From the print
ബാക്കിയുണ്ടായിരുന്നത് മണിക്കൂറുകൾ മാത്രം; കാന്തപുരത്തെ കാതോർത്ത് രാജ്യം
മലയാളക്കരയാകെ കാന്തപുരം എന്ന നാലക്ഷരത്തിലേക്ക് ചുരുങ്ങിയ ദിവസം കൂടിയായിരുന്നു ഇന്നലെ

കോഴിക്കോട് | വർഷങ്ങൾ നീണ്ട അനുനയ ശ്രമങ്ങളും കേന്ദ്ര സർക്കാറിന്റെ നയതന്ത്ര നീക്കങ്ങളും വേണ്ടത്ര ഫലം ചെയ്യാത്ത ഘട്ടത്തിൽ നിമിഷപ്രിയയും യമൻ ജയിലിലെ കൊലമരവും തമ്മിൽ മണിക്കൂറുകളുടെ അകലം മാത്രം അവശേഷിക്കെ രാജ്യം ഇന്നലെ ഉറ്റുനോക്കിയത് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഉസ്താദിന്റെ വാക്കുകളിലേക്ക്. മലയാളക്കരയാകെ കാന്തപുരം എന്ന നാലക്ഷരത്തിലേക്ക് ചുരുങ്ങിയ ദിവസം കൂടിയായിരുന്നു ഇന്നലെ.
അടുത്ത പ്രഭാതത്തിൽ നിമിഷപ്രിയ ജീവിച്ചിരിക്കുമോയെന്നത് തന്നെയായിരുന്നു പ്രധാന ചോദ്യം. ആർക്കും ഒന്നും തീർത്തു പറയാൻ കഴിയാത്ത അവസ്ഥ. കാന്തപുരത്തിന്റെ അഭ്യർഥന പ്രകാരം യമൻ പണ്ഡിതൻ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിലെ പുരോഗതി അറിയാൻ വാർത്താമാധ്യമങ്ങൾ നിരന്തരം മർകസുമായി ബന്ധപ്പെട്ടു. രണ്ട് ദിവസമായി നടക്കുന്ന ചർച്ചയിലെ പ്രതീക്ഷയും ആശ്വാസവും മർകസ് അധികൃതർ പങ്കുവെച്ചു. അവസാനം ആ വാർത്ത വന്നു. നിമിഷപ്രിയയുടെ വധ ശിക്ഷ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നീട്ടി.
പ്രാർഥനകൾ ഫലം കാണുന്നു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ട്. ഇതിനു വേണ്ടി പ്രവർത്തിച്ച, പ്രാർഥിച്ച എല്ലാവർക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെ- ഉച്ചക്ക് രണ്ടിന് കാന്തപുരം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് വായിച്ച് മലയാളമൊന്നാകെ നെടുവീർപ്പിട്ടു.
2017 മുതൽ യമനിലെ സൻആ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്ന വിവരം അറിഞ്ഞത് മുതൽ അവരെ രക്ഷപ്പെടുത്തണമെന്ന വികാരം കേരളത്തിലൊന്നാകെ പ്രകടമായെങ്കിലും വഴികൾ എളുപ്പമായിരുന്നില്ല. ഇന്ത്യക്ക് എംബസി പോലുമില്ലാത്ത രാജ്യവുമായി നയതന്ത്ര തലത്തിലുള്ള നീക്കങ്ങൾക്ക് കേന്ദ്ര സർക്കാറിന് പരിമിതകളേറെ. കൂടാതെ, ഒരു കൊലപാതക കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് കഴിഞ്ഞാൽ ശരീഅത്ത് നിയമ പ്രകാരം പിന്നീട് പ്രതിക്ക് മാപ്പ് നൽകേണ്ടത് ഇരയുടെ രക്തബന്ധത്തിൽ പെട്ടവരുടെ സൗകര്യമാണ്. സർക്കാറിനോ കോടതിക്കോ ഇക്കാര്യത്തിൽ ഇടപെടാൻ കഴിയില്ല. ഇപ്രകാരം ദിയാധനം സ്വീകരിച്ച് നിമിഷപ്രിയക്ക് മാപ്പ് നൽകേണ്ടത് കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബമാണെന്നിരിക്കെ അവരെ അനുനയിപ്പിക്കുകയെന്നത് മാത്രമായിരുന്നു പോംവഴി. എന്നാൽ, തലാലിന്റെ വധവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ജന്മനാടായ ഉത്തര യമനിലെ ദമറിൽ ശക്തമായ ജനകീയ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ അവരോട് സംസാരിക്കാനോ ഏതെങ്കിലും രീതിയിലുള്ള ചർച്ചകൾക്കോ അവസരമുണ്ടായില്ല.
ഈ ഘട്ടത്തിൽ നിമിഷ പ്രിയയെ കൊലക്ക് വിട്ടുകൊടുക്കേണ്ടി വരുമെന്ന ചിന്ത നെഞ്ചിടിപ്പോടെ കേരളം പങ്കുവെക്കുന്നതിനിടക്കാണ് കാന്തപുരത്തിന്റെ അപ്രതീക്ഷിത ഇടപെടലുണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കൃത്യം 72 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ദൗത്യം വിജയം കണ്ടത്. കാന്തപുരത്തിന്റെ അഭ്യർഥന മാനിച്ച് ശൈഖ് ഹബീബ് ഉമറിന്റെ നിർദേശപ്രകാരം സഹോദര പുത്രൻ ഹബീബ് അബ്ദുർറഹ്്മാൻ അലി മശ്ഹൂർ കൊല്ലപ്പെട്ട തലാലിന്റെ സ്വദേശത്ത് ക്യാമ്പ് ചെയ്താണ് ചർച്ചക്ക് നേതൃത്വം നൽകിയത്. നിമിഷപ്രിയക്ക് മാപ്പ് നൽകുന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്കിടയിലും നാട്ടുകാർക്കിടയിലും വ്യത്യസ്ത അഭിപ്രായമാണ് ഉണ്ടായിരുന്നത്. ആദ്യഘട്ട ചർച്ചയിൽ തലാലിന്റെ സഹോദരൻ പങ്കെടുത്ത് സമവായത്തിന് തയ്യാറായെങ്കിലും അടുത്ത ബന്ധുക്കളിൽ പലരും അനുനയത്തിലേക്കെത്തിയില്ല. തിങ്കളാഴ്ച രാത്രി വൈകുവോളം നടന്ന ചർച്ച പൂർണമായില്ല. എങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നു.
കുടുംബം സമവായത്തിന് തയ്യാറായാൽ നിയമസംവിധാനങ്ങളെ കൂട്ടിയിണക്കുന്നതിലും ഹബീബ് അബ്ദുർറഹ്്മാൻ അലി മശ്ഹൂറിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രദ്ധിച്ചു. ഈ കാര്യത്തിൽ ക്രിമിനൽ കോടതി ജഡ്ജിയെ കൂടി ഉൾപ്പെടുത്തിയുള്ള ചർച്ചയും നടന്നു.
അതേസമയം, ദിയാധനം വാങ്ങാമെന്ന ധാരണയിലേക്ക് ഇന്നലെ വൈകി കുടുംബം എത്തിയിട്ടുണ്ടെന്നാണ് വിവരം. ഈ ശ്രമം വിജയിച്ചാൽ നിമിഷപ്രിയക്ക് ഉടൻ തന്നെ ജയിൽ മോചനവും സാധ്യമാകും. എന്നാൽ, ദിയാധനം വാങ്ങി നിമിഷപ്രിയയെ മോചിപ്പിക്കുന്നതിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സുഹൃത്തുക്കളും മറ്റും സമൂഹ മാധ്യമങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കുന്ന ഒറ്റപ്പെട്ട സാഹചര്യം ഇപ്പോഴും യമനിൽ നിലനിൽക്കുന്നുണ്ട്.