From the print
ശൈഖ് ഹബീബ് ഉമർ; തിളക്കമാർന്ന വ്യക്തിത്വം
തീവ്രവാദ ശക്തികളുടെ രൂക്ഷ വിമർശകൻ

കോഴിക്കോട് | നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെക്കുന്നതിന് കാന്തപുരത്തിന്റെ അഭ്യർഥന പ്രകാരം യമനിൽ നിർണായക പങ്കുവഹിച്ച ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള മുസ്‌ലിം നേതാക്കളുടെ പട്ടികയിൽ പ്രമുഖനാണ്. ജോർദാനിലെ റോയൽ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡി സെന്ററും യു എസിലെ ജോർജ് ടൗൺ യൂനിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ സർവേ പ്രകാരമാണിത്.
യമനിലെ പ്രസിദ്ധമായ ഹളർമൗത്തിലെ തരീമിലാണ് ജനനം. ഒമ്പതാം വയസ്സിൽ ഖുർആൻ മനഃപാഠമാക്കി. പിതാവ് വലിയ പണ്ഡിതനും സൂഫിയുമായിരുന്നു. പതിനഞ്ചാം വയസ്സിൽ ഇസ്‌ലാമിക പ്രബോധനവും അധ്യാപനവും ബാഅലവി ത്വരീഖത്തിന്റെ പ്രചാരണവും ആരംഭിച്ചു. ലോകത്തിന്റെ വിവിധ ദിക്കുകളിലായി കോടിക്കണക്കിന് അനുയായികളുണ്ട്.. നൂറിലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മിഷിഗൺ യൂനിവേഴ്‌സിറ്റിയിൽ “ഇസ്്ലാമും ആധുനികതയും’ എന്ന വിഷയത്തിൽ ഹബീബ് ഉമർ നടത്തിയ പ്രഭാഷണം ശ്രദ്ധേയമായിരുന്നു.
ശൈഖ് ഹബീബ് അലി അൽ ജിഫ്‌രി, മുഹമ്മദ് അബ്ദുർറഹ്മാൻ അസ്സഖാഫ്, ഹബീബ് മുൻസിർ, ശൈഖ് ഇബ്‌റാഹീം ഒസി ഇഫ, ശൈഖ് അബ്ദുൽ കരീം യഹ്‌യ, ശൈഖ് യഹ്‌യ റോദസ്, മുസ്അബ് പെൻഫൗണ്ട്, ഉസ്താദ് ഫറാസ് റബ്ബാനി, ഉസാമ കാനോൺ, മുസ്തഫ ഡേവിസ് തുടങ്ങി ലോക പ്രശസ്ത പണ്ഡിതരും തത്വചിന്തകരും എഴുത്തുകാരും ഉൾപ്പെടുന്നതാണ് അദ്ദേഹത്തിന്റെ ശിഷ്യനിര. ഹബീബ് ഉമറിന്റെ പ്രഭാഷണങ്ങളിലും പെരുമാറ്റങ്ങളിലും ആകൃഷ്ടരായി ഇസ്‌ലാം സ്വീകരിച്ച ആയിരങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളിലേതുൾപ്പെടെ നിരവധി പൗരപ്രമുഖരുമുണ്ട്.
തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ എന്നും ശക്തമായി നിലകൊണ്ട യമനിലെ ആത്മീയ നേതാവാണ് ശൈഖ് ഹബീബ് ഉമർ. അതുകൊണ്ടു തന്നെ ഐ എസ്, അൽ ഖാഇദ പോലുള്ള തീവ്ര വിഭാഗങ്ങളിൽ നിന്ന് അദ്ദേഹത്തിന് നിരന്തരം ഭീഷണി നേരിടാറുണ്ട്. ഒരിക്കൽ അദ്ദേഹത്തിനെതിരെ വധശ്രമം നടത്തുകയും ഡ്രൈവർക്കു നേരെ തോക്ക് ചൂണ്ടി അദ്ദേഹത്തിന്റെ കാർ തട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്.
പട്ടിണി പരിഹരിക്കാനായി യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ ജി ഒയായ അൽ റാഫ ചാരിറ്റബിൾ സൊസൈറ്റിയുമായി 2008 മുതൽ ചേർന്ന് പ്രവർത്തിക്കുന്നു.
1994ൽ തരീം കേന്ദ്രീകരിച്ച് ദാറുൽ മുസ്തഫ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി സ്ഥാപിച്ചു. 70ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഇവിടെ പഠനം നടത്തുന്നത്.
ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അദ്ദേഹം കാന്തപുരം അസുഖബാധിതനായപ്പോൾ രോഗ സന്ദർശനത്തിനെത്തിയിരുന്നു. മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് മസ്ജിദിന്റെ ഉദ്ഘാടനം നിർവഹിച്ചതും ശൈഖ് ഹബീബ് ഉമർ ആയിരുന്നു.