Kerala
കെ പി സി സി മുന്‍ സെക്രട്ടറിക്കെതിരായ നടപടി; കെ എസ് യു വില്‍ കൂട്ടരാജി
ചിറയിന്‍കീഴ് നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളാണ് രാജിവെച്ചത്.

തിരുവനന്തപുരം | കെ പി സി സി മുന്‍ സെക്രട്ടറി എം എ ലത്തീഫിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കെ എസ് യുവില്‍ കൂട്ടരാജി. ചിറയിന്‍കീഴ് നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളാണ് രാജിവെച്ചത്. ബി ജെ പിക്ക് അനുകൂലമായി നിരന്തരം പ്രസ്താവനകള്‍ നടത്തുന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്ന് ലത്തീഫിനെതിരെ അന്യായ നടപടി സ്വീകരിച്ചിരിക്കുകയാണെന്നാണ് ഭാരവാഹികളുടെ ആക്ഷേപം.
നിയോജക മണ്ഡലം പ്രസിഡന്റ് അനീസ് റഹ്മാന്‍, വൈസ് പ്രസിഡന്റ് മിഥുന്‍, ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ്, ഭരത് കൃഷ്ണ, സെക്രട്ടറിമാരായ ആദര്‍ശ്, അന്‍ഷാദ് എന്നിവരാണ് രാജിവെച്ച് പ്രതിഷേധ പ്രസ്താവന പുറത്തിറക്കിയത്. നാല് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസിനും പോഷക സംഘടനകള്‍ക്കുമായി രാപ്പകലില്ലാതെ ശക്തമായ പ്രവര്‍ത്തിച്ചയാളാണ് ലത്തീഫെന്ന് ഇവര്‍ പറയുന്നു. കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് അദ്ദേഹത്തെ പുറത്താക്കിയത്. കെ എസ് യു നിയോജക മണ്ഡലം കമ്മിറ്റിക്ക് പ്രവര്‍ത്തിക്കാന്‍ എല്ലാ സഹായവും സംരക്ഷണവും നല്‍കിയത് എം എ ലത്തീഫാണെന്നും രാജിവെച്ചവര്‍ വ്യക്തമാക്കി.