Connect with us

Kerala

ശബരിമലയില്‍ എഡിജിപിയുടെ ട്രാക്ടര്‍ യാത്ര മനപ്പൂര്‍വ്വമെന്ന് ഹൈക്കോടതി; എസ് പിയും ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കണം

കോടതി ഉത്തരവിന് വിരുദ്ധമാണ് എം ആര്‍ അജിത് കുമാറിന്റെ പ്രവൃത്തിയെന്നും ഹൈക്കോടതി

Published

|

Last Updated

കൊച്ചി |  ചട്ടം ലംഘിച്ച് ട്രാക്ടറില്‍ ശബരിമല ദര്‍ശനം നടത്തിയ എഡിജിപി എം ആര്‍ അജിത് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി .എഡിജിപിയുടെ യാത്ര മനപ്പൂര്‍വമാണെന്നും കോടതി ഉത്തരവിന് വിരുദ്ധമാണ് എം ആര്‍ അജിത് കുമാറിന്റെ പ്രവൃത്തിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഇത് ദൗര്‍ഭാഗ്യകരമായിപ്പോയി. എഡിജിപി അജിത് കുമാറിന് ആരോഗ്യപ്രശ്നമുണ്ടെങ്കില്‍ ആംബുലന്‍സില്‍ പോയിക്കൂടേ എന്നും ഹൈക്കോടതി ചോദിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട് ഏറെക്കാളം ജോലി നോക്കിയിട്ടുള്ള അദ്ദേഹത്തിന് ഈ നിയമങ്ങളെല്ലാം വ്യക്തമായി അറിയാവുന്നതാണ്. സ്വാമി അയ്യപ്പന്‍ റോഡില്‍ ചരക്കു കൊണ്ടു പോകാന്‍ മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് നേരത്തെ തന്നെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.ട്രാക്ടറില്‍ ഡ്രൈവര്‍ ഒഴിച്ച് ഒരാളും കയറാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദേശം ഉള്ളതാണ്. ആ വിലക്ക് ലംഘിച്ചുകൊണ്ട് എഡിജിപി ട്രാക്ടറില്‍ പോയത് മനപ്പൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ പത്തനംതിട്ട എസ് പിയോട് കോടതി റിപ്പോര്‍ട്ട് തേടി. ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വാമി അയ്യപ്പന്‍ റോഡില്‍ ഒരു തരത്തിലും നിയമവിരുദ്ധ യാത്ര അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ദേവസ്വം സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്.പമ്പ-സന്നിധാനം റോഡില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് എഡിജിപി അജിത്കുമാര്‍ ലംഘിച്ചുവെന്ന് ദേവസ്വം സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് എഡിജിപി എം ആര്‍ അജിത് കുമാര്‍ പമ്പയിലെത്തിയത്. പമ്പ ഗണപതിക്ഷേത്രത്തില്‍ തൊഴുതശേഷം അദ്ദേഹം സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. ഈ റോഡിനെ മുറിച്ചുകടക്കുന്ന ചെറിയ അരുവി കഴിഞ്ഞ് ഒന്നാംവളവിന് അടുത്തുവെച്ചാണ് പോലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറില്‍ കയറിയത്. സന്നിധാനത്ത് യു ടേണിനു മുമ്പ് ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ട്രാക്ടര്‍ നിര്‍ത്തി. അവിടെ എഡിജിപി ഇറങ്ങി നടന്നു പോകുകയായിരുന്നു. തിരിച്ചും അതേപടി ട്രാക്ടറില്‍ പമ്പയിലെത്തി. സിസിടിവി കാമറകള്‍ ഇല്ലാത്ത സ്ഥലത്തുകൂടിയായിരുന്നു എഡിജിപിയുടെ ട്രാക്ടര്‍ യാത്രയെന്നും റിപ്പോര്‍ട്ടിലുണ്ട് .

 

---- facebook comment plugin here -----

Latest