Editorial
അഹമ്മദാബാദ് അപകടം: ഉത്തരങ്ങളില്ലാത്ത റിപ്പോര്‍ട്ട്
അന്വേഷണ റിപോര്‍ട്ട് ബോയിംഗ് കമ്പനിയെ കുറ്റവിമുക്തമാക്കാനും പൈലറ്റുമാരുടെ ചുമലില്‍ എല്ലാം കെട്ടിവെക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. നിരപരാധികളായ മനുഷ്യരുടെ ജീവനെടുക്കുന്ന അനാസ്ഥ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും പുറത്തുവരണം.

രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ്ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ എ ഐ ബി) പുറത്തുവിട്ട പ്രാഥമിക അന്വേഷണ റിപോര്‍ട്ട് ഉത്തരങ്ങള്‍ മുന്നോട്ടുവെക്കുന്നതല്ല, ദുരൂഹതയും സംശയവും രൂക്ഷമാക്കുന്നതാണ്. വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴിച്ച് മുഴുവന്‍ പേരുടെയും ജീവനെടുത്ത അപകടം രാജ്യത്തെ ജനങ്ങളിലുണ്ടാക്കിയ നടുക്കവും വേദനയും ഭീതിയും ശമിപ്പിക്കാന്‍ ഈ റിപോര്‍ട്ട് പര്യാപ്തമല്ല. അന്തിമ റിപോര്‍ട്ട് വരുംവരെ നിഗമനങ്ങളില്‍ എത്തിച്ചേരരുതെന്ന് വ്യോമയാന മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അന്തരീക്ഷത്തിലുള്ളതെല്ലാം കാഴ്ചപ്പാടുകള്‍ മാത്രമാണെന്നും അധികൃതര്‍ വിശദീകരിക്കുന്നു. തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്ന 241 പേരും മരിച്ചിരുന്നു. ഇവരുടെയെല്ലാം ബന്ധുക്കളുടെ കണ്ണീരിനും നഷ്ടത്തിനും സമാധാനം പറയാനുള്ള ഉത്തരവാദിത്വം വ്യോമയാന മന്ത്രാലയത്തിനും വിമാനക്കമ്പനിക്കും വിമാന നിര്‍മാതാക്കള്‍ക്കുമുണ്ട്. അവരുടെ ബന്ധുക്കള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം കിട്ടണം. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നതിനെതിരെ ജാഗ്രത പാലിക്കാനുതകുന്ന സമഗ്രമായ അന്വേഷണം നടക്കണം. ആരെയെങ്കിലും രക്ഷപ്പെടുത്താനോ ഉത്തരവാദിത്വം തലയിലിടാനോ ഉള്ള നീക്കമാകരുത് അന്വേഷണം. അന്തിമഫലം വരാന്‍ അനന്തമായി കാത്തിരിക്കേണ്ട സ്ഥിതിയും ഉണ്ടാകരുത്.
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം അപകടത്തില്‍പ്പെട്ട ബോയിംഗ് 787- 8 ഡ്രീംലൈനര്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണ റിപോര്‍ട്ട്. എന്‍ജിനുകളിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫായതോടെ എന്‍ജിനുകള്‍ നിലച്ച് വിമാനം കൂപ്പുകുത്തി. റണ്‍വേയില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് 90 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചത്. രണ്ട് എന്‍ജിനിലേക്കുമുള്ള സ്വിച്ചുകള്‍ ഒരു സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഓഫ് പൊസിഷനിലേക്ക് മാറിയത്. സ്വിച്ചുകള്‍ ഓഫായത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഓണ്‍ ചെയ്തുവെങ്കിലും എന്‍ജിനുകള്‍ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവര്‍ത്തിച്ചുതുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകര്‍ന്നുവീഴുകയുമായിരുന്നു. സ്വിച്ച് ഉടന്‍ തന്നെ പൂര്‍വസ്ഥിതിയിലേക്ക് മാറ്റിയതോടെ ഒരു എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും രണ്ടാമത്തെ എന്‍ജിന് പറന്നുയരാനുള്ള ശേഷി ലഭിച്ചില്ല. കോക്പിറ്റിലെ പൈലറ്റുമാരുടെ സംഭാഷണവും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്തിനാണ് ഇന്ധനസ്വിച്ച് ഓഫ് ആക്കിയതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്തതെന്ന് അയാള്‍ മറുപടിയും പറയുന്നു. ചോദ്യമാരുടേത്, ഉത്തരമാരുടേത് എന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നില്ല.
ബോയിംഗ് 787 വിമാനം 8,600 മണിക്കൂര്‍ പറത്തി പരിചയമുള്ള പൈലറ്റ് ഇന്‍ കമാന്‍ഡ് സുമീത് സബര്‍വാളിന്റെയോ 1,128 മണിക്കൂര്‍ പറത്തി പരിചയമുള്ള സഹ പൈലറ്റ് ക്ലൈവ് കുന്ദറിന്റെയോ കൈ അബദ്ധവശാല്‍ തട്ടി സ്വിച്ചുകള്‍ ഓഫായെന്ന് വിശ്വസിക്കാന്‍ തരമില്ല. കുന്ദറായിരുന്നു വിമാനം പറത്തിയത്. ഇവരുടെ കഴിവിലോ പരിചയസമ്പന്നതയിലോ ഒന്നും റിപോര്‍ട്ട് സംശയമുന്നയിക്കുന്നില്ല. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ല. ആവശ്യത്തിന് ഇന്ധനം വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍പ്പെടുന്ന സമയത്ത് വിമാനത്തിലെ റാം എയര്‍ ടര്‍ബൈന്‍ (ആര്‍ എ ടി) പ്രവര്‍ത്തിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിലെ വൈദ്യുതി, ഹൈഡ്രോളിക് ശക്തി നല്‍കി സുരക്ഷിത ലാന്‍ഡിംഗ് ഉറപ്പാക്കുന്ന സംവിധാനമാണിത്.
ഇത്രയും വിവരങ്ങള്‍ മുന്നില്‍ വെച്ച് മൂന്ന് സാധ്യതകളാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. ഫ്യൂവല്‍ സ്വിച്ച് താനേ റണ്‍ പൊസിഷനില്‍ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് മാറുകയെന്നതാണ് ഒരു സാധ്യത. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ഇത്തരമൊരു അത്യാഹിതമുണ്ടായേക്കാമെന്ന് യു എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ് എ എ) 2018ല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബോയിംഗിനെ തന്നെ മുന്‍നിര്‍ത്തിയായിരുന്നു ഈ മുന്നറിയിപ്പ്. പൈലറ്റോ, കോ പൈലറ്റോ അബദ്ധത്തില്‍ സ്വിച്ച് പൊസിഷന്‍ മാറ്റിപ്പോകുകയെന്നതാണ് മറ്റൊരു സാധ്യത. എന്നാല്‍ അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പ് വരുത്തുന്ന തരത്തിലാണ് സ്വിച്ച് സംവിധാനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇവിടെ പൈലറ്റുമാരുടെ സംഭാഷണവും ആ സാധ്യത അടയ്ക്കുന്നു. അട്ടിമറി നടന്നുവെന്ന സിദ്ധാന്തമാണ് മൂന്നാമത്തേത്. പൈലറ്റുമാരിലൊരാള്‍ ആത്മഹത്യ ചെയ്യാന്‍ ആകാശം തിരഞ്ഞെടുത്തു. ഒപ്പം ഇക്കണ്ട മനുഷ്യരെയെല്ലാം കൊലക്ക് കൊടുത്തു. അതുമല്ലെങ്കില്‍ കൂട്ടക്കൊല നടത്തണമെന്ന് നിശ്ചയിച്ചുറപ്പിച്ച് കൃത്യം നിര്‍വഹിച്ചു. ഈ മൂന്ന് സാധ്യതകളിലൊന്ന് ഖണ്ഡിതമായി തിരഞ്ഞെടുക്കാവുന്ന ഒന്നും എ എ ഐ ബി റിപോര്‍ട്ടിലില്ല.
ഈ റിപോര്‍ട്ട് നിരവധി ചോദ്യങ്ങള്‍ തൊടുത്തുവിടുന്നുണ്ട്. വൈദ്യുതി തകരാര്‍ അടക്കമുള്ള സാധ്യതകളെക്കുറിച്ച് റിപോര്‍ട്ട് മൗനം പാലിക്കുന്നതെന്തിനാണ്? പൈലറ്റുമാരുടെ സംഭാഷണം അവ്യക്തത സൃഷ്ടിക്കാനല്ലേ ഉപകരിച്ചത്. ചോദ്യം ആരുടേത്, ഉത്തരമാരുടേത് എന്ന് വ്യക്തമാക്കാതിരുന്നത് എന്തിന്? 2018ലെ എഫ് എ എ മാര്‍ഗരേഖയെ എയര്‍ ഇന്ത്യ അവഗണിച്ചുവെന്നാണ് വിവരം. അതിന്റെ കാരണമെന്താണ്? എന്‍ജിന്‍ റീ സ്റ്റാര്‍ട്ട് ചെയ്യാന്‍ സെക്കന്‍ഡുകളുടെ വ്യത്യാസമുണ്ടായെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതില്‍ വസ്തുതയുണ്ടോ?
ഈ റിപോര്‍ട്ട് ബോയിംഗ് കമ്പനിയെ കുറ്റവിമുക്തമാക്കാനും പൈലറ്റുമാരുടെ ചുമലില്‍ എല്ലാം കെട്ടിവെക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. റിപോര്‍ട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് ഇരകളുടെ ബന്ധുക്കളില്‍ ചിലര്‍ രംഗത്ത് വന്നിട്ടുമുണ്ട്. നിരപരാധികളായ മനുഷ്യരുടെ ജീവനെടുക്കുന്ന അനാസ്ഥ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും പുറത്തുവരണം. അപകടം നടന്ന് ഒരു മാസമായിട്ടേയുള്ളൂ, അപ്പോഴേക്കും സമഗ്ര റിപോര്‍ട്ട് സാധ്യമല്ലല്ലോ എന്ന ന്യായീകരണം അന്തിമ റിപോര്‍ട്ട് വൈകിക്കാനുള്ള ഒഴികഴിവാകരുത്.