Uae
അഹ്‌മദ് അൽ സാഇഗ് പുതിയ ആരോഗ്യ മന്ത്രി
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്.

അബൂദബി|യു എ ഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി അഹ്‌മദ് അൽ സാഇഗിനെ നിയമിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ അംഗീകാരത്തിന് ശേഷമാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
മുൻ മന്ത്രി അബ്ദുർറഹ്‌മാൻ അൽ ഉവൈസിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഫെഡറൽ ആരോഗ്യ സംവിധാനം വികസിപ്പിക്കുന്നതിന് അദ്ദേഹം മികച്ച സംഭാവന നൽകിയെന്നും അൽ ഉവൈസ് ദേശീയ കൗൺസിൽ കാര്യ സഹമന്ത്രിയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഹ്‌മദ് അലി അൽ സാഇഗ്
2018 സെപ്തംബറിലാണ് യു എ ഇ കാബിനറ്റിൽ സഹമന്ത്രിയായി അഹ്‌മദ് അലി അൽ സാഇഗ് എത്തുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക, വ്യാപാര കാര്യങ്ങളുടെ ചുമതലയായിരുന്നു അദ്ദേഹത്തിന് നൽകിയത്. അബൂദബി നാഷണൽ ഓയിൽ (അഡ്നോക്) കമ്പനി ബോർഡ് ഓഫ് ഡയറക്ടേഴ്‌സ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവയിൽ അംഗം, അബൂദബി ഫണ്ട് ഫോർ ഡെവലപ്മെന്റ് ബോർഡ് അംഗം, എമിറേറ്റ്‌സ് നേച്ചർ – ഡബ്ല്യു ഡബ്ല്യു എഫ് ഡെപ്യൂട്ടി ചെയർമാൻ, യു എ ഇ-യു കെ ബിസിനസ് കൗൺസിൽ സഹ ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു.
അബൂദബി ഗ്ലോബൽ മാർക്കറ്റിന്റെ ചെയർമാൻ, അൽദാർ പ്രോപ്പർട്ടീസിന്റെ സ്ഥാപക ചെയർമാൻ, മസ്ദർ സ്ഥാപക ചെയർമാൻ, ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ്, മുബാദല ഡെവലപ്മെന്റ്കമ്പനി എന്നിവയുടെ സ്ഥാപക ബോർഡ് അംഗം, ഫസ്റ്റ് ഗൾഫ് ബാങ്കിന്റെ ഡെപ്യൂട്ടി ചെയർമാൻ എന്നീ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. അമേരിക്കയിലെ ലൂയിസ് ആൻഡ് ക്ലാർക്ക് കോളേജിൽ നിന്ന് അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്.