Kerala
കലഞ്ഞൂരില്‍ യുവാവിനുനേരെ ആസിഡ് ആക്രമണം; ഒരാള്‍ അറസ്റ്റില്‍
കൊടുമണ്‍ ഐക്കാട് തെറ്റി മുരുപ്പെല്‍ വീട്ടില്‍ ലിതിന്‍ലാല്‍ (35) ആണ് പിടിയിലായത്.

പത്തനംതിട്ട | യുവാവിനുനേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമണ്‍ ഐക്കാട് തെറ്റി മുരുപ്പെല്‍ വീട്ടില്‍ ലിതിന്‍ലാല്‍ (35) ആണ് പിടിയിലായത്. കലഞ്ഞൂര്‍ കെ എസ് ഇ ബി ഓഫീസിനു സമീപം പ്ലംബിങ് ആന്‍ഡ് ഇലക്ട്രിക്കല്‍ സ്ഥാപനം നടത്തിവരുന്ന ഡിപ്പോ ജങ്ഷന്‍ അനു ഭവനം വീട്ടില്‍ വി അനൂപ് കുമാറിനു നേരെ 17ന് രാത്രി 8.15ഓടെയാണ് ആക്രമണമുണ്ടായത്.
ഒന്നര വര്‍ഷം മുമ്പ് അനൂപിന്റെ കടയുടെ തൊട്ടുമുന്നിലായി ലിതിന്‍ ലാലിന്റെ ഭാര്യ ഒരു ബേക്കറി നടത്തിവന്നിരുന്നതായും, ഇരുവരുമായി അനൂപിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും മൊഴിയില്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ അനൂപിന്റെ സ്ഥാപനത്തിലെത്തി ലിതിന്‍ വഴക്കുണ്ടാക്കുകയും, ഉപദ്രവിക്കുകയും ചെയ്തതായും മൊഴിയിലുണ്ട്. ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനൂപ് കുമാറിനു മേല്‍ ലിതിന്‍ലാല്‍ മറ്റൊരാളെക്കൊണ്ട് ആസിഡ് ഒഴിപ്പിക്കുകയായിരുന്നു.
പ്രതിക്കായി അന്വേഷണം നടന്നുവരികയാണ്. കൂടല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീര്‍, എസ് ഐ. ആര്‍ അനില്‍ കുമാര്‍, എസ് സി പി ഒമാരായ സജികുമാര്‍, സുനില്‍ കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.