Connect with us

Cover Story

ഏജ് ഈസ് ജസ്റ്റ് എ നമ്പർ; 80 വയസ്സുള്ള 'യുവാവി'ന്റെ കഥ

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി അത്താണിയിൽ താമസക്കാരനായ മണലിപ്പറമ്പിൽ ജോസ് വ്യത്യസ്തനാണ്. അപൂർവങ്ങളിൽ അപൂർവമായെ ഇങ്ങനെയുള്ളവരെ കാണാൻ സാധിക്കൂ.

Published

|

Last Updated

80 വയസ്സുള്ള ഒരു ‘യുവാവി’ന്റെ കഥയാണിത്. സാധാരണയിൽ 80 വയസ്സുകാരനെ നാം വിശേഷിപ്പിക്കാറുള്ളത് വൃദ്ധൻ അല്ലെങ്കിൽ വൃദ്ധ എന്നൊക്കെയാണ്. അവർ വീട്ടിൽ പരാശ്രയരായിരിക്കുന്നുണ്ടാകും. അല്ലെങ്കിൽ ശയ്യാവലംബിയായി കിടപ്പുണ്ടാകാം. ചുരുക്കം ചിലർ ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്നുണ്ടാകും. അപൂർവമായി ചിലർ പതിയെ പതിയെ പിച്ചവെച്ച് പുറത്തൊക്കെ പോകുന്നുണ്ടാകും.

എന്നാൽ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി അത്താണിയിൽ താമസക്കാരനായ മണലിപ്പറമ്പിൽ ജോസ് ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. അപൂർവങ്ങളിൽ അപൂർവമായെ ഇങ്ങനെയുള്ളവരെ കാണാൻ സാധിക്കൂ. കടൽ നിരപ്പിൽ നിന്നും 18,000 ത്തോളം അടി ഉയരത്തിലുള്ള കർദുംഗ്‌ല പാസ്സിൽ ചെന്ന് മുത്തമിട്ട് തിരിച്ചെത്തിയിരിക്കുകയാണ് ജോസേട്ടൻ. അതും സൈക്കിൾ ചവിട്ടി.
ഏതൊരു സഞ്ചാരിയും അവന്റെ ഏറെ കാലത്തെ അഭിലാഷമായി മനസ്സിലേറ്റി നടക്കുന്ന ഒരു യാത്രയാണ് ലേ ലഡാക്ക് യാത്ര. പക്ഷേ അതത്ര എളുപ്പമുള്ള കാര്യമല്ല. ആരോഗ്യ സ്ഥിതിയും വേണ്ട മുൻകരുതലുകളും കൃത്യമായി പാലിച്ചുവേണം അവിടേക്കുള്ള യാത്ര നടത്താൻ. ഇല്ലെങ്കിൽ ജീവാപായം വരെ സംഭവിച്ചേക്കാം. ഉയരും കൂടുംതോറും ഓക്‌സിജന്റെ ലഭ്യത കുറയുന്നതാണ് പ്രധാന വെല്ലുവിളി. ഓക്‌സിജന്റെ കുറവ് മൂലം വാഹനങ്ങളിൽ പോകുന്ന ചെറുപ്പക്കാർക്ക് വരെ ശ്വാസതടസ്സം നേരിടുന്ന സ്ഥലം. ഇവിടെയാണ് ജോസേട്ടന്റെ അതിസാഹസികത. 80 ാം വയസ്സിൽ സൈക്കിൾ ചവിട്ടി 17,982 അടി ഉയരത്തിലെത്തി ചരിത്രം സൃഷിടിച്ചിരിക്കുകയാണ് ജോസേട്ടൻ. “ഏജ് ഈസ് ജസ്റ്റ് എ നമ്പർ’ എന്നതാണ് ജോസേട്ടന്റെ കമന്റ്. ബൈക്ക് ആക്‌സിഡന്റിൽ പരുക്ക് പറ്റി കാൽ നഷ്ടപ്പെട്ട അശ്‌റഫിന്റെ കൂടെ യാത്ര പോകാനായിരുന്നു ജോസേട്ടന്റെ ആദ്യ ആലോചന. പക്ഷേ സമ്പത്തികം അനുവദിച്ചില്ല. ഈ വിവരം അശ്‌റഫ് തൃശൂർ ഒൺ എ സൈക്കിൾ കൂട്ടായ്മയിലെ അംഗമായ ഗോകുലിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഗോകുലും സംഘവും കാര്യങ്ങൾ കോ ഓർഡിനേറ്റ് ചെയ്തു.

വീൽസ് ഓഫ് ലൈഫ്

ജൂലൈ 15നാണ് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വീൽസ് ഓഫ് ലൈഫ് എന്ന പ്രമേയത്തിൽ ജോസേട്ടന്റെ കർദുംഗ്‌ല യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നത്. 4300 കിലോമീറ്റർ സൈക്കിൾ യാത്രയായിരുന്നു പദ്ധതി. പരിശീലനത്തിന്റെ ഭാഗമായി വയനാട് ചുരം വഴി ഗൂഡല്ലൂർ, മസിനഗുടി, ഊട്ടി, മേട്ടുപാളയം തുടങ്ങിയ സ്ഥലങ്ങൾ സഞ്ചരിച്ച് കോയന്പത്തൂർ വഴി തൃശൂരിൽ തിരിച്ചെത്തി. ഇങ്ങനെ കേരളത്തിലും തമിഴ്‌നാട്ടിലുമായി പല യാത്രകൾ നടത്തി 3000 കിലോമീറ്റർ ദൂരം പിന്നിട്ടു.

ലഡാക്കിലേക്ക്…

തൃശൂരിൽ നിന്ന് ജോസേട്ടനും ഗോകുലും ട്രെയിൻ മാർഗം ചാണ്ഡിഗഢിലേക്ക് യാത്ര തിരിച്ചു. ആഗസ്റ്റ് 13ന് രണ്ട് പേരും ചാണ്ഡിഗഢിൽ നിന്നും ലഡാക്കിലേക്കുള്ള സൈക്കിൾ യാത്ര ആരംഭിച്ചു. ആഗസ്റ്റ് 15ന് പഞ്ചാബിലായിരുന്നു. അവിടെ സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുക്കാനായത് ജോസേട്ടൻ വളരെ സന്തോഷത്തോടെ ഓർക്കുന്നു. 200 പേരടങ്ങുന്ന സൈക്കിൾ സംഘം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മുഖ്യാതിഥികളായി ക്ഷണിച്ചു. അവരോടൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തു. പിന്നീട് കാർഗിലും സന്ദർശിച്ച് ശ്രീനഗർ വഴി സോനാമർഗിലെത്തി. അതിനിടെ ശ്രീനഗറിലെത്തിയപ്പോൾ ഗോകുൽ അദ്ദേഹത്തിന്റെ ഭാര്യ ഡോ. ലേഖയേയും മകളെയും വിമാന മാർഗം അങ്ങോട്ട് എത്തിച്ചു. ഒരു ടാക്‌സി തരപ്പെടുത്തി അവർ കൂടെ പോന്നു. ഇനിയങ്ങോട്ട് ഉയരം കൂടിക്കൂടി വരികയാണ്. പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ സുരക്ഷക്ക് വേണ്ടിയായിരുന്നു അത്.

സോനാമർഗിലെ ആ രാത്രി

സോനാമർഗിലെത്തിയപ്പോൾ രാത്രിയിൽ ഓക്‌സിജന്റെ കുറവ് അനുഭവപ്പെട്ടു. ശ്വാസോച്ഛ്വാസത്തിന് പ്രയാസങ്ങൾ നേരിട്ടു. പെട്ടന്ന് ഡോക്ടർ ഓക്‌സിജൻ തന്നു. ആ രാത്രി മുഴുവൻ അങ്ങനെ കഴിച്ച് കൂട്ടി. മൂന്ന് ദിവസം കൂടി റസ്റ്റ് എടുത്തിട്ട് ആരോഗ്യ സ്ഥിതി നോക്കിയിട്ട് പോയാൽ മതിയെന്നായിരുന്നു ഡോക്ടറുടെ നിർദേശം. യാത്ര തുടരാൻ കഴിയില്ലേ എന്നാശങ്കപ്പെട്ട നിമിഷമായിരുന്നു അത്. പക്ഷേ നിർത്താൻ തയ്യാറല്ലായിരുന്നു. ലക്ഷ്യം പൂർത്തീകരിക്കുക തന്നെ ചെയ്യുമെന്ന ദൃഢനിശ്ചയത്തിൽ അഞ്ച് ദിവസത്തിന് ശേഷം വീണ്ടും സൈക്കിളെടുത്തു യാത്ര തുടർന്നു. ഒമ്പതാം തീയതി ഖർദ്ദുംഗ് ലാ എത്തണമെന്നും അവിടെ നിന്ന് 80 ാം ബർത്ത്‌ഡേ ആഘോഷിക്കണമെന്നുമായിരുന്നു ആഗ്രഹം. പക്ഷേ ശക്തമായ മഴ പെയ്തതിനാൽ ഇപ്പോൾ കേറാൻ പറ്റില്ലെന്നും മഞ്ഞ് വീഴ്ചയാണെന്നും സൈനികർ അറിയിക്കുകയയായിരുന്നു.

സ്വപ്നമുഹൂർത്തം

സെപ്തംബർ 14ാം തീയതി അവസാന ലക്ഷ്യസ്ഥലമായ കർദുംഗ്‌ലയിലേക്ക് പുറപ്പെട്ടു. 80 കാരന്റെ സൈക്കിൾ സഞ്ചാരത്തിന്റെ ചരിത്ര ദൗത്യത്തിലേക്കുള്ള യാത്ര. മനോഹരമായ പ്രകൃതിയും മേഘങ്ങൾ തഴുകിത്തലോടുന്ന ഹിമാലയവും അഭൗമസുന്ദരാനുഭവം ഒരുക്കുന്ന കാലാവസ്ഥയുമെല്ലാമായി സഞ്ചാരികളെ മാടി വിളിക്കുന്ന മാമലകളുടെ തട്ടകത്തിലേക്കുള്ള യാത്ര. പാലക്കാട്ടുകാരനായ സൈനിക ഉദ്യോഗസ്ഥൻ പി കെ ജി മേനോൻ പ്രത്യേകം തയ്യാറാക്കിയ ആംബുലൻസും ഒരു ഡോക്ടറും കൂടെയുണ്ടായിരുന്നു. ഇടക്ക് വീണ്ടും ഓക്‌സിജന്റെ കുറവ് അനുഭവപ്പെട്ടു. പിന്നീട് എന്റെ സൈക്കിളിൽ ഓക്‌സിജൻ സിലിണ്ടറും കെട്ടിവെച്ച് അതിൽ നിന്ന് ഓക്‌സിജനെടുത്തായിരുന്നു യാത്ര. അങ്ങനെ ആ ചിരകാലാഭിലാഷം അവിടെ പൂവണിഞ്ഞു. ഞങ്ങൾ കർദുംഗ്‌ലയിലെത്തി.
ഈ പ്രായത്തിലെ അതിസാഹസികതയെ കുറിച്ച് ചോദിക്കുമ്പോൾ ജോസേട്ടന് ഒന്നേ പറയാനുള്ളൂ. പുതിയ കാലത്തെ യുവാക്കൾക്ക് പ്രചോദനമാകുന്നതിന് വേണ്ടിയാണിതെല്ലാം ചെയ്യുന്നത്. ലഹരി ഉപയോഗം വർജിക്കുകയും ജീവിത ശൈലി ചിട്ടപ്പെടുത്തുകയും ചെയ്താൽ എന്നെന്നും ആരോഗ്യവാനായി ജീവിക്കാമെന്ന പാഠമാണ് ജോസേട്ടൻ നൽകുന്നത്. ഒപ്പം ആത്മധൈര്യത്തിന്റെയും ദൃഢനിശ്ചയിത്തിന്റെയും കരുത്ത് കാണിക്കുക കൂടിയായിരുന്നു.

.

സബ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest