Kerala
കീമില്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി; നിലവിലെ റാങ്ക് പട്ടികയില്‍ പ്രവേശന നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി
കേസ് നാലാഴ്ചയ്ക്കകം കേള്‍ക്കാമെന്ന് വ്യക്തമാക്കിയ കോടതി, സംസ്ഥാനമടക്കം എല്ലാ കക്ഷികള്‍ക്കും മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നോട്ടീസ് അയച്ചു.

ന്യൂഡല്‍ഹി \ നിലവിലെ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി. കോടതി ഉത്തരവ് കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാണ്. കോടതി ഉത്തരവോടെ ഈ വര്‍ഷം കേരള സിലിബസ് വിദ്യാര്‍ഥികള്‍ക്ക് പട്ടികയില്‍ തുല്യത ലഭിക്കുന്ന വിധത്തില്‍ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായി. കേസ് നാലാഴ്ചയ്ക്കകം കേള്‍ക്കാമെന്ന് വ്യക്തമാക്കിയ കോടതി, സംസ്ഥാനമടക്കം എല്ലാ കക്ഷികള്‍ക്കും മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നോട്ടീസ് അയച്ചു.
അതേ സമയം വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് അപ്പീല്‍ നല്‍കാത്തതെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഈ വര്‍ഷം ഇനി റാങ്ക് പട്ടികയില്‍ ഒന്നും ചെയ്യാനാവില്ലെന്നും പ്രവേശന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നത് അനിശ്ചിതത്വത്തിന് ഇടയാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള സിലബസ് വിദ്യാര്‍ഥികളും തടസ ഹരജിയുമായി സിബിഎസ്ഇ വിദ്യാര്‍ഥികളുമാണ് കോടതിയെ സമീപിച്ചത്.