡാറ്റയുടെ ഉടമസ്ഥാവകാശം ഉത്തരവാദിത്തം ഉറപ്പാക്കാൻ സുതാര്യമായിരിക്കണമെന്നും ഹർജിക്കാരൻ വാദിച്ചു.
ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ ഉൾപ്പെട്ട ബെഞ്ച് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു.



