Kerala
ഭാസ്‌കര കാരണവര്‍ വധക്കേസ്: ഉത്തരവെത്തി; പ്രതി ഷെറിന്‍ ഉടന്‍ ജയില്‍ മോചിതയാകും
നിലവില്‍ ജൂലൈ 24 വരെയുള്ള കാലാവധിയില്‍ പരോളിലാണ് ഷെറിന്‍. ജയിലിലേക്ക് തിരിച്ചെത്തിയാല്‍ ഉടന്‍ മോചിതയാകാന്‍ സാധിക്കും.

തിരുവനന്തപുരം | ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന്‍നെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് കണ്ണൂര്‍ വനിതാ ജയിലിലെത്തി. നിലവില്‍ ജൂലൈ 24 വരെയുള്ള കാലാവധിയില്‍ പരോളിലാണ് ഷെറിന്‍. ജയിലിലേക്ക് തിരിച്ചെത്തിയാല്‍ ഉടന്‍ മോചിതയാകാന്‍ സാധിക്കും. കേസില്‍ ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട ഷെറിന്റെ ശിക്ഷ ഇളവ് ചെയ്യണമെന്ന സര്‍ക്കാര്‍ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. ഇതോടെയാണ് മോചനത്തിനുള്ള വാതില്‍ തുറന്നത്. ഷെറിന്‍ ഉള്‍പ്പെടെ 11 പ്രതികളുടെ ശിക്ഷാ ഇളവാണ് ഗവര്‍ണര്‍ അംഗീകരിച്ചത്.
നേരത്തേ ഷെറിന് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്നതാണ്. എന്നാല്‍ ഷെറിന് ഇടക്കിടെ പരോള്‍ ലഭിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചു. 14 വര്‍ഷത്തെ ശിക്ഷാ കാലയളവിനുള്ളില്‍ 500 ദിവസത്തോളമാണ് ഷെറിന് പരോള്‍ ലഭിച്ചത്. ഷെറിന്‍ ജയിലില്‍ സഹതടവുകാരിയെ മര്‍ദിച്ചുവെന്ന വിവരവും പുറത്തുവന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. രാജ്ഭവന്‍ വിഷയത്തില്‍ ഇടപെട്ടതോടെ മോചന ശിപാര്‍ശ സര്‍ക്കാര്‍ താത്ക്കാലികമായി മരവിപ്പിക്കുകയായിരുന്നു. പിന്നീട് ഷെറിന്‍ അടക്കമുള്ള പ്രതികളുടെ മോചനം സംബന്ധിച്ച ശിപാര്‍ശയുടെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ പരിശോധിച്ചു. തുടര്‍ന്നാണ് ശിപാര്‍ശ അംഗീകരിച്ച് ഷെറിന്റെ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്.
2009 നവംബര്‍ ഏഴിനാണ് ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ ഷെറിന്‍ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമാണ് 2001-ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ ഷെറിന്റെ വിവാഹേതര ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഭാസ്‌കര കാരണവര്‍ അറിഞ്ഞെന്ന് മനസ്സിലാക്കിയതോടെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.