From the print
എസ് എം എഫ് തിരഞ്ഞെടുപ്പ് ഹരജി തള്ളി
എസ് എം എഫ് പുനഃസംഘടനാ മാന്വല്‍ അട്ടിമറിച്ച് ഒരു വിഭാഗം മഹല്ല് ഫെഡറേഷന്‍ പിടിച്ചെടുക്കാന്‍ നീക്കം നടന്നിരുന്നു.

മലപ്പുറം | ഇ കെ വിഭാഗം മഹല്ലുകളുടെ കൂട്ടായ്മയായ സുന്നി മഹല്ല് ഫെഡറേഷന്‍ (എസ് എം എഫ്) പുനഃസംഘടനയുമായി ബന്ധപ്പെട്ട സംസ്ഥാന തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ഇഞ്ചക്്ഷന്‍ ഹരജി പരപ്പനങ്ങാടി മുന്‍സിഫ് കോടതി തള്ളി. ഇന്ന് സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് പുതിയ കമ്മിറ്റി തിരഞ്ഞെടുക്കാനിരിക്കെ സംസ്ഥാന കമ്മിറ്റിയെയും ജനറല്‍ സെക്രട്ടറി യു ശാഫി ഹാജിയെയും റിട്ടേണിംഗ് ഓഫീസറായി നിയമിതനായ എം ടി അബ്ദുല്ല മുസ്്ലിയാരെയും പ്രതി ചേര്‍ത്ത് തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും വ്യക്തികള്‍ ചേര്‍ന്ന് നല്‍കിയ ഇഞ്ചക്ഷന്‍ ഹരജിയാണ് പരപ്പനങ്ങാടി മുന്‍സിഫ് കോടതി ഇന്നലെ തള്ളിയത്.
എസ് എം എഫിന് വേണ്ടി അഡ്വ. എം കെ മൂസക്കുട്ടി തിരൂര്‍, അഡ്വ. ആരിഫ് താനൂര്‍ ഹാജരായി. ഇതേത്തുടര്‍ന്ന് ജില്ലകളില്‍ നിന്ന് മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പുതിയ കൗണ്‍സില്‍ ഇന്ന് രാവിലെ പത്തിന് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്്ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ചേരും. വാര്‍ഷിക പ്രവര്‍ത്തന റിപോര്‍ട്ടും ഫിനാന്‍സ് റിപോര്‍ട്ടും അവതരിപ്പിച്ച് 2025-28 കാലയളവിലേക്കുള്ള പുതിയ സംസ്ഥാന പ്രവര്‍ത്തക സമിതിയെയും ഭാരവാഹികളെയും വിവിധ ഉപസമിതി ചെയര്‍മാന്‍, കണ്‍വീനര്‍മാരെയും തിരഞ്ഞെടുക്കും.
എസ് എം എഫ് പുനഃസംഘടനാ മാന്വല്‍ അട്ടിമറിച്ച് ഒരു വിഭാഗം മഹല്ല് ഫെഡറേഷന്‍ പിടിച്ചെടുക്കാന്‍ നീക്കം നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇ കെ വിഭാത്തിലെ ലീഗ് വിരുദ്ധർ കോടതിയെ സമീപ്പിച്ചത്. ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് തിരഞ്ഞെടുപ്പ് കോടതിയിലെത്താന്‍ ഇടയാക്കിയതെന്നാണ് വിമര്‍ശം.